sections
MORE

വാളയർ സംഭവങ്ങൾ ആവർത്തിക്കപ്പെടുമോ?; ഇവർ ഭയപ്പെടുന്നു

SHARE

പാലക്കാട് ജില്ലയില്‍ വാളയാറിലെ അട്ടപ്പള്ളത്ത് ദലിത് സഹോദരിമാര്‍ പീഡനത്തിനിരയായി മരിച്ച കേസും പ്രതികളെ വിട്ടയച്ച പോക്സോ കോടതി നടപടിയും കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ചെങ്കിലും സമാന സംഭവങ്ങള്‍ ഇനിയുമാവര്‍ത്തിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനികില്ലെന്നു സൂചിപ്പിക്കുന്നു പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍നിന്നുള്ള സ്ഥിതി വിവര കണക്കുകള്‍. 

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അക്രമം തടയാനുള്ള പോക്സോ നിയമം നിലവില്‍ വന്നതിനുശേഷം ഏറ്റവും കൂടുതല്‍ ബാലപീഡനക്കേസുകള്‍ റജിസ്റ്റര്‍ ചെയ്ത കേരളത്തിലെ ഗ്രാമപഞ്ചായത്താണ് പുതുശ്ശേരി. 68 കേസുകളാണ് ഇവിടെ റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ എട്ടുപേര്‍ക്കുമാത്രമാണ് ഇതുവരെ ശിക്ഷ ലഭിച്ചിട്ടുള്ളത്. കുറ്റവാളികള്‍ ബഹുഭൂരിപക്ഷവും സ്വതന്ത്രരായി നടക്കുന്നു എന്നതിന്റെ അര്‍ഥം അതിജീവിച്ചവര്‍ ഇപ്പോഴും ഭയത്തോടെ ജീവിക്കുന്നു എന്നാണ്. ഒപ്പം ഇനിയും കുറ്റകൃത്യങ്ങള്‍ നടക്കാനുള്ള സൂചനയിലേക്കും ഇതു വിരല്‍ ചൂണ്ടുന്നു. 

പോക്സോ കേസുകളെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ സമ്പാദിക്കുകയും ബോധവത്കരണത്തി നു മുന്നിട്ടിറങ്ങുകയും ചെയ്യുന്ന ബാലമുരളിയെപ്പോലുള്ളവര്‍ പറയുന്നത് പീഡനങ്ങള്‍ക്കെതിരെ ഇനിയും സമൂഹം ഉണര്‍ന്നില്ലെങ്കില്‍ ക്രൂരകൃത്യങ്ങള്‍ വീണ്ടും അരങ്ങേറാം എന്നുതന്നെയാണ്. 

'2017-ല്‍ നിരപരാധികളും നിഷ്കളങ്കരുമായ രണ്ടു കുട്ടികളാണ് മരിച്ചത്. ഇതൊരു വലിയ സാമൂഹിക പ്രശ്നത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇനിയും നമ്മള്‍ കൃത്യമായ ലക്ഷ്യത്തോടെ മുന്നിട്ടിറങ്ങിയില്ലെങ്കില്‍ നമ്മെ കാത്തിരിക്കുന്നത് ഇരുണ്ട ഭാവിയായിരിക്കും'.- ബാലമുരളി പറയുന്നു. പീഡനക്കേസുകളിലെ ഇരകളായ 17 പേര്‍ വാളയാറില്‍ ഇപ്പോഴുണ്ടെന്നു പറയുന്നു വാളയാര്‍ പൊലീസ് സ്റ്റേഷനിലെ ശിശുക്ഷേമ ഓഫിസര്‍ ജി.ബി.ശ്യാം കുമാര്‍. 2017-ല്‍ മാത്രം 20 പോക്സോ കേസുകള്‍ ഇവിടെ റജിസ്റ്റര്‍ ചെയ്യപ്പെട്ടു. തൊട്ടടുത്ത വര്‍ഷം ഒരു കേസ് മാത്രം. ഈ വര്‍ഷം ഇതുവരെ മാത്രം രണ്ടു കേസുകളും. 

walayar-child-abuse-01

3 വര്‍ഷം മുമ്പാണ് വാളയാറില്‍ സഹോദരിമാര്‍ മരിച്ചത്. ഓല മേ‍ഞ്ഞ കൂരയിലെ മേല്‍ക്കൂരയിലെ തടിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മുത്ത പെണ്‍കുട്ടി കാണപ്പെട്ടത്. 2017 ജനുവരി 13ന് . 13 വയസ്സായിരുന്നു ആ കുട്ടിയുടെ പ്രായം. 9 വയസ്സുള്ള ഇളയകുട്ടി 52 ദിവസത്തിനുശേഷം ചേച്ചിയെ പിന്തുടര്‍ന്നു. ബലാത്സംഗം, പീഡനം, ആത്മഹത്യാപ്രേരണ എന്നിവയുടെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്തത് 5 പേരെ. പ്രത്യേക പോക്സോ കോടതിയിലെ ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി തെളിവുകളുടെ അഭാവത്തില്‍ മൂന്നു പ്രതികളെ - വി.മധു, എം.മധു. ഷിബു എന്നിവരെ ഒക്ടോബര്‍ 28ന് വിട്ടയച്ചു. സെപ്റ്റംബര്‍ 30 ന് പ്രദീപ് കുമാര്‍ എന്ന പ്രതിയെയും വിട്ടയച്ചിരുന്നു. അഞ്ചാം പ്രതിയുടെ കാര്യത്തില്‍ ഇപ്പോഴും വിധി പറഞ്ഞിട്ടില്ല. വിചാരണ പ്രായപൂര്‍ത്തിയാ കാത്തവരുടെ കോടതിയില്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. പൊലീസ് അന്വേഷണത്തിലെ വീഴ്ചയാണ് പ്രതികള്‍ പുറത്തുപോകാന്‍ കാരണമെന്നാണ് കേരള സമൂഹം വിശ്വസിക്കുന്നത്. ഇതിന്റെ പേരില്‍ കേരള സര്‍ക്കാരും പ്രതിക്കൂട്ടിലായിരിക്കുകയാണ്. 

പുതുശ്ശേരിയില്‍ കൂടുതലും ദിവസവേതനക്കാരായ തൊഴിലാളികളാണ് താമസിക്കുന്നത്. നിര്‍മാണ സ്ഥലങ്ങളിലും ഫാക്ടറികളും ഫാമുകളിലും മറ്റുമായാണ് പലരും ജോലി ചെയ്യുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍നിന്നും ബംഗാളില്‍നിന്നും ജോലി തേടിയെത്തിയ ഇതര സംസ്ഥാന തൊഴിലാളികളും ഏറെയുണ്ട്. 

മിക്ക കുടുംബങ്ങളിലും അച്ഛനും അമ്മയും രാവിലെ തന്നെ ജോലിക്കു പോകും. കുട്ടികള്‍ വീട്ടില്‍ തനിച്ചായിരിക്കും. ഇതാണ് അക്രമികള്‍ക്ക് സാഹചര്യവും സൗകര്യവും ഒരുക്കിക്കൊടുക്കുന്നതെന്നു പറയുന്നു ബാലമുരളിയെപ്പോലുള്ള സാമൂഹിക പ്രവര്‍ത്തകര്‍. മദ്യപാനമാണ് മറ്റൊരു പ്രശ്നം. മദ്യാപനം ഏറുന്നതോടെ ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ വഴക്കിട്ട് വേറിട്ടായിരിക്കും താമസിക്കുന്നത്. അമ്മ ജോലിക്കുപോകുന്നതോടെ കുട്ടികളെ സംരക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥ ഉണ്ടാകുന്നു. പീഡിപ്പിക്കപ്പെടുന്നത് ദലിത് വിഭാഗക്കാരാകുമ്പോള്‍ പൊലീസും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ തയാറാകുന്നില്ല. 

കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തതും പോക്സോ കേസുകള്‍ വര്‍ധിക്കാന്‍ കാരണമാണെന്നു പറയുന്നു വാളയാറിലെ സ്കൂളുകളില്‍ കൗണ്‍സലറായി പ്രവര്‍ത്തിക്കുന്ന സിജ ജോര്‍ജ്. പുതുശ്ശേരിയിലെ സ്കൂളുകളില്‍നിന്ന് ആറു കേസുകള്‍ സിജ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിയമപ്രക്രിയയിലെ കാലതാമസവും പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കുന്നുണ്ട്. 14 വയസ്സുള്ള ഒരു കുട്ടിയാണ് പീഡിപ്പിക്കപ്പെടുന്നതെങ്കില്‍ കേസ് കോടതിയില്‍ വരുമ്പോഴേക്കും കുട്ടിക്ക് വിവാഹപ്രായമെത്തിയിരിക്കും. നൂലാമാലകള്‍ ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ കേസ് പിന്‍വലിച്ച് വിവാഹം നടത്തും. ഇത് പ്രതികള്‍ക്ക് വീണ്ടും കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാന്‍ അവസരമൊരുക്കിക്കൊടുക്കുന്നു. 

സാംസ്കാരിക പ്രവര്‍ത്തകരും പുതുശ്ശേരിയിലേക്ക് തിരിഞ്ഞുനോക്കാറില്ലെന്നു പറയുന്നു ബാലമുരളി. ഇവിടെ ഒരു ഗ്രന്ഥശാല പോലുമില്ല. സജീവമായി പ്രവര്‍ത്തിക്കുന്ന ക്ലബുകളോ കൂട്ടായ്മകളോ ഇല്ല. 

English Summary : Will Walayar Sisters Get Justice

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
FROM ONMANORAMA