ADVERTISEMENT

പ്രഭാത ഭക്ഷണത്തിൽ മുടി കണ്ടതിനെത്തുടർന്ന് ഭർത്താവ് ഭാര്യയുടെ തലമൊട്ടയടിച്ചു. ബംഗ്ലാദേശിലാണ് സംഭവം. 35കാരനായ ബാബു മൊണ്ടൽ എന്നയാളാണ് ബലം പ്രയോഗിച്ച് ഭാര്യയുടെ തലമൊട്ടയടിച്ചത്. ബംഗ്ലാദേശിലെ ജൊയ്പുർഹട്ട് എന്ന സ്ഥലത്ത് നടത്തിയ റെയ്ഡിലാണ് ബാബു മൊണ്ടൽ അറസ്റ്റിലായത്.

 

പ്രദേശവാസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തി ലാണ് പൊലീസ് ബാബു മൊണ്ടലിനെ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് ലോക്കൽ പൊലീസ് ചീഫ് ഷഹ്റിയർ ഖാൻ പറയുന്നതിങ്ങനെ :-

 

'' പ്രഭാത ഭക്ഷണത്തിനായി ഭാര്യ പാകം ചെയ്ത പാൽക്കഞ്ഞിയിൽ മുടി കിടക്കുന്നതുകണ്ട് കലിമൂത്ത ബാബു മൊണ്ടൽ ഭാര്യയെ ശകാരിക്കുകയും ബ്ലേഡ് ഉപയോഗിച്ച് ബലമായി ഭാര്യയുടെ തല മൊട്ടയടിക്കുകയുമായിരുന്നു. 14 വർഷം ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ബാബു മൊണ്ടലിന്റെ പേരിൽ ചുമത്തിയിരിക്കുന്നത്. 23 കാരിയായ ഭാര്യയെ കൈയേറ്റം ചെയ്തതിനുള്ള ശിക്ഷയും അയാൾക്കു ലഭിക്കും''

 

nusrat-jahan-rafi-01
നുസ്രത് ജഹാൻ റാഫി

സ്ത്രീകൾക്കെതിരെ അക്രമങ്ങളിവിടെ വർധിച്ചു വരുകയാണെന്നും ഈ വർഷം ആദ്യ ആറുമാസത്തിനുള്ളിൽ ദിവസവും 3 മാനഭംഗങ്ങൾ വീതമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെന്നും ആക്റ്റിവിസ്റ്റുകൾ പറയുന്നു. ജനുവരി മുതൽ ജൂൺവരെയുള്ള കാലഘട്ടങ്ങളിൽ ഏകദേശം 630 ഓളം സ്ത്രീകൾ മാനഭംഗത്തിനു വിധേയരായിയെന്നും 37 സ്ത്രീകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ചൂഷണത്തിനു വിധേയരായ ഏഴു സ്ത്രീകൾ സ്വയം ജീവൻ ബലികഴിച്ചുവെന്നുമാണ് ഒരു പ്രാദേശിക സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

 

105 മാനഭംഗ ശ്രമങ്ങൾ, മരണം വരെ പോരാടി നുസ്രത്

 

പ്രധാനാധ്യാപകനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെൺകുട്ടിയെ സഹപാഠികൾ തീ വച്ചുകൊന്ന വാർത്തയിലൂടെയാണ് നുസ്രത് ജഹാൻ റാഫി എന്ന പെൺകുട്ടി മാധ്യമങ്ങളിൽ നിറഞ്ഞത്. കൊല്ലപ്പെടുമ്പോൾ അവൾക്ക് പ്രായം 19 വയസ്സ്. പക്ഷേ മരണം വരെ തനിക്ക് നീതി കിട്ടാനായി അവൾ പോരാടി. 80 ശതമാനം പൊള്ളലേറ്റ താൻ മരണത്തെ അതിജീവിക്കില്ലെന്ന ഉറപ്പായപ്പോൾ അവൾ സഹോദരന്റെ ഫോണിൽ തന്റെ മരണമൊഴി രേഖപ്പെടുത്തി. 'എന്നെ പ്രധാന അധ്യാപകൻ ഓഫിസ് മുറിയിൽ വിളിച്ചു വരുത്തി ദേഹത്ത് പലവട്ടം സ്പർശിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. മരണം വരെ അനീതിയോട് ഞാൻ പോരാടും' 

 

നീതിക്കു വേണ്ടി പോരാടി ഏപ്രിൽ 10 ന് അവൾ മരണത്തിന് കീഴടങ്ങി. തന്റെ ഘാതകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ധീരമായി പോരാടിയ ശേഷമായിരുന്നു അവൾ മരണത്തിന്റെ ലോകത്തേക്ക് നടന്നു നീങ്ങിയത്.സംഭവം നടന്നു മണിക്കൂറുകൾക്കുളളിൽ കൃത്യത്തിൽ ഉൾപ്പെട്ട 15 പേരെയും അറസ്റ്റ് ചെയ്തു. സംഭവത്തിനു കാരണക്കാരനായ പ്രധാന അധ്യാപകനു മേൽ കൊലക്കുറ്റമടക്കമുളള വകുപ്പുകൾ ചുമത്തി. ഒരു പ്രതി പോലും രക്ഷപ്പെടില്ലെന്നു പ്രധാനമന്ത്രി ഷെയ്ഖ് ഹസിന നേരിട്ടെത്തി മാതാപിതാക്കൾക്കു ഉറപ്പു നൽകി. 

 

നുസ്രത്തിന്റെ മരണത്തിലേക്കു നയിച്ച സംഭവമിങ്ങനെ 

 

മാർച്ച് 27–നാണ് ബംഗ്ലദേശിന്റെ ഹൃദയം പിളർത്തിയ സംഭവങ്ങളുടെ ആരംഭം. ധാക്കയിൽനിന്നു 160 കിലോമീറ്റർ അകലെ ഫെനി എന്ന കൊച്ചുഗ്രാമത്തിൽ നിന്നുളള പെൺകുട്ടിയായിരുന്നു നസ്രത്ത്.ഫെനിയിലുളള മദ്രസയിൽ പഠിച്ചിരുന്ന നസ്രത്തിനെ മാർച്ച് 27–ാം തീയതി പ്രധാന അധ്യാപകൻ മൗലാന സിറാജുദ്ദൗള ഓഫിസ് മുറിയിൽ വിളിച്ചു വരുത്തി. ലൈംഗികമായ ചേഷ്ഠകളോടെ  പലവട്ടം ശരീരത്തിൽ സ്പർശിച്ചപ്പോൾ ശക്തമായി എതിർത്തു. ശാരീരിക ഉപദ്രവം അതിരുവിട്ടതോടെ ഓഫിസ് മുറിയിൽ നിന്ന് ഇറങ്ങി ഓടി.

 

ലൈംഗിക പരാതി പുറത്തു പറഞ്ഞാൽ മോശക്കാരിയും കുറ്റവാളിയുമായി ചിത്രീകരിക്കപ്പെടുമെന്ന വിചാരത്താൽ സംഭവം മൂടിവയ്ക്കാൻ നസ്രത്ത് തയാറായില്ല. മാതാപിതാക്കൾക്കൊപ്പം സമീപത്തുളള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ പരിഹാസപൂർവമാണ് പൊലീസ് ഉദ്യോഗസ്ഥൻ പരാതി കേട്ടത്.താൻ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന പരാതിയുമായി ചെന്ന നസ്രത്തിനെ സ്റ്റേഷനിൽ അപമാനിക്കുകയും ലൈംഗിക പരാതി വിഡിയോയിൽ ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. 

 

പലതവണ അവളെ മുറിപ്പെടുത്തുന്ന ചോദ്യങ്ങൾ ഉണ്ടായി. ദൃശ്യങ്ങൾ ചിത്രീകരിക്കപ്പെട്ടു. മുഖത്തുനിന്നു അവളുടെ കൈകൾ മാറ്റാനും സൗന്ദര്യമുളള മുഖം പ്രദർശിപ്പിക്കാനും പൊലീസുകാര്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിഷേധമിരമ്പി,അവളുടെ പരാതി ചിത്രീകരിച്ചു പുറത്തുവിട്ട പൊലീസ് ഓഫിസറെ തൽസ്ഥാനത്തുനിന്നു നീക്കി. 

 

ലൈംഗിക അതിക്രമങ്ങളിൽ ലജ്ജിക്കേണ്ടതു പെൺകുട്ടിയല്ലെന്നും അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഇരകൾക്കു ധൈര്യം കൊടുക്കുകയാണു വേണ്ടതെന്നും ചർച്ചകൾ ഉണ്ടായി.

തെരുവുകളിൽ നസ്രത്തിനു നീതി ലഭിക്കാൻ പതിനായിരങ്ങളാണു പ്രതിഷേധ പ്രകടനവുമായി ദിനംതോറും ഒത്തുകൂടിയത്. പ്രതിഷേധത്തെ തുടർന്ന്  മൗലാന സിറാജുദ്ദൗളയെ പൊലീസ് അറസ്റ്റ് ചെയ്തു.  പ്രധാന അധ്യാപകനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും രണ്ടു വിദ്യാർഥികളുടെയും നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. സംഭവം വൻ വിവാദമായതോടെ നസ്രത്തിനെതിരെ കുടുംബത്തിലും എതിർശബ്ദങ്ങൾ ഉയരാൻ തുടങ്ങി.

 

ചതിയിലൂടെ കൊലപ്പെടുത്തിയതിങ്ങനെ

 

ഏപ്രിൽ 6ന് പരീക്ഷയെഴുതാനായി നസ്രത്ത് തിരിച്ചെത്തി. സുഹൃത്തിനെ മുതിർന്ന വിദ്യാർഥികൾ ടെറസിൽ ക്രൂരമായി മർദ്ദിക്കുന്നുവെന്നു സഹപാഠി പറഞ്ഞതനുസരിച്ചാണ് നസ്രത്ത് കെട്ടിട്ടത്തിന്റെ ടെറസിലെത്തിയത്. അതൊരു ചതിയായിരുന്നു. മുഖം മറച്ച ഒരു കൂട്ടം വിദ്യാർഥികൾ അവളെ വളഞ്ഞു. അധ്യാപകനെതിരെയുളള പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടു.

 

വഴങ്ങാതെ വന്നപ്പോൾ കയ്യിൽ കരുതിയിരുന്ന മണ്ണൈണ്ണ അവളുടെ ദേഹം മുഴുവൻ ചൊരിഞ്ഞു തീ കൊളുത്തി. ആത്മഹത്യയെന്നു ചിത്രീകരിക്കാനായിരുന്നു ശ്രമം. സംഭവിച്ച കാര്യങ്ങൾ അക്കമിട്ടു പറഞ്ഞു സഹോദരന്റെ മൊബൈലിൽ നസ്രത്ത് മരണമൊഴി രേഖപ്പെടുത്തിയതോടെ പ്രതികൾ ഒരോരുത്തരായി പിടിയിലായി. ഏപ്രിൽ 10ന് നസ്രത്ത് മരണത്തിനു കീഴടങ്ങി. 

 

ഏപ്രിൽ 17ന് മുഖ്യപ്രതി അബ്‌ദൂർ റഹിം താനും തന്റെ സുഹൃത്തുക്കളായ 11 പേരും ചേർന്നാണു നസ്രത്തിനെ കൊലപ്പെടുത്തിയതെന്ന് കോടതിയിൽ കുറ്റസമ്മതം നടത്തി. ഏപ്രിൽ നാലാം തീയതി നസ്രത്തിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ റഹിമും സുഹൃത്തുക്കളും യോഗം ചേർന്നതായും ഗൂഢാലോചന നടത്തിയതായും വെളിപ്പെട്ടു. പ്രതികൾ പിടിയിലായെങ്കിലും നസ്രത്തിനു നീതി ലഭിക്കണമെന്ന് ആവശ്യം ഉന്നയിച്ചു പതിനായിരങ്ങളാണ് തെരുവിൽ ഇറങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com