ADVERTISEMENT

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിത്വത്തില്‍നിന്നു പിന്‍മാറി കമല ഹാരിസ്. ഡെമോക്രാറ്റിക് പ്രതിനിധികളുമായും  കുടുംബാംഗങ്ങളുമായും രണ്ടു ദിവസത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കമല പിന്‍മാറ്റം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണം ഇനിയും മുന്നോട്ടുകൊണ്ടുപോകാനുള്ള സാമ്പത്തിക പരാധീനതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇന്ത്യന്‍ വേരുകളുള്ള കമല അമേരിക്കയിലെ ഉന്നത പദവിയിലേക്കുള്ള പോരാട്ടത്തില്‍നിന്ന് പിന്നോട്ടുമാറുന്നത്. 

കമല ഹാരിസിന്റെ മാതാവ് ശ്യാമള ഗോപാലന്‍ ഇന്ത്യക്കാരിയാണ്. തമിഴ്നാട്ടില്‍ ചെന്നൈയിലെ ബ്രാഹ്മണ കുടുംബത്തില്‍നിന്നുള്ള ശ്യാമള 1960-കളില്‍ അമേരിക്കയിലേക്കു കുടിയേറുകയായിരുന്നു. കാന്‍സര്‍ ഗവേഷണ രംഗത്തെ വിദഗ്ധയാണവര്‍. പിതാവ് ഡോണള്‍ഡ് ഹാരിസ് ജമൈക്കന്‍ വംശജനും. ഡെസ് മോറിസിലെ തന്റെ താല്‍ക്കാലിക വസതിയിലേക്ക് മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ചുവരുത്തിയാണ് കമല തീരുമാനം പ്രഖ്യാപിച്ചത്.  2020 ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍ കമല രണ്ടാമതെത്തിയെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. 

കലിഫോര്‍ണിയയില്‍നിന്നുള്ള ആദ്യ ആഫ്രോ-ഇന്ത്യന്‍ സെനറ്ററായ കമല തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കില്‍ അമേരിക്കയിലെ ആദ്യത്തെ വനിത, ആഫ്രോ-ഇന്ത്യന്‍ വംശജയായ പ്രസിഡന്റ് എന്നീ വിശേഷണങ്ങൾ കമലയ്ക്കു സ്വന്തമായേനം. തീവ്രദേശീയതയിലൂന്നിയ പ്രചാരണം നയിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപില്‍നിന്ന് കമലയ്ക്ക് കടുത്ത എതിര്‍പ്പ് നേരിടേണ്ടിവന്നിരുന്നു. 

ഭര്‍ത്താവ്,  സഹോദരി മായ എന്നിവരുമായി ദീര്‍ഘമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് കമല പിന്‍മാറ്റം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സംസ്കാരത്തിന്റെ അടയാളമായാണ് അമ്മ ശ്യാമള തന്റെ രണ്ടു പെണ്‍മക്കള്‍ക്കും കമല, മായ എന്നീ പേരുകള്‍ നല്‍കിയത്. 

പ്രചാരണത്തില്‍ ആദ്യഘട്ടില്‍ മുന്നിലായിരുന്നെങ്കിലും പിന്നീട് പിന്തുണ കുറയുകയും സ്വന്തം പാര്‍ട്ടിയിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമാകുകയും ചെയ്തതോടെ മറ്റൊരു വഴിയും കമലയ്ക്കു മുന്നിലില്ലായിരുന്നു. ബറാക് ഒബാമയെപ്പോലെ വ്യത്യസ്ത ദേശീയതയുടെ വക്താവായ കമല ജനുവരിയില്‍ പ്രചാരണം തുടങ്ങിയപ്പോള്‍ ജനക്കൂട്ടത്തെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന നേതാക്കളില്‍ ഒരാളായിരുന്നു. 

‘കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഞാന്‍ ഈ തീരുമാനം മനസ്സിലിട്ടു നടക്കുകയായിരുന്നു. എല്ലാ വശങ്ങളില്‍നിന്നും ഞാന്‍ പ്രശ്നത്തെ നോക്കിക്കാണുകയും ചര്‍ച്ചചെയ്യുകയും ചെയ്തു. അവസാനം ജീവിതത്തിലെ ഏറ്റവും കടുത്ത തീരുമാനം എടുക്കേണ്ട സമയമായി എന്നെനിക്കു മനസ്സിലായി. ഇനിയും തുടരാന്‍ വേണ്ട സാമ്പത്തിക ശക്തിയില്ലെന്നു ബോധ്യമാകുകയും ചെയ്തു’ - പിന്‍മാറ്റത്തെക്കുറിച്ച് കമല വിശദീകരിച്ചു. 

പാര്‍ട്ടി പിന്തുണയുണ്ടെങ്കില്‍പ്പോലും ന്യൂനപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് അമേരിക്കയില്‍ സാധ്യത കുറവാണെന്ന ചിന്തയെ ശക്തിപ്പെടുത്തുന്നതുമാണ് കമലയുടെ തീരുമാനം. സാമ്പത്തിക പ്രതിസന്ധി മുന്‍കൂട്ടിക്കണ്ട് സെനറ്റര്‍മാരുടെ ഉള്‍പ്പെടെ നേതൃത്വത്തില്‍ ധനസമാഹരണത്തിനുള്ള മാര്‍ഗങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനിടെയാണ് അവരെ നിരാശരാക്കിക്കൊണ്ട് കമലയുടെ തീരുമാനം എത്തിയിരിക്കുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസിലെ 15 അംഗങ്ങള്‍ നേരത്തെ കമലയെ പരസ്യമായി പിന്താങ്ങിയിരുന്നു. 

English Summary : Hardest Decision Of My Life Says Kamala Harris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com