sections
MORE

വിവാദ സെൽഫികൾ പോസ്റ്റ് ചെയ്ത മോഡലിന്റെ മരണം; സഹോദരന് ജീവപര്യന്തം

Qandeel Baloch
ക്വണ്ഡീല്‍ ബലോച്ച്
SHARE

യാഥാസ്ഥിതിക സമൂഹത്തെ വിളറി പിടിപ്പിച്ച വിവാദ സെല്‍ഫികളിലൂടെ കുപ്രസിദ്ധയായ പാക്കിസ്ഥാനി വനിതാ മോഡല്‍ ഖ്വണ്ഡീല്‍ ബലോച്ചിന്റെ ദുരഭിമാന കൊലപാതകത്തില്‍ സഹോദരന് ജീവപര്യന്തം തടവ്. പാക്കിസ്ഥാനിലെ യാഥാസ്ഥിതിക സമൂഹത്തിനു നിരക്കാത്തതെന്ന് ആരോപിക്കപ്പെട്ട ചിത്രങ്ങളിലൂടെയും സമൂഹമാധ്യമപോസ്റ്റുകളിലൂടെയുമാണ് ബലോച്ച് പ്രശസ്തയായത്. വിവിധ മേഖലകളില്‍നിന്ന് കടുത്ത എതിര്‍പ്പുയര്‍ന്നെങ്കിലും നിലപാടുകളില്‍ ഉറച്ചുനിന്ന 26 വയസ്സുകാരിയായ ബലോച്ചിനെ മൂന്നുവര്‍ഷം മുമ്പ് 2016 ജൂലൈയില്‍ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് അറസ്റ്റിലായത് സ്വന്തം സഹോദരന്‍ മൊഹമ്മദ് വസീം. ഇപ്പോള്‍ ജീവപര്യന്തം തടവു ലഭിച്ചിരിക്കുന്നതും വസീമിനു തന്നെ. 

ബലോച്ചിന്റെ സെല്‍ഫികള്‍ പ്രശസ്തമായതിനു പിന്നലെ നടന്ന അവരുടെ കൊലപാതവും രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. സഹോദരിയെ കൊന്നതു താനാണെന്നും തന്റെ പ്രവൃത്തിയില്‍ പശ്ചാത്തപിക്കുന്നില്ലെന്നും വസീം നേരത്തെ വെളിപ്പെടുത്തിയിരുന്നു. അസഹനീയമായിരുന്നു സഹോദരിയുടെ പെരുമാറ്റമെന്നും അതിനുള്ള ശിക്ഷയായിട്ടാണ് കൊലനടത്തിയതെന്നുമായിരുന്നു വസീമിന്റെ വാദം. പാക്കിസ്ഥാനിലെ കിഴക്കന്‍ നഗരമായ മുള്‍ട്ടാനിലെ കോടതിയാണ് വസീമിനെ ജീവപര്യന്തം ശിക്ഷ വിധിച്ചതെന്നറിയിച്ച അഭിഭാഷകന്‍ ഹൈക്കോടതിയില്‍നിന്ന് പ്രതിക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയിലുമാണ്. 

ബലോച്ചിന്റെ മരണത്തിനു തൊട്ടുമുമ്പുള്ള മാസങ്ങളില്‍ നടന്ന വിവാദങ്ങളില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ ഒരു മുസ്ലിം  മതപണ്ഡിതന്‍ ഉള്‍പ്പെടെ അഞ്ചുപേരെക്കൂടി പ്രതികളാക്കിയിരുന്നെങ്കിലും അവരെ കോടതി വിട്ടയച്ചു. ബലോച്ചിന്റെ മറ്റൊരു സഹോദരനും പ്രതിപ്പട്ടികയിലൂണ്ടായിരുന്നെങ്കിലും അദ്ദേഹവും ശിക്ഷ കിട്ടാതെ രക്ഷപ്പെട്ടു. തന്റെ മകന്‍ വസീമിനെ കോടതി വിട്ടയയ്ക്കുമെന്ന് ബലോച്ചിന്റെ മാതാവ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. 

ദുരഭിമാനക്കൊല എന്നാണ് ബലോച്ചിന്റെ കൊലപാതകത്തെ രാജ്യാന്തര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. പുരുഷ അധികാരത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ ഒരു സ്ത്രീയെ ഇരയാക്കി കൊലപ്പെടുത്തിയതുകൊണ്ടാണ് ബലോച്ചിന്റെ കൊലപാതകവും ദുരഭിമാനക്കൊലയായി വിലയിരുത്തപ്പെട്ടത്. കൊലപാതത്തിനു മൂന്നു മാസത്തിനുശേഷം ദുരഭിമാനക്കൊലപാതകങ്ങള്‍ക്ക് ജീവപര്യന്തം തടവ് ഏര്‍പ്പെടുത്തി കോടതി നിയമം ഭേദഗതി ചെയ്തിരുന്നു. എങ്കിലും ദുരഭിമാനക്കൊലയാണോ അല്ലയോ എന്നു തീരുമാനിക്കാനുള്ള അധികാരം ജഡ്ജിമാരില്‍ നിക്ഷിപ്തമാണ്. 

ബലോച്ചിന്റെ കൊലപാതകത്തില്‍ പ്രതിയായ വസീമിനെ ശിക്ഷയില്‍നിന്ന് ഒഴിവാക്കരുതെന്നായിരുന്നു തുടക്കത്തില്‍ മാതാപിതാക്കളുടെ നിലപാട്. മകനെയും നഷ്ടപ്പെടുമെന്ന ഭീതിയില്‍ പിന്നീട് അവര്‍ നിലപാട് മാറ്റുകയായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA