ADVERTISEMENT

വീട്ടിൽ അതിക്രമിച്ചു കയറാനെത്തിയ മോഷ്ടാവിനെ ഒറ്റയ്ക്കു കീഴ്പ്പെടുത്തി 82 വയസ്സുകാരി. ധീരയായ മുത്തശ്ശിക്കൊപ്പം സെൽഫിയെടുത്ത് പൊലീസ് ഉദ്യോഗസ്ഥർ ട്വീറ്റ് ചെയ്തതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. ന്യൂയോർക്കിലെ റോച്ചസ്റ്ററിലാണ് സംഭവം. ബോഡിബിൽഡിങ് പുരസ്കാര ജേതാവായ വില്ലി മർഫിയുടെ വീടാണെന്ന് തിരിച്ചറിയാതെയായിരുന്നു മോഷ്ടാവിന്റെ പരാക്രമം.

ഉറങ്ങാനുള്ള തയാറെടുപ്പു നടത്തുകയായിരുന്നു വില്ലി. അപ്പോഴാണ് ആംബുലൻസ് വിളിക്കാൻ സഹായമഭ്യർഥിച്ച്ഒരാൾ വില്ലിയുടെ കതകിൽത്തട്ടിയത്. വീടിന്റെ വാതിൽ തുറക്കാതെ പൊലീസിനെ വിളിക്കുകയാണ് വില്ലി ചെയ്തത്. വാതിൽ തകർത്ത് അകത്തു കടന്ന അക്രമിയെ വില്ലി നന്നായിത്തന്നെ കൈകാര്യം ചെയ്തു.

ആദ്യം അക്രമിയെ മേശകൊണ്ടടിച്ചു വീഴ്ത്തിയ ശേഷം വില്ലി അയാളുടെ മുഖത്ത് ഷാംപൂ ഒഴിച്ചു. ശേഷം ചൂലെടുത്ത് തലങ്ങും വിലങ്ങും അടിച്ചു. പൊലീസ് സ്ഥലത്തെത്തുംവരെ മർദ്ദനം തുടർന്നു.

സംഭവത്തെക്കുറിച്ച് വില്ലി പറയുന്നതിങ്ങനെ :-

'' ഞാൻ ആ മുഷ്യനെ ആക്രമിച്ചതിനു പിന്നിൽ ഒരു കാരണമേയുള്ളൂ. എനിക്ക് മരിക്കാനുള്ള സമയമായെങ്കിൽ അവനേയും കൊണ്ടേ ഞാൻ പോകുമായിരുന്നുള്ളൂ''.

അക്രമി ആഗ്രഹിച്ചതുപോലെ ആംബുലൻസിൽത്തന്നെ യായിരുന്നു അവന്റെ മടക്കം.  ടഫ് ആസ് നെയിൽ ( “tough as nails.”) എന്ന അടിക്കുറിപ്പോടെയാണ് പൊലീസ് ധീരയായ മുത്തശ്ശിക്കൊപ്പമുള്ള സെൽഫി പങ്കുവച്ചത്. സംഭവം പുറത്തറിഞ്ഞതോടെ മുത്തശ്ശിയെ അഭിനന്ദനങ്ങൾകൊണ്ട് പൊതിയുകയാണ് വെർച്വൽ ലോകം.

'' എനിക്ക് 58 വയസ്സുണ്ട്. പ്രായമാകുമ്പോൾ എനിക്കും ഇവരെപ്പോലെ ധീരയാവണം'''. 'ഞാനവരെ സ്നേഹിക്കുന്നു. തീർച്ചയായും അവിടുത്തെ മേയർ ധീരതയ്ക്കുള്ള പുരസ്കാരം അവർക്ക് നൽകണം'. അവരുടെ ധൈര്യവും ഊർജ്ജവും തീർച്ചയായും ബഹുമാനിക്കപ്പെടേണ്ടതാണ്.' – ഇങ്ങനെ പോകുന്നു വില്ലിയുടെ ധീരതയെക്കുറിച്ചറിഞ്ഞയാളുകളുടെ പ്രതികരണങ്ങൾ.

വില്ലിമെർഫി റോച്ചെസ്റ്ററിലെ മേപ്പിൾവുഡ് വൈ എം സി എ യിൽ എല്ലാ ദിവസവും വർക്കൊട്ട് ചെയ്യാറുണ്ടെന്നും ശരീരഭാരത്തേക്കാൾ രണ്ടിരട്ടി ഭാരമുള്ള 102 കിലോ ഭാരമുയർത്തുമെന്നും ഒറ്റക്കൈകൊണ്ട് പുഷ്അപും ഒറ്റക്കൈകൊണ്ട് പുൾഅപ്പും ചെയ്യാറുണ്ടെന്നും മറ്റൊരാൾ പറയുന്നു. 2014 ൽ വേൾഡ് നാച്ചുറൽ പവർ ലിഫ്റ്റിങ് ഫെഡറേഷൻ ലിഫ്റ്റർ പുരസ്കാരം വില്ലിക്ക് ലഭിച്ചിരുന്നു.

മേപ്പിൾ വൈ എം സി എ കോർഡിനേറ്റർ മിഷേൽ ലെബൂ വില്ലിയെക്കുറിച്ച് പറയുന്നതിങ്ങനെ :-

'' പ്രായത്തെക്കുറിച്ചുള്ള എല്ലാത്തെറ്റിദ്ധാരണകളെയും അകറ്റുന്നതാണ് വെല്ലിയുടെ പ്രവർത്തികൾ. വെല്ലി മെർഫി കരുത്തയായ സുന്ദരിയായ സ്ത്രീയാണ്. മറ്റുള്ളവർക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുന്നയാളാണ്''.

തന്നെക്കുറിച്ചുള്ള വാർത്ത ഒരുപാടാളുകൾക്ക് പ്രചോദനമാകുമെന്നാണ് മെർഫിയുടെ പ്രതീക്ഷ.

English Summary :  82 Year Old Brave Woman Fights Off Intruder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com