ADVERTISEMENT

മുംബൈയില്‍ മെട്രോ മൂന്നാം ഘട്ടത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കാര്‍ ഷെഡ് നിര്‍മാണത്തിനുവേണ്ടി ആരെ കോളനിയിലെ മരങ്ങള്‍ മുറിക്കുന്നതിനെതിരെ രംഗത്തുവന്നവരില്‍ ബോളിവുഡ് താരങ്ങളുമുണ്ടായിരുന്നു. ദിയ മിര്‍സയും റിച്ച ഛദ്ദയും മരങ്ങള്‍ മുറിക്കുന്നതിനെ ശക്തമായി എതിര്‍ക്കുകയും മെട്രോ റെയില്‍ കോര്‍പറേഷന്റെ നടപടിയെ അപലപിക്കുകയും ചെയ്തിരുന്നു. പ്രകൃതി സ്നേഹത്തിന്റെ പേരില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും സമൂഹമാധ്യമ ഉപയോക്താക്കളില്‍നിന്നും രണ്ടു നടിമാര്‍ക്കും ലഭിച്ചത് പരിഹാസം.

പ്രകൃതിക്കു വേണ്ടി വാദിക്കുകയും മാംസഭക്ഷണം കഴിക്കുകയും ചെയ്യുന്നതിനെയാണ് ചിലര്‍ ശക്തമായി വിമര്‍ശിക്കുകയും അതിന്റെ പേരില്‍ നടിമാരെ പരിഹസിക്കുകയും ചെയ്തത്. പക്ഷേ, വെജിറ്റേറിയന്‍ ഭക്ഷണരീതിയാണ് രണ്ടു നടിമാരും പിന്തുടരുന്നത്. അതറിയാതെയും മനസ്സിലാക്കാതെയുമായിരുന്നു പരിഹാസവും പ്രതിഷേധവും. തങ്ങള്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും കാര്യമറിയാതെ പ്രതിഷേധിക്കുന്നതില്‍ കാര്യമില്ലെന്നും പറഞ്ഞുകൊണ്ട് നടിമാര്‍ മറുപടിയെഴുതുകയും ചെയ്തു. 

പ്രകൃതിസ്നേഹം കൊള്ളാം. പക്ഷേ, ദയവുചെയ്ത് കപടനാട്യം നിര്‍ത്തൂ. മരങ്ങള്‍ക്കുവേണ്ടിയുള്ള നിങ്ങളുടെ ട്വീറ്റുകള്‍ക്കു മറുപടിയായി വന്ന കമന്റുകള്‍ നോക്കൂ. നിങ്ങള്‍ക്കു നാണം തോന്നുന്നില്ലേ. പ്രകൃതിക്കുവേണ്ടി കണ്ണീരൊഴുക്കുന്നതിനുപകരം ആദ്യം വെജിറ്റേറിയന്‍ ആകാന്‍ ശ്രമിക്കൂ.  മൃഗങ്ങളും മറ്റു ജീവജാലങ്ങളും പ്രകൃതിയുടെ ഭാഗം തന്നെയാണ്. അവയെ തിന്നരുത്... ഇങ്ങനെയാണ് നടിമാരെ ആക്രമിച്ചുകൊണ്ട് ഒരാള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്. 

Richa Chaddha

ഞാന്‍ വെജിറ്റാറിയനാണെന്ന് അറിയില്ലെങ്കില്‍ അറിഞ്ഞുകൊള്ളൂ എന്നായിരുന്നു ഇതിനു റിച്ചയുടെ മറുപടി. ഞങ്ങള്‍ക്ക് ഒരോരുത്തര്‍ക്കും ഞങ്ങളുടെതായ ആഹാരരീതികളുണ്ട്. സ്വന്തം ഇഷ്ടപ്രകാരമാണ് ഞങ്ങള്‍ സസ്യഭക്ഷണം പിന്തുടരുന്നതും- റിച്ച വിശദീകരിച്ചു. ആക്രമിക്കുന്നതൊക്കെ നല്ലതുതന്നെ. ഞങ്ങളെ വീണ്ടും ആക്രമിച്ചോളൂ. പക്ഷേ, അതിനുമുമ്പ് സത്യം എന്താണെന്നു മനസ്സിലാക്കണമെന്നു മാത്രം- റിച്ച തന്റെ വിമര്‍ശകരെ ഓര്‍മിപ്പിച്ചു. ദിയ മിര്‍സയും തന്നെ വിമര്‍ശിച്ചവരെ ശാന്തമായി കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കുന്ന മട്ടില്‍ മറുപടി എഴുതി.

"വിമര്‍ശനത്തില്‍ എനിക്ക് അദ്ഭുതം തോന്നുന്നു. നിങ്ങള്‍ക്ക് എങ്ങനെ അറിയാം ഞാന്‍ വെജിറ്റേറിയന്‍ അല്ലെന്ന്. സ്വന്തമായി നിഗമനങ്ങളില്‍ ചെന്നുചാടുകയാണോ ചെയ്യുന്നത്. എന്റെ സത്യം എനിക്കറിയാം. നിങ്ങളുടെ വിമര്‍ശനം എന്നെ ഒട്ടുതന്നെ ബാധിക്കുന്നുമില്ല"- ദിയ വിശദീകരിച്ചു.

മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത് സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിലാണ് ആരെ കോളനി. 25,000ല്‍ അധികം മരങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. മെട്രോ നിര്‍മാണത്തിനുവേണ്ടിയാണ് ഇവ മുറിച്ചത്. ഇതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തുവന്നങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ല. ഒടുവില്‍ മരം മുറിക്കാന്‍ തുടങ്ങിയതോടെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കോടതി ഹര്‍ജി തള്ളിയതോടെ മെട്രോ റെയില്‍ കോര്‍പറേഷന്‍ മരം മുറിക്കുന്നതു തുടര്‍ന്നു. എതിര്‍ത്ത പ്രതിഷധക്കാരെ അറസ്റ്റ് ചെയ്യുകയും പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തതിനുശേഷമായിരുന്നു വനനശീകരണം. ഒടുവില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. മരങ്ങള്‍ മുറിക്കുന്നതു തടഞ്ഞുകൊണ്ട് സുപ്രീം കോടതി ഇടപെട്ടപ്പോഴേക്കും ഭൂരിഭാഗം മരങ്ങളും മുറിച്ചുകഴിഞ്ഞിരുന്നു.

റിച്ചയ്ക്കും ദിയയ്ക്കും പുറമെ മാധുരി ദീക്ഷിത് ഉള്‍പ്പെടെ ഒട്ടേറെ ബോളിവുഡ് താരങ്ങള്‍ ആരെ കോളനി മരം മുറിക്കെതിരെ രംഗത്തുവന്നിരുന്നു. മുംബൈയില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് ഇനി കുറച്ചു കാടുകളും മരങ്ങളും മാത്രമേ ബാക്കിയുള്ളൂ എന്നും അവയും നശിപ്പിക്കുന്നത് പ്രകൃതിയോട് ചെയ്യുന്ന കുറ്റകൃത്യമാണെന്നും താരങ്ങള്‍ അഭിപ്രായപ്പെട്ടു. ചലച്ചിത്രകാരന്‍ കരണ്‍ ജോഹര്‍ വ്യാപക മരംമുറിയെ കൂട്ടക്കൊലയെന്നാണ് വിശേഷിപ്പിച്ചത്. ജനങ്ങള്‍ എതിരായിട്ടുപോലും മരം മുറിക്കുന്നതു തുടര്‍ന്ന നടപടി അങ്ങേയറ്റം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com