ADVERTISEMENT

വിശ്രമമോ ആവശ്യത്തിന് ആഹാരമോ ഇല്ലാതെ നിരന്തരമായി ജോലി ചെയ്ത ടെലിവിഷന്‍ താരം ഗെഹാന വസിഷ്ഠ് ആശുപത്രിയില്‍. അത്യാസന്ന നിലയില്‍ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗെഹാന ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. വെന്റിലേറ്ററില്‍ കഴിയുന്ന ഗെഹാനയുടെ ജീവന്‍ കൃത്രിമ ജീവന്‍ രക്ഷാ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് നിലനിര്‍ത്തിയിരിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

രക്തസമ്മര്‍ദം ക്രമാതീതമായി കുറഞ്ഞതിനെത്തുടര്‍ന്ന് 31 വയസ്സുകാരിയായ ഗെഹാനയ്ക്ക് പക്ഷാഘാതവും തുടര്‍ന്ന് ഹൃദയസ്തംഭനവും സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് മലാഡിലെ രക്ഷാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നടി മരുന്നുകളോട് പ്രതികരിക്കുന്നില്ല. സ്വന്തമായി  ശ്വസിക്കാനും ബുദ്ധിമുട്ടുന്നു. തലച്ചോറിലേക്ക് ഓക്സിജന്‍ എത്താന്‍ കൃത്രിമ ശ്വസനോപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയിലാണ് ഗെഹാന എന്നു മാത്രമേ ഇപ്പോള്‍ പറയാനാവൂ- ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 

കഴിഞ്ഞ 48 മണിക്കൂറായി കൃത്യമായി ആഹാരം കഴിക്കാതെ ഗെഹാന ജോലി ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പ്രമേഹവും വളരെ ഉയര്‍ന്ന നിലയിലാണ്. രക്തസമ്മര്‍ദം തീരെ കുറഞ്ഞ അളവിലും. പ്രമേഹത്തിനു മരുന്നു കഴിച്ചുകൊണ്ടിരുന്ന ഗെഹാന ഭക്ഷണം കഴിക്കുന്നതിനുപകരം എനര്‍ജി ഡ്രിങ്കുകള്‍ കഴിച്ചതായും പറയപ്പെടുന്നു. ഇത് രോഗാവസ്ഥ വഷളാക്കിയിട്ടുണ്ടെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. വെബ് പരമ്പരയ്ക്കുവേണ്ടിയുള്ള ഷൂട്ടിങ്ങിനിടെ വ്യാഴാഴ്ച ഉച്ചയോടെ ഗെഹാന അബോധാവസ്ഥയില്‍ വീഴുകയായിരുന്നു എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. 

പെട്ടെന്നുതന്നെ നടിയെ ആശുപത്രിയില്‍ എത്തിച്ചു. രക്തസമ്മര്‍ദം തീരെ കുറഞ്ഞ നിലയിലും പള്‍സ് ഇല്ലാതെയുമാണ് നടിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് ഡോക്ടറും ആശുപത്രി ഡയറക്ടറുമായ പ്രണവ് കബ്ര പറയുന്നു. ഇലക്ട്രിക് ഷോക് ട്രീറ്റ്മെന്റ് നല്‍കി രണ്ടു മണിക്കൂറിനു ശേഷമാണ് ഗെഹാനയുടെ പള്‍സ് പൂര്‍വസ്ഥിതിയില്‍ എത്തിച്ചതെന്നും കബ്ര പറയുന്നു. വിവിധ പരിശോധനകള്‍ നടത്തിയ ഡോക്ടര്‍മാര്‍ അവയുടെ ഫലത്തിനു വേണ്ടി കാത്തിരിക്കുകയാണ്. അതിനുശേഷം കൃത്യമായ ട്രീറ്റ്മെന്റ് പ്ലാന്‍ നിശ്ചയിച്ച് ഗെഹാനയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് തീവ്രശ്രമം. 

English Summary : Gehana Vasisth hospitalised

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com