ADVERTISEMENT

പുതിയൊരു ജീവിതം എന്ന മോഹന വാഗ്ദാനം നൽകിയാണ് വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ സ്ത്രീയെ അയാൾ തന്റെ ജീവിതത്തിലേക്കു ക്ഷണിച്ചത്. കൊൽക്കത്തയിലാണ് സംഭവം. കാമുകന്റെ വാക്കു വിശ്വസിച്ച് സ്വപ്ന ജീവിതം കൊതിച്ച് ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചിറങ്ങിയ യുവതിയെ പെരുവഴിയിലുപേക്ഷിച്ച് കാമുകൻ മുങ്ങി. ലക്ഷങ്ങൾ വിലമതിക്കുന്ന യുവതിയുടെ ആഭരണങ്ങൾ സ്വന്തമാക്കിയാണ് കാമുകൻ മുങ്ങിയത്.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട്, സൗഹൃദം സ്ഥാപിച്ച് പ്രണയവലയിൽ കുടുക്കിയ ശേഷമാണ് കാമുകൻ യുവതിയെ വഞ്ചിച്ച് കടന്നു കളഞ്ഞത്. ലേക്ക് ടൗൺ ഏരിയയിൽ താമസിക്കുന്ന യുവതി ഒരു പെൺകുഞ്ഞിന്റെ അമ്മ കൂടിയാണ്. തിങ്കളാഴ്ച നടന്ന സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരിക്കുന്നതിങ്ങനെ :-

'' പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് അയാൾ സമൂഹമാധ്യമങ്ങളിലൂടെ യുവതിയുമായി ചങ്ങാത്തം സ്ഥാപിച്ചത്. ആഗസ്റ്റിലാണ് ഇവർ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടത്. പരിചയം സൗഹൃദമായും പ്രണയമായും വളർന്നതോടെ ഭർത്താവിനെയും കുഞ്ഞിനെയുമുപേക്ഷിച്ച് അവർ കാമുകനോടൊപ്പം പോകാൻ തയാറാവുകയായിരുന്നു''.

കഴിഞ്ഞാഴ്ചയാണ് കൈവശമുണ്ടായിരുന്ന ആഭരണങ്ങളുമായി യുവതി ഭർതൃവീടുവിട്ടിറങ്ങിയത്. പിന്നീട് ശ്രീഭൂമി എന്ന സ്ഥലത്തുവച്ച് കാമുകനുമായി സന്ധിക്കുകയും അയാളുടെ ബൈക്കിൽ നഗരത്തിന്റെ പല ഭാഗങ്ങളായി കറങ്ങുകയുമായിരുന്നു. ആനന്ദപുർ എന്ന സ്ഥലത്തെത്തിയപ്പോൾ കാമുകൻ യുവതിയെ ചില കാര്യങ്ങൾ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. തങ്ങളുടെ പദ്ധതിയെപ്പറ്റി യുവതിയുടെ ഭർത്താവറിഞ്ഞെന്നും അയാൾ തന്റെ വീട്ടിൽ വന്നു ബഹളമുണ്ടാക്കിയെന്നും അവളോട് പറഞ്ഞ ശേഷം അവളുടെ പക്കൽ നിന്നും ആഭരണങ്ങളും മൊബൈൽ ഫോണും വാങ്ങി. സുരക്ഷിതമായ ഒരിടത്ത് അത് ഒളിച്ചുവച്ച ശേഷം മടങ്ങിവരാമെന്ന് വാക്കു പറഞ്ഞ് യുവതിയെ വഴിയിൽ നിർത്തി അയാൾ പോയി.

ആനന്ദപുർ ബസ്‌സ്റ്റാൻഡിനടുത്ത് കാത്തുനിൽക്കാൻ യുവതിയോടു നിർദേശിച്ച ശേഷമാണ് അയാൾ കടന്നു കളഞ്ഞത്. കാമുകന്റെ വാക്കു വിശ്വസിച്ച് രാത്രി 10 മണിവരെ യുവതി ബസ്‌സ്റ്റാൻഡിൽ കാത്തു നിന്നു. നൈറ്റ്പട്രോളിങ്ങിനിറങ്ങിയ ആനന്ദപുർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ യുവതിയോട് കാര്യങ്ങൾ അന്വേഷിച്ചതോടെയാണ് വഞ്ചനയുടെ കഥ പുറത്തു വന്നത്. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ യുവതിയുടെ സഹോദരിയെ വിളിച്ചുവരുത്തി യുവതിയെ വീട്ടിലേക്കയച്ചു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

പ്രതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്നും. സമൂഹമാധ്യമങ്ങളിലെ അക്കൗണ്ട് വ്യാജമാണെന്നും പൊലീസ് പറയുന്നു. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

English Summary : Woman left stranded on the street as the man decamped with jewellery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com