ബംഗാളി നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത് ജഹാൻ ആശുപത്രി വിട്ടു. ശ്വാസതടസ്സത്തെത്തുടർന്ന് ഞായറാഴ്ച അപ്പോളോ ഗ്ലനിഗോസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. തിങ്കളാഴ്ചയാണ് ആശുപത്രി വിട്ടത്. അമിതമായി ഉറക്കഗുളിക കഴിച്ചാണ് നുസ്രത് ജഹാൻ ആശുപത്രിയിലായതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കുടുംബത്തോടടുത്ത വൃത്തങ്ങൾ പറയുന്നു.
''അവർക്ക് ആസ്തമയുണ്ട്. ഇൻഹെയ്‌ലറും ഉപയോഗിക്കുന്നുണ്ട്. പക്ഷേ ഞായറാഴ്ച അവരുടെ ആരോഗ്യസ്ഥിതി കുറച്ചു മോശമായിരുന്നു. ഇൻഹെയ്‌ലർ ഉപയോഗിച്ചിട്ടും സ്ഥിതി മെച്ചപ്പെട്ടില്ല. ഇപ്പോൾ അവർ തികച്ചും ആരോഗ്യവതിയാണ്.'' – കുടുംബത്തോടടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോടു വിശദീകരിച്ചതിങ്ങനെ.
പക്ഷേ നുസ്രത്തിന്റെ മെഡിക്കൽ റെക്കോർഡ് പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥർ മരുന്നുകളുടെ അമിതോപയോഗത്തെക്കുറിച്ചുള്ള സൂചനയാണ് നൽകുന്നത്. ആരോഗ്യം മെച്ചപ്പെട്ടതിനെത്തുടർന്ന് തിങ്കളാഴ്ച വൈകിട്ട് നുസ്രത് ജഹാൻ ആശുപത്രി വിട്ടു.
നുസ്രത്തിന്റെ ആശുപത്രി പ്രവേശത്തെത്തുടർന്നുണ്ടായ വ്യാജവാർത്തകളെക്കുറിച്ച് കുടുംബാംഗങ്ങളോടടുത്ത വൃത്തങ്ങൾ നൽകുന്ന വിശദീകരണമിങ്ങനെ :-
''ചില വ്യാജവാർത്തകൾ പ്രചരിക്കുന്നതിനെക്കുറിച്ചൊക്കെ ഞങ്ങൾ അറിയുന്നുണ്ട്. അതൊക്കെ നേരത്തെ തന്നെ നുസ്രത്തിന്റെ കുടുംബാംഗങ്ങൾ നിഷേധിച്ചിട്ടുള്ളതുമാണ്. ഞായറാഴ്ച രാത്രി മുതൽ തന്നെ നുസ്രത്തിന്റെ ഭർത്താവ് നിഖിൽ ജെയ്ൻ ആശുപത്രിയിലുണ്ടായിരുന്നു. ഞായറാഴ്ച ദമ്പതികൾ ജെയിന്റെ പിറന്നാൾ ആഘോഷിച്ചിരുന്നു. നുസ്രത് ജഹാൻ അവരുടെ സമൂഹമാധ്യമങ്ങളിൽ ഭർത്താവിന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവച്ചിരുന്നു.
നുസ്രത് ആശുപത്രിയിലായി എന്ന വാർത്ത പരന്നപ്പോൾത്തന്നെ മയക്കു മരുന്നിന്റെയോ, ഉറക്ക ഗുളികയുടെയോ അമിതോപയോഗം മൂലമുണ്ടായ അലർജി കാരണമാണ് നുസ്രത് ചികിൽസ തേടിയത് എന്ന തരത്തിലുള്ള ആരോപണങ്ങൾ പ്രചരിച്ചിരുന്നു.
English Summary : Bengali actor and Trinamool Congress MP Nusrat Jahan Admitted To Hospital