ADVERTISEMENT

ലോകനേതാക്കൾക്കിടയിൽ ശ്രദ്ധേയ വ്യക്തിത്വത്തിന് ഉടമയാണ് ന്യൂസിലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ ജസിൻഡ ആർഡേൻ . പ്രായം കുറഞ്ഞ നേതാവായതുകൊണ്ടോ സ്ത്രീ ആയതുകൊണ്ടോ അല്ല, മറിച്ച് ധീരമായ പ്രവർത്തനങ്ങളിലൂടെയും ഉൾക്കാഴ്ചയിലൂടെയും ദീർഘവീക്ഷണത്തിലൂടെയുമാണ് ജസിൻഡ ആർഡേൻ  പ്രമുഖ നേതാവ് എന്ന പദവി കയ്യാളുന്നത്. 

ന്യൂസിലൻഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും രക്തരൂക്ഷിതമായ ഭീകരാക്രമണത്തിൽ രാജ്യം തരിച്ചുനിന്നപ്പോൾ അക്രമികളോട് കർശന നിലപാട് സ്വീകരിച്ച, ഇരകളോട് ഐക്യദാർഡ്യം പ്രകടിപ്പിച്ച ജസിൻഡയെ അത്രവേഗമൊന്നും ആർക്കും മറക്കാൻ കഴിയില്ല. അക്കാലത്ത് അമേരിക്കൻ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ജസിൻഡയുടെ ധൈര്യത്തെ വാഴ്ത്തുകയും പ്രശംസിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഭരണത്തിൽ രണ്ടു വർഷം പൂർത്തിയാക്കിയ അവസരത്തിൽ അപൂർവമായ ഒരു ചാലഞ്ച് ഏറ്റെടുത്ത് വീണ്ടും ജസിൻഡ ശ്രദ്ധേയയാരിക്കുകയാണ്. അതാകട്ടെ, ഇതുവരെ ഒരു പ്രധാനമന്ത്രിയും ഒരു രാജ്യത്തും ഏറ്റെടുത്തിട്ടില്ലാത്ത വെല്ലുവിളിയും. 

രണ്ടു മിനിറ്റിൽ രണ്ടു വർഷത്തെ ഭരണനേട്ടം വിവരിക്കുക എന്നതായിരുന്നു ജസിൻഡ ഏറ്റെടുത്ത വെല്ലുവിളി. തനിക്ക് ഇങ്ങനെയൊരു വെല്ലുവിളി ഏറ്റെടുക്കേണ്ടിവന്നിരിക്കുന്നു എന്ന ആമുഖത്തോടെയാണ് വിഡിയോ ജസിൻഡ തുടങ്ങുന്നത്. ഭരണത്തിൽ 2 വർഷം തികച്ച അവസരം ഇങ്ങനെ ആഘോഷിക്കാനാണ് തന്റെ പരിപാടി എന്നും അവർ വ്യക്തമാക്കുന്നു. ജസിൻഡ പുറത്തുവിട്ട വിഡിയോ തരംഗമായി. ഇതിനോടകം 2.3 ദശലക്ഷം ആളുകൾ വിഡിയോ കണ്ടു. ഇപ്പോഴും പുതിയ ആളുകളിലേക്ക് പടർന്നുകൊണ്ടുമിരിക്കുന്നു. കാണുന്ന ഓരോരുത്തരും വിഡിയോയുടെ പേരിൽ ജസിൻഡയെ പ്രശംസിക്കാൻ മത്സരിക്കുകയാണ്. അവരുടെ ആവേശത്തെയും ചുറുചുറുക്കിനെയും അംഗീകരിക്കുന്നതിനൊപ്പം പ്രധാനമന്ത്രിയായാൽ ഇങ്ങനെ വേണം എന്നുപോലും പലരും അഭിപ്രായം രേഖപ്പെടുന്നു.

37–ാം വയസ്സിൽ ലേബർ പാർട്ടി അമരത്ത് എത്തുമ്പോൾ തന്നെ ജസിൻഡ ചരിത്രം രചിച്ചിരുന്നു. ന്യൂസിലൻഡിൽ ഒരു പ്രമുഖ ദേശീയ പാർട്ടിയെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന റെക്കോർഡാണ് അവർ നേടിയത്. പിന്നാലെ പ്രധാനമന്ത്രിയായതോടെ പുതിയ കാലത്തിന്റെ പിറവിയാണ് ന്യൂസില‍ൻഡിൽ സംഭവിച്ചത്. തന്നെ രാജ്യത്തെ നയിക്കാനായി തിര‍ഞ്ഞെടുത്ത നടപടി വെറും ഭാഗ്യം മാത്രമല്ലെന്നും പദവിക്ക് താൻ എന്തുകൊണ്ടും അർഹയാണെന്നും തെളിയിക്കുന്ന നടപടി തന്നെയാണ് ജസിൻഡയുടെ ഭാഗത്തുനിന്നുണ്ടായത്.

രണ്ടു വർഷം കൊണ്ട് തന്റെ നേതൃത്വത്തിൽ നടപ്പാക്കിയ കാര്യങ്ങൾ അവർ വിഡിയോയിൽ അക്കമിട്ട് വിവരിക്കുന്നു. ശ്വാസം വിടാൻ പോലും സമയം കളയാതെയാണ് ജസിൻഡയുടെ വിവരണം. പുസ്തകമോ പേപ്പറോ ഒന്നും റഫർ ചെയ്യാതെ നാവിൽതുമ്പിൽനിന്ന് നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറയുകയാണ്.  92,000 തൊഴിലവസര ങ്ങളാണ് 2 വർഷത്തിനിടെ ജസിൻഡയുടെ നേതൃത്വത്തിൽ സൃഷ്ടിച്ചത്. സർക്കാർ തലത്തിൽ നിർമിച്ച വീടുകളുടെ എണ്ണം 2200. കാർബൺ രഹിത ബിൽ അവതരിപ്പിച്ചു. റോഡുകളെ അപകടമുക്തമാക്കി. ജയിലുകളിലെ ജനസംഖ്യ കുറച്ചു. 140 ദശലക്ഷം വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു. 

കാൻസറിനെതിരെ പോരാട്ടം നയിക്കാൻ രോഗികളെ സഹായിക്കാനായി നടപ്പാക്കിയ വിവിധ പദ്ധതികൾ. കുറഞ്ഞ വേതനം പൂർണമായി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കിയതിനൊപ്പം മാനസിക ആരോഗ്യത്തിലും ശ്രദ്ധ ചെലുത്തി. സ്കൂളുകളിൽ കൂടുതൽ ക്ലാസ്സ് മുറികൾ നിർമിച്ചു. വിദ്യാർഥികൾക്ക് പഠനത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ചു. തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിച്ചു. ഇങ്ങനെ പോകുന്നു ജസിൻഡയുടെ നേട്ടങ്ങൾ. 

മൊത്തം  രണ്ടു മിനിറ്റ് 56 സെക്കൻഡ് മാത്രമെടുത്ത് ജെസീന്ത അവതരിപ്പിച്ച വിഡിയോ പൂർണമായി കാണാതെ തള്ളിക്കളയാൻ ഒരാൾക്കുമാവില്ല. പ്രധാന നേട്ടങ്ങളിൽ ഒന്നുപോലും വിട്ടുപോകാതെ എല്ലാ മേഖലകളെക്കുറിച്ചും വിവരിക്കുകയും ചെയ്തു. സർക്കാർ നടപ്പിലാക്കിയ ഓരോ പ്രവൃത്തിയിലും പ്രധാനമന്ത്രിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ജസിൻഡയുടെ വാക്കുകൾ. ഒരുപക്ഷേ ലോകത്തുതന്നെ ആദ്യമായിട്ടാ യിരിക്കും ഒരു പ്രധാനമന്ത്രി ഇത്തരമൊരു ചാലഞ്ച് ഏറ്റെടുത്ത് വിജയിക്കുന്നത്. 

English Summary:  New Zealand PM Jacinda Ardern Lists 2 Years Of Achievements In 2 Minutes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com