sections
MORE

ജോലിക്കു പോകാന്‍ മടിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നുവെന്ന് പഠനം

484270604
SHARE

ജീവിതസാഹചര്യങ്ങളില്‍ പുതിയ കാലത്തു സംഭവിച്ചിരിക്കുന്ന മാറ്റങ്ങള്‍ ഏറെ ഗുണപ്രദമെങ്കിലും അവ സ്ത്രീകളെ ജോലി ചെയ്യുന്നതില്‍നിന്നു പിന്നോട്ടുവലിക്കുന്നതായി വ്യക്തമാക്കുന്ന പഠനങ്ങളും പുറത്ത്. ഒരു കാലത്ത് സ്വപ്നം കാണാന്‍പോലും കഴിയാതിരുന്ന മാറ്റങ്ങളും പുതുമകളുമാണ് ഇന്നു ലോകത്ത്. മിക്ക കുടുംബങ്ങളിലെയും വീടുകളിലെയും സാഹചര്യവും മാറി. മധ്യവര്‍ഗ കുടുംബങ്ങള്‍ പോലും ആഗ്രഹത്തിനൊത്ത് എന്തും നേടാവുന്ന സമ്പദ് സമൃദ്ധി നേടിക്കഴിഞ്ഞിരിക്കുന്നു. മികച്ച ശമ്പളം, അത്യാവശ്യ സമ്പാദ്യം, ആഡംബര സൗകര്യങ്ങള്‍ എന്നിവയെല്ലാം ജീവിതം സ്വപ്നസമാനമാക്കിയിരിക്കുന്നു. പക്ഷേ, ഇതിനൊപ്പം തന്നെ ജോലിക്കു പോകാന്‍ മടി കാണിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുകയാണത്രേ.

വീടും ഓഫിസും ഒരുമിച്ചു മാനേജ് ചെയ്യാന്‍ കഴിയാത്തതാണ് പല സ്ത്രീകളും ഇന്നു നേരിടുന്ന പ്രധാന പ്രശ്നമെന്നാണ് പഠനം വ്യക്തമാക്കുന്നത്. പക്ഷേ, പഴയ കാലത്തെ സ്ത്രീകള്‍ ഇത്തരം പ്രതിസന്ധികളെ ധീരതയോടെ നേരിട്ടവരാണ്. കുട്ടികളെ നോക്കാനുള്ള ഡേ കെയർ സംവിധാനങ്ങള്‍ പോലും വ്യാപകമല്ലാതിരുന്ന കാലത്തും സ്ത്രീകള്‍ ജോലിക്കു പോയിട്ടുണ്ട്. ഇന്ന് എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും സ്ട്രെസ് മറികടക്കാനാകാതെ വീട്ടില്‍തന്നെ ഒതുങ്ങിക്കൂടുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നു.

ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് മുമ്പെന്നത്തേക്കാളും കൂടുതലാണ്. പക്ഷേ, വിവാഹിതരായ സ്ത്രീകളാണ് വീട്ടിലിരിക്കാന്‍ താല്‍പര്യപ്പെടുന്നത്. ഒരുകാലത്ത് സ്ത്രീകള്‍ കൂടി പുറത്തു ജോലിക്കു പോയിരുന്നില്ലെങ്കില്‍ കുടുംബം മുന്നോട്ടുകൊണ്ടുപോകാനുള്ള ഗതിയില്ലാത്ത അവസ്ഥയുണ്ടായിരുന്നു. ഇന്നാകട്ടെ, കുടുംബത്തില്‍ ആവശ്യത്തിനു വരുമാനമുള്ളതുകൊണ്ട് ജോലിക്കു പോകേണ്ടെന്ന് ചില സ്ത്രീകളെങ്കിലും ചിന്തിക്കുന്നു. സാമ്പത്തിക അഭിവൃദ്ധി കൊണ്ടുവന്ന മാറ്റാമാണിത്.

വിവാഹിതയായി, ഒരു കുട്ടിയുണ്ടായതിനുശേഷം ജോലി രാജി വയ്ക്കുന്ന സ്ത്രീകളുമുണ്ട്. നിലവിലുള്ള ജോലി രാജി വച്ചാല്‍തന്നെ പിന്നീട് വേറെ ജോലി കിട്ടുമെന്ന ആശ്വാസത്തിലാണ് പലരും ഇതു ചെയ്യുന്നതെങ്കിലും പിന്നീട് ജോലിക്കുപോകാന്‍ ചിലരെങ്കിലും തയ്യാറാകുന്നില്ല. വീട്ടുകാര്യങ്ങളുമായി ഒതുങ്ങിക്കൂടുന്ന സ്ത്രീകള്‍ക്കും ഇന്ന് ഒട്ടേറെ അവസരങ്ങളുണ്ട്. സ്കൂളില്‍ പിടിഎ യോഗങ്ങള്‍ക്കു പോകാം. സിനിമയോ സംഗീതമോ ആസ്വദിക്കാം. ഇഷ്ടപ്പെട്ടരീതിയില്‍ ഒഴിവുവേളകള്‍ ചെലവഴിക്കാം. സമൂഹത്തിലെ ഏറ്റവും പുതിയ മാറ്റങ്ങളുമായി വേഗം പരിചയപ്പെടാം. ഇവയെല്ലാം ജോലി ചെയ്യുകയും വീട്ടുകാര്യം കഷ്ടപ്പെട്ടു നോക്കുകയും ചെയ്യുന്നവര്‍ക്ക് വേഗത്തില്‍ ആര്‍ജിക്കാന്‍ കഴിയാത്ത ഗുണങ്ങളാണ്.

ജോലിക്കു പോകുന്ന സ്ത്രീകളായിരുന്നു ഒരുകാലത്ത് ഫാഷനെങ്കില്‍ പുതിയ കാലത്ത് ജോലിയുണ്ടായിട്ടും വേണ്ടന്നുവച്ച് വീട്ടിലിരിക്കുന്ന സ്ത്രീകളാണ് ഫാഷന്‍. മികച്ച ജീവിതം അത്തരക്കാരുടേതാണെന്നാണ് അവര്‍ വാദിക്കുന്നതും തെളിയിക്കുന്നതും. പക്ഷേ, നോട്ടുനിരോധനം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളും വര്‍ധിപ്പിച്ച നികുതികളും കുടുംബങ്ങളുടെ ഭാരം ഇരട്ടിയാക്കിയിട്ടുണ്ട്. കുട്ടികള്‍ വലുതാകുന്നതോടെ അവരുടെ ചെലവുകള്‍ വര്‍ധിക്കുകയാണ്. ക്രമമായി കൂടിക്കൊണ്ടിരുന്ന സമ്പത്തിന് ഒരു ഘട്ടത്തില്‍ ഇടിവു സംഭവിക്കുന്നതോടെ പെട്ടെന്നൊരു പ്രതിസന്ധിയിലേക്ക് കുടുംബങ്ങള്‍ വഴുതിവീഴുന്നു. അപ്പോഴായായിരിക്കും സ്ത്രീകള്‍ കൂടി ജോലി ചെയ്യാതിരുന്നതിന്റെ പരിണതഫലങ്ങള്‍ പല കുടുംബങ്ങളും തിരിച്ചറിയുന്നത്. പണത്തിനുള്ള ആവശ്യം നിരന്തരമായി കൂടുക്കൊണ്ടിരിക്കുന്നതിനാല്‍ ഏതുകാലത്തും സ്ത്രീകളും പുരുഷന്‍മാരും ജോലി ചെയ്യുന്നതുതന്നെയായിരിക്കും കുടുംബ ഭദ്രതയ്ക്കു നല്ലത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
FROM ONMANORAMA