ADVERTISEMENT

സ്കൂൾ യൂണിഫോമുമായി യാതൊരു ചേർച്ചയുമില്ലെന്ന് ആരോപിച്ച് വിദ്യാർഥിനികളുടെ ലെഗ്ഗിങ്സ് നിർബന്ധിച്ച് അഴിച്ചുമാറ്റിയെന്ന് പരാതി. പശ്ചിമ ബംഗാളിലെ ബോൽപുറിലെ ബീർബൂം ജില്ലയിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം. സ്കൂൾ അധികൃതരുടെ ഈ തീരുമാനം വ്യാപകമായ പ്രതിഷേധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. രക്ഷിതാക്കളും നാട്ടുകാരും സ്കൂൾ അധികൃതർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

അഞ്ചിനും ഒൻപതിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ ലെഗ്ഗിങ്സ് നിർബന്ധിതമായി അഴിപ്പിച്ചുവെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. സംഭവം നടന്നതിന്റെ പിറ്റേ ദിവസം രക്ഷിതാക്കളും ലോക്കൽ ഗാർഡിയൻസും സ്കൂളിൽ ഒത്തു ചേരുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അതോടെ നാട്ടുകാരും ഇവർക്കൊപ്പം കൂടി.

അഞ്ചിനും ഒൻപതിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ സ്കൂളിൽ ലെഗ്ഗിങ്സ് ധരിച്ചെത്താനുള്ള കാരണം രക്ഷിതാക്കൾ വിശദീകരിച്ചതിങ്ങനെ :- 

' കാലാവസ്ഥ മാറിയതിനാൽ നല്ല തണുപ്പാണ്. പ്രത്യേകിച്ചും രാവിലെ അതുകൊണ്ട് തണുപ്പിനെ പ്രതിരോധിക്കാനാണ് കുട്ടികൾ ലെഗ്ഗിങ്സ് ധരിച്ച് സ്കൂളിലെത്തിയത്. ഇക്കാര്യങ്ങൾ വ്യക്തമാക്കിയെങ്കിലും അത് അംഗീകരിക്കാൻ സ്കൂൾ അധികൃതർ തയാറാകുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.

സംഭവത്തെക്കുറിച്ച് രക്ഷിതാക്കളിൽ ഒരാൾ പറയുന്നതിങ്ങനെ :-

'' എന്റെ മകൾ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഞാനൊരു കാര്യം ശ്രദ്ധിക്കുന്നത്. അവൾ ലെഗ്ഗിങ്സ് ധരിച്ചിട്ടില്ല. കാരണം അന്വേഷിച്ചപ്പോൾ ടിഫിൻ ബ്രേക്കിൽ ടീച്ചർ ലെഗ്ഗിങ്സ് അഴിപ്പിച്ചുവെന്ന് അവൾ പറഞ്ഞു''.

സംഭവത്തെക്കുറിച്ച് സ്കൂൾ അധികൃതരുടെ വിശദീകരണമിങ്ങനെ :-

' സ്കൂളിലെ ഡ്രസ്കോഡ് പാലിക്കാത്ത കുട്ടികളുടെ ലെഗ്ഗിങ്സ് ആണ് അഴിപ്പിച്ചത്. സ്കൂളിൽ അഡ്മിഷനെടുക്കുന്ന സമയത്തു തന്നെ യൂണിഫോമിനെക്കുറിച്ചും, ഡ്രസ്കോഡിനെക്കുറിച്ചുമുള്ള മാർഗ്ഗനിർദേശങ്ങൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകാറുണ്ട്. 

സംഭവം വിവാദമായതോടെ  ഇക്കാര്യത്തിൽ സ്കൂൾ അധികൃതരുടെ പങ്കെന്താണെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജില്ലാ സ്കൂൾ ഇൻസ്പെക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.

English Summary : Girl students forced to take off leggings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com