ഐഎസ് ഭീകരന് മുന്നിൽ കുഴഞ്ഞു വീണ് ലൈംഗിക അടിമ; ടെലിവിഷൻ ഷോയിൽ സംഭവിച്ചത്

Screenshot of Ashwaq Haji Hamid confronting her rapist Abu Humam on a report from Al-Iraqiya Network,
14 വയസ്സു മുതൽ തന്നെ ലൈംഗിക അടിമയാക്കി വച്ചിരുന്ന ഐഎസ് ഭീകരനോട് ചോദ്യങ്ങൾ ചോദിക്കുന്ന പെൺകുട്ടി
SHARE

അഷ്റഖ് ഹാജി ഹമീദ് അയാളുടെ മുഖത്തു നോക്കിയാണ് ചോദ്യങ്ങള്‍ ചോദിച്ചത്. അയാളാകട്ടെ തലയുയര്‍ത്തിയതേയില്ല. വിലങ്ങണിഞ്ഞ കൈകള്‍ ദേഹത്തോട് ചേര്‍ത്തുവച്ച് അയാള്‍ നിലത്തുനോക്കി നിന്നു. ഒരിക്കല്‍പ്പോലും ആ യുവതിയുടെ ഒരു ചോദ്യത്തിനും മറുപടി പറയാതെ. തല ഒരിക്കല്‍പ്പോലും ഒന്നുയര്‍ത്തുകപോലും ചെയ്യാതെ. ജയിലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ജയില്‍ അധികൃതരാണ് അപൂര്‍വമായ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. ഒരുവശത്ത് അഷ്റഖ് ഹാജി ഹമീദ് എന്ന യുവതി. മറുവശത്ത് അബു ഹമാം. ഒരിക്കല്‍ അഷ്റഖിന്റെ ഉടമയായിരുന്നു അബു ഹമാം. ഇന്നാകട്ടെ അബു ഹമാം ജയിലിലും അഷ്റഖ് സ്വതന്ത്രയും. പഴയ കണക്കുകള്‍ തന്റെ മുന്‍ യജമാനനെ ഓര്‍മിപ്പിക്കാനാണ് അഷ്റഖ് ജയിലിലെത്തി അയാളെ നേരിട്ടു കണ്ടതും ചോദ്യങ്ങള്‍ ചോദിച്ചതും. 

14-ാം വയസ്സിലാണ് അഷ്റഖ് എന്ന പെണ്‍കുട്ടി ലൈംഗിക അടിമയായി വില്‍ക്കപ്പെടുന്നത്. ഐഎസ് ഭീകരസംഘടന അംഗമായ അബു ഹാമാം ആണ് അവളെ വാങ്ങിയത്; ലൈംഗിക അടിമയാക്കി. വര്‍ഷങ്ങള്‍ക്കുശേഷം അഷ്റഖ് മോചിതയായി. അബു ഹമാം ജയിലിലുമായി. ഇപ്പോള്‍ തടവുശിക്ഷ അനുഭവിക്കുന്ന അബു ഹമാമിനെ കാണാനെത്തിയതാണ് അഷ്റഖ്. അയാളുടെ മുഖത്തു നോക്കി തനിക്ക് നേരിട്ട പീഡനങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കാനും. നാടകത്തിന്റെയോ സിനിമയുടെയോ സെറ്റിനെ ഓര്‍മിപ്പിക്കുന്ന അന്തരീക്ഷത്തില്‍ ഒട്ടും നാടകീയതയില്ലാതെയാണ് അഷ്റഖ് തന്നെ നിരന്തരം പീഡിപ്പിച്ച വ്യക്തിക്ക് നേരെ ചോദ്യങ്ങള്‍ ചോദിച്ചത് സമകാലിക ലോകത്തെ ഏറ്റവും ഞെട്ടലുളവാക്കുന്ന അനുഭവങ്ങളിലൊന്നാരിക്കുകയാണ്. 5 വര്‍ഷത്തിനുശേഷമാണ് അഷ്റഖും അബു ഹമാമും നേരിട്ടുകാണുന്നതും സംസാരിക്കുന്നതും. 

അബു ഹമാം..എന്റെ മുഖത്തേക്കു നോക്കൂ. എന്തിനാണ് നിങ്ങള്‍ എന്നോട് ക്രൂരമായി പെരുമാറിയത്. ഞാനൊരു യസീദി വനിതയായതുകൊണ്ടോ ? അഷ്റഖ് ആദ്യത്തെ ചോദ്യം അബു ഹമാമിനോടു ചോദിച്ചു. എന്റെ 14-ാം വയസ്സിലാണ് നിങ്ങള്‍ എന്നെ ബലാല്‍സംഗം ചെയ്യുന്നത്. നേരേ നോക്കൂ. നിങ്ങള്‍ക്ക് ഇപ്പോള്‍ എന്താണ് തോന്നുന്നത്. അഭിമാനം എന്നൊന്ന് നിങ്ങള്‍ക്കില്ലേ ? ജയില്‍ യൂണിഫോമില്‍ വിലങ്ങണിഞ്ഞു നില്‍ക്കുന്ന അബു ഹമാം ഒരു വാക്കുപോലും പറഞ്ഞില്ല. ഇറാഖിലെ ജയിലിലാണ് ഇപ്പോഴയാള്‍.  ജയില്‍ അധികൃതര്‍ തന്നെയാണ് പഴയ അടിമയ്ക്കും ഉടമയെ നേരില്‍ കാണാനുള്ള സൗകര്യം ഒരുക്കിക്കൊടുത്തത്. 

എനിക്കന്ന് 14-ാം വയസ്സ്. നിങ്ങളുടെ മകന്റെയോ മകളുടെയോ പ്രായം. നിങ്ങള്‍ എന്റെ ജീവിതം നശിപ്പിച്ചു. എന്റെ സ്വപ്നങ്ങള്‍ തകര്‍ത്തു. ഒരിക്കല്‍ നിങ്ങള്‍ ഉള്‍പ്പെട്ട ഐഎസ് സംഘടനയുടെ അടിമയായിരുന്നു ഞാന്‍. അതേ ഞാന്‍ ഇപ്പോള്‍ സ്വതന്ത്രയായിരിക്കുന്നു. നിങ്ങളാകട്ടെ തടവിലും. തടവിലാക്കപ്പെടുക എന്നാല്‍ എന്താണെന്ന് ഇനിയെങ്കിലും നിങ്ങള്‍ അറിയും. ഏകാന്തവാസത്തിന്റെയും പീഡനത്തിന്റെയും അര്‍ഥവും നിങ്ങള്‍ അറിയാന്‍ പോകുന്നതേയുള്ളൂ. നിങ്ങള്‍ക്ക് അല്‍പമെങ്കിലും നാണമുണ്ടായിരുന്നെങ്കില്‍ സ്വന്തം മകളുടെ പ്രായം പോലും ഇല്ലാത്ത എന്നോട് ക്രൂരത കാണിക്കുമായിരുന്നോ ?

ചോദ്യങ്ങള്‍ ഇത്രയുമായപ്പോഴേക്കും അഷ്റക് നിലത്തേക്ക് കുഴഞ്ഞുവീണു. ഐഎസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടതിനുശേഷം ഇതാദ്യമായല്ല അഷ്റഖ് അബു ഹമാമിനെ നേരിടുന്നത്. ഭീകര സംഘടനയുടെ പിടിയില്‍നിന്ന് ജര്‍മനിയിലേക്ക് രക്ഷപ്പെട്ടതിനുശേഷം ജര്‍മനിയിലെ സ്റ്റര്‍ട്ട്ഗട്ട് നഗരത്തില്‍വച്ച് അബു ഹമാം അഷ്റഖിനെ കണ്ടിരുന്നു. അപ്പോഴും അയാള്‍ അവളെ ഭീഷണിപ്പെടുത്തി. 

നീ താമസിക്കുന്നത് എവിടെയാണെന്ന് എനിക്കറിയാം എന്നാണ് ഭീഷണിസ്വരത്തില്‍ അയാള്‍ അവളോട് പറഞ്ഞത്. 100 ഡോളറിന് തന്നെ ലൈംഗിക അടിമയായി വാങ്ങിക്കുകയും ഒരു ദിവസം തന്നെ പല തവണ ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും ചെയ്ത പുരുഷനെ നേരില്‍കണ്ടപ്പോള്‍ യസീദി വനിതയായ അഷ്റഖിന് ദേഷ്യവും രോഷവും അടക്കിവയ്ക്കാനായില്ല. ഒരവസരം കിട്ടിയപ്പോള്‍ അഷ്റഖ് ജര്‍മനിയിലേക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് അബു ഹമാം ഉള്‍പ്പെടെയുള്ള തീവ്രവാദികള്‍ പിടിക്കപ്പെടുകയും ജയിലിലാകുകയും ചെയ്തു. 

ഇറാഖി ചാനലില്‍ സംപ്രേക്ഷണം ചെയ്ത അഭിമുഖത്തില്‍ അഷ്റഖ്, യസീദികളായ തങ്ങളെ ഇറാഖിനെ സിന്‍ജാറില്‍നിന്ന് ഐഎസുകാര്‍ എങ്ങനെയാണ് തട്ടിക്കൊണ്ടുപോയതെന്ന് വിവരിക്കുന്നുണ്ട്. അന്ന് ഭീകരര്‍ ഗ്രാം വളഞ്ഞ തടവിലാക്കുമ്പോള്‍ എന്താണെ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. കൊല്ലപ്പെടും എന്നുതന്നെയായിരുന്നു അന്നത്തെ ഭീതി. ആദ്യമൊക്കെ ഞങ്ങള്‍ കുറേപ്പേര്‍ ഒരുമിച്ചായിരുന്നു. മരിച്ചാലും ഒന്നിച്ചാണല്ലോ മരിക്കുതെന്നായിരുന്നു അപ്പോഴത്തെ ആശ്വാസം. പക്ഷേ, പിന്നീട് ഐഎസുകാര്‍ ഞങ്ങളെ വേര്‍പിരിച്ചു. 

ഓരുരുത്തരെയും പ്രത്യേകം പ്രത്യേകമാക്കി. 300 മുതല്‍ 400 വരെ യസീദികളാണ് അന്ന് പിടിക്കപ്പെട്ടത്. 9 വയസ്സിനു മുകളിലുള്ള പെണ്‍കുട്ടികളെ വരെ അവര്‍ തടവിലാക്കിയിരുന്നു. സിന്‍ജാറില്‍നിന്ന് മൊസൂളിലേക്കാണ് ആദ്യം കൊണ്ടുപോയത്. സഹോദരിമായെയും ബന്ധുക്കളെയുമൊക്കെ സിറിയയിലേക്കാണ് കൊണ്ടുപോയത്. അബു ഹമാമാണ് എന്നെ തിരഞ്ഞെടുത്തത്. അന്നയാള്‍ എന്നെ മുടിയില്‍ പിടിച്ചു വലിച്ചുകൊണ്ടുപോയി. എനിക്കന്ന് 14 വയസ്സേയുള്ളൂ. ബലാല്‍സംഗം ചെയ്യാനാണ് കൊണ്ടുപോകുന്നതെന്ന് എനിക്ക് മനസ്സിലായില്ല. 

ഞാനൊരു കൊച്ചുകുട്ടിയല്ലേ. ആദ്യം ഇരുമ്പ് വിലങ്ങ് അവര്‍ എന്റെ കൈകളിലിട്ടു. അതിനുശേഷം ക്രൂരമായ ബലാല്‍സംഗം. ഞങ്ങളെ ഓരോരുത്തരെയായി അവര്‍ മാറി മാറി ബലാല്‍സംഗം ചെയ്തുകൊണ്ടിരുന്നു. ഉടന്‍ സ്വതന്ത്രയാക്കാമെന്നു പറഞ്ഞാണ് ആദ്യം എന്നെ പീഡിപ്പിച്ചത്. പിന്നീടത് ദിവസം മൂന്നുനേരം വരെയായി. ഞാനാകട്ടെ ഒന്നുമറിയാത്ത ഒരു കുട്ടിയും. 

അടുത്തുവരുമ്പോള്‍ ഞാനയാളെ തള്ളിമാറ്റാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അപ്പോള്‍ അയാളെന്നെ ക്രൂരമായി മര്‍ദിക്കും. ദിവസം നാലു തവണയൊക്കെ ക്രൂരമായി പീഡിപ്പിക്കും. ആയിരക്കണക്കിനു യസീദി പുരുഷന്‍മാരെ ഐഎസ് സംഘടന വധശിക്ഷയ്ക്ക് വിധേയരാക്കി. പെണ്‍കുട്ടികളെയും യുവതികളെയും ലൈംഗിക അടിമകളായി വിറ്റു. 2014 ഓഗസ്റ്റിലായിരുന്നു ഇറാഖിലെ സിന്‍ജാറില്‍ ആക്രമണം നടന്നതും അഷ്റഖ് ഉള്‍പ്പെടെയുള്ളവര്‍ പിടിയിലാകുന്നതും. 

English Summary : yazidi sex slave confronts isis rapist

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
FROM ONMANORAMA