ADVERTISEMENT

ആദ്യത്തെ ലൈംഗിക അനുഭവം തന്നെ മാനഭംഗമെന്നു വെളിപ്പെടുത്തി അമേരിക്കയിലെ ഭൂരിപക്ഷം സ്ത്രീകളും. മൂന്നു ദശലക്ഷത്തിലധികം സ്ത്രീകളാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 18 നും 44 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ നടത്തിയ ഒരു സര്‍വേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ആദ്യത്തെ ലൈംഗിക അനുഭവം കൗമാരത്തിലാണെന്ന വെളിപ്പെടുത്തലും സ്ത്രീകള്‍ നടത്തിയിട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരം ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവരില്‍ കാണാത്ത അനേകം ആരോഗ്യപ്രശ്നങ്ങള്‍ മാനഭംഗം ചെയ്യപ്പെട്ട സ്ത്രീകളില്‍ പിന്നീട് കണ്ടെത്തിയിട്ടുണ്ട്. ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങളും മാനസികാഘാതങ്ങളുമാണ് ഇവര്‍ നേരിടുന്നത്.

സര്‍വേയില്‍ പ്രായപൂര്‍ത്തിയായ സ്ത്രീകളെ മാത്രമാണ് ഉള്‍പ്പെടുത്തിയത്. അതും 44 വരെ പ്രായമുള്ളവരെ മാത്രം. എല്ലാ സ്ത്രീകളെയും ഉള്‍പ്പെടുത്തി സര്‍വേ നടത്തിയാല്‍ മാനഭംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് വലിയൊരു മഞ്ഞുമലയുടെ ഒരു ഭാഗം മാത്രമാണെന്നും പറയുന്നു സര്‍വേയ്ക്കു നേതൃത്വം നല്‍കിയ ഡോ. ലോറ ഹോക്സ്. കേംബ്രിഡ്ജ് ഹെല്‍ത്ത് അലയന്‍സിലെ ഗവേഷകയാണ് ഡോ.ലോറ.

സര്‍വേ നടത്തിയത് മീ ടൂ പ്രസ്ഥാനം പ്രചാരത്തിലാകുന്നതിനും മുമ്പാണ്. അതുകൊണ്ടുതന്നെ കുറച്ചു സ്ത്രീകളെങ്കിലും തങ്ങളുടെ ദുരനുഭവങ്ങള്‍ സ്വാഭാവികമായും മറച്ചുവച്ചിട്ടുണ്ടെന്നും അനുമാനിക്കണം. വര്‍ഷങ്ങളായി മാനസികമായി അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകള്‍ക്ക് തങ്ങളുടെ അനുഭവങ്ങള്‍ തുറന്നുപറയാനും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുമുള്ള ധൈര്യം കൊടുത്തത് മീ ടൂവാണ്. ഏതാനും വര്‍ഷം മുമ്പു പോലും നിശബ്ദരായി എല്ലാം സഹിച്ചിരുന്ന സ്ത്രീകള്‍ മൗനത്തിന്റെ പുറന്തോട് പൊട്ടിച്ചു പുറത്തുവരികയും അനുഭവങ്ങള്‍ തുറന്നുപറയുകയും ചെയ്തത് ലോകത്തിനു തന്നെ പുതിയൊരു അനുഭവമായിരുന്നു. അതുയര്‍ത്തിയ അനുരണനങ്ങള്‍ ഇന്നും എല്ലാ മേഖലകളിലും പ്രകടം.

പ്രധാനമായും ആദ്യത്തെ ലൈംഗിക അനുഭവത്തെക്കുറിച്ചായിരുന്നു സര്‍വേയില്‍ ചോദിച്ചിരുന്നത്. ഏതു പ്രായത്തില്‍? സ്വന്തം ഇഷ്ടപ്രകാരമായിരുന്നോ? അമേരിക്കയുടെ ദേശീയതലത്തില്‍ മാനഭംഗത്തിന്റെ പ്രാധാന്യം കണ്ടെത്തുകയായിരുന്നു സര്‍വേയുടെ ലക്ഷ്യങ്ങളിലൊന്ന്. പ്രതികരിച്ചവരില്‍ 6.5 ശതമാനം പേര്‍- 3.3 ദശലക്ഷം- തങ്ങളുടെ ആദ്യത്തെ ലൈംഗികാനുഭവം മാനഭംഗമാണെന്നു തുറന്നുസമ്മതിച്ചു. 15-ാം വയസ്സിലാണ് മിക്കവരും ലൈംഗികമായി ആക്രമിക്കപ്പെട്ടത്. ആക്രമിച്ച വ്യക്തിയുടെ ശരാശരി പ്രായം 27 വയസ്സ്. ഇതു സൂചിപ്പിക്കുന്നത് അധികാരത്തിന്റെയും ശാരീരിക ശക്തിയുടെയും ആധിപത്യം കൂടിയാണ്. 26 ശതമാനത്തില്‍ അധികം പേരും പറഞ്ഞത് ശാരീരികമായി ഭീഷണിപ്പെടുത്തിയതിനുശേഷമാണ് അവര്‍ മാനഭംഗം ചെയ്യപ്പെട്ടതെന്നാണ്. 46 ശതമാനം പേര്‍ പറഞ്ഞത് ആദ്യത്തെ അനുഭവം അവരെ ശാരീരികമായി തളര്‍ത്തിയെന്നും. നിരന്തരമായി പ്രേരണചെലുത്തിയാണ് ലൈംഗിക ബന്ധത്തിലേക്ക് നയിച്ചതെന്നാണ്  56 ശതമാനം പേരുടെയും അനുഭവം. ലൈംഗിക ബന്ധത്തിനു സമ്മതിച്ചില്ലെങ്കില്‍ ഇരുവരും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞിരുന്നതായി 16 ശതമാനം പേര്‍ പറയുന്നു. ഇതിന്റെ അര്‍ഥം ഇഷ്ടപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടവരില്‍പ്പോലും ഭീഷണിയും ശക്തിയും പ്രയോഗിച്ചിട്ടുണ്ടെന്നാണ്.

സമ്മതമില്ലാത്തതോ ഇഷ്ടമില്ലാത്തതോ ആയ ഏതു ലൈംഗികബന്ധവും മാനഭംഗത്തിന്റെ നിര്‍വചനത്തില്‍വരുമെന്നാണ് ഡോ.ലോറ ഹോക്സ് പറയുന്നത്. പ്രേരണയിലൂടെയോ നിര്‍ബന്ധത്തിലൂടെയോ ഭീഷണിയിലൂടെയോ ലൈംഗികബന്ധത്തിനു വിധേയരാകേണ്ടിവന്നവരും മാനഭംഗത്തിനു വിധേയരായവാരാണ്. വൈകാരികമായും വാക്കുകളിലൂടെയും നടത്തുന്ന പീഡനവും സ്ത്രീകളില്‍ ദുരിതഫലങ്ങള്‍ ഉണര്‍ത്താറുണ്ട്. ശാരീരിക പീഡനം പോലെതന്നെയാണ് വാക്കുകള്‍കൊണ്ടുനടത്തുന്ന പീഡനവും. വാക്കുകളാല്‍ പീഡിപ്പിക്കപ്പെടുന്നവര്‍ കൂടുതല്‍ അപമാനിതരും ഒറ്റപ്പെട്ടവരുമായി കണപ്പെടുന്നുണ്ടെന്നും ചില ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ലൈംഗികാക്രമണത്തില്‍ പലപ്പോഴും സംഭവിക്കുന്നത് അധികാര അസന്തുലിതാവസ്ഥയാണ്. പീഡനത്തെത്തുടര്‍ന്ന് ചിലര്‍ക്ക് ആഗ്രഹമില്ലാത്ത ഗര്‍ഭം സഹിക്കേണ്ടിവരുന്നു. മറ്റുചിലരില്‍ എന്‍ഡോമെട്രിയോസിസ് ഉള്‍പ്പെടെയുള്ള രോഗങ്ങളും കാണപ്പെടുന്നു. പീഡനം നേരിടേണ്ടിവന്ന സ്ത്രീകള്‍ക്ക് ഏതു ജോലിയില്‍ ഏര്‍പ്പെടുമ്പോഴും കൂടുതല്‍ സമയം വേണ്ടിവരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഏകാഗ്രത നഷ്ടപ്പെടുന്നതാണ് ഇവരുടെ പ്രശ്നം. ശ്രദ്ധയും ഇത്തരക്കാര്‍ക്കു കുറവായിരിക്കും. ഓരോ ആഴ്ചയും ദിവസവും പുതുതായി മാനഭംഗം ചെയ്യപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. സ്വാഭാവികമായും അടിയന്തര സ്വഭാവത്തോടെ ഈ പ്രശ്നത്തെ നേരിടണമെന്നും ഡോ.ലോറ ഹോക്സ് പറയുന്നു. 

മാനഭംഗത്തിനു വിധേയരാകുന്നവരെ ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ക്കും ബോധവത്കരണം വേണം. തീര്‍ത്തും സ്വകാര്യമായ കാര്യങ്ങള്‍ ചോദിക്കുകയും മനസ്സിലാക്കുകയും ചെയ്തശേഷമായിരിക്കും ചികില്‍ നടത്തേണ്ടത്. ഇത്തരം സാഹചര്യങ്ങളില്‍ ഇരയുടെ മാനസികവാസ്ഥയെ മുറിവേല്‍പിക്കാതിരിക്കാന്‍ അതീവശ്രദ്ധ തന്നെ വേണമെന്ന് ഡോ.ലോറ ഹോക്സ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com