ADVERTISEMENT

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ എഡിഷന്‍ തുടങ്ങാന്‍ 5 മാസം കൂടിയുണ്ടെങ്കിലും സജീവമായ ഒരുക്കങ്ങളിലാണ് ഫ്രാഞ്ചൈസികള്‍.  പുതിയ കോച്ചിനെയും മാനേജരെയും നിയമിച്ചും സപ്പോര്‍ട്ട് സ്റ്റാഫിനെ നിയമിച്ചുമെല്ലാം നഷ്ടപ്രതാപം വീണ്ടെടുക്കാനും പുതിയ വിജയചരിത്രം എഴുതാനുമുള്ള ഒരുക്കങ്ങള്‍. മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്്റ്റന്‍ അനില്‍ കുംബ്ലെയെ ഡയറക്ടറായി നിയമിച്ചുകൊണ്ട് കിങ്സ് ഇലവന്‍ പഞ്ചാബ് പുതിയ സീസണു തുടക്കമിടുമ്പോള്‍ വിരാട് കോലിയുടെ സാന്നിധ്യംകൊണ്ടു പ്രശസ്തമായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും മാറ്റങ്ങളുടെ പാതയിലാണ്. ഇതില്‍ ഏറ്റവും പ്രധാനം ഐപിഎല്‍ ചരിത്രത്തിലാദ്യമായി ഒരു വനിതയെ സപ്പോര്‍ട്ട് സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയതുതന്നെ. 

 

ഇതുവരെ മറ്റൊരു ടീമും വനിതകളെ സപ്പോര്‍ട്ട് സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ റോയല്‍ ചലഞ്ചേഴ്സിന്റെ നീക്കം പെട്ടെന്നുതന്നെ വാര്‍ത്തകള്‍ സൃഷ്ടിച്ചിരിക്കുകയുമാണ്. സ്പോര്‍ട് മസാജ് തെറാപിസ്റ്റ് എന്ന പോസ്റ്റില്‍ നവനീത ഗൗതം എന്ന വനിതയെയാണ് റോയല്‍ ചലഞ്ചേഴ്സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഇവാന്‍ സ്പീച്ച്ലി എന്ന സ്ഥാപനത്തില്‍ ഹെഡ് ഫിസിയോതെറാപിസ്റ്റ് എന്ന പദവിയില്‍ ജോലി ചെയ്യുകയാണ് നിലവില്‍ നവനീത. ടീമിന്റെ മൊത്തം വ്യായാമ കാര്യങ്ങളുടെ ചുമതലയ്ക്കൊപ്പം ഓരോ ടീമംഗത്തെയും വ്യക്തിപരമായി നരീക്ഷിച്ചും പരിശോധിച്ചും അവര്‍ക്കു വേണ്ട മസാജിങ് നല്‍കുകയാണ് നവനീതയുടെ ജോലി. 

ശരിയായ ദിശയിലുള്ള നീക്കമാണിത്. ചരിത്രത്തിന്റെ ഭാഗമാകുന്ന തീരുമാനവും- നവനീതയെ സപ്പോര്‍ട്ട് സ്റ്റാഫില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെക്കുറിച്ച് റോയല്‍ ചലഞ്ചേഴ്സ് ചെയര്‍മാന്‍ സഞ്ജീവ് ചുരിവാല പറഞ്ഞു. 

 

കാലം മാറിയിരിക്കുന്നു. ഇപ്പോള്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങള്‍ കാണാനും ഒട്ടേറെ ആളുകളുണ്ട്. വനിതാ ടീമും പ്രശസ്തമായിരിക്കുന്നു.  മറ്റു ടീമുകള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫില്‍ ഇനി വനിതകളെ ഉള്‍പ്പെടുത്തേണ്ടിയും വരും- അദ്ദേഹം പറഞ്ഞു. എല്ലാ മേഖലകളിലുമെന്നപോലെ കായികരംഗത്തും വനിതാ മുന്നേറ്റത്തിന്റെ കാലമാണിത്. ലിംഗസമത്വം ക്രിക്കറ്റില്‍ ഉള്‍പ്പെടെ വന്നുകൊണ്ടിരിക്കുന്നു. ഇതു കൂടി കണക്കിലെടുത്താണ് ഒരു വനിതയെ ടീമിന്റെ ഭാഗമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. നവനീത ഗൗതം പ്രതിഭയുള്ള വ്യക്തിയാണെന്നും അവരുടെ അനുഭവപരിചയം ടീമിനു മുതല്‍ക്കൂട്ടാകുമെന്നുമാണ് റോയല്‍ ചലഞ്ചേഴ്സിന്റെ പ്രതീക്ഷ. 

English Summary : RCB becomes the first IPL franchise to appoint a woman in the support staff

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com