ADVERTISEMENT

തെലങ്കാനയിൽ അതിക്രൂരമായി കൊല്ലപ്പെട്ട വനിതാ വെറ്ററിനറി ഡോക്ടർ, മുൻപ് ഒരു അവാർഡ് സ്വീകരിക്കുന്ന ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിക്കുന്ന വിഡിയോ വ്യാജം. ഇരയുടെ പേരും ചിത്രവും വെളിപ്പെടുത്തുന്നത് കുറ്റകരമാണെങ്കിലും ഹൈദരാബാദിലെ വെറ്ററിനറി ഡോക്ടറുടേതെന്ന പേരിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യഥാർഥത്തിൽ ഒരു വനിതാ വ്യവസായ സംരംഭക അവാർഡ് സ്വീകരിക്കുന്ന വിഡിയോയാണിത്. പാലുൽപന്നങ്ങൾ വിൽക്കുന്ന ഒരു സ്ഥാപനത്തിന്റെ പേരിലുള്ള യുട്യൂബ് ചാനലിലാണ് ഇതു വന്നത്.

ഡോക്ടറുടേത് എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കപ്പെടുന്ന വിഡിയോയുടെ അടിക്കുറിപ്പും തെറ്റിദ്ധാരണാജനകമാണ്. ‘ഹൈദരാബാദ് സംഭവത്തിലെ യുവതിയുടെ മരണം ഒരു ഡോക്ടറുടെ അവസാനം മാത്രമായിരുന്നില്ല. സർക്കാർ ആദരിച്ച ഒരു ശാസ്ത്രജ്ഞയുടെയും ഗവേഷകയുടെയും കൂടി ജീവിതമാണ് ചിലരുടെ കാമാസക്തിക്ക് ഇരയായത്. ഇത് ലോകത്തിനു തന്നെ തീരാനഷ്ടമാണ്’ എന്നിങ്ങനെയുള്ള അടിക്കുറിപ്പിൽ ഡോക്ടറുടെ പേരും പ്രായവും തെറ്റിച്ചാണെങ്കിലും പറയുന്നുമുണ്ട്. അതേസമയം, ഫാക്ട് ചെക്കിങ്ങിൽ ഇതു വ്യാജവാർത്തയാണെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാം. പേരും പ്രായവും തെറ്റാണെന്നത് അടക്കമുള്ളവ ഇതു വ്യക്തമാക്കുന്നു.

ലോക ക്ഷീരദിനത്തോടനുബന്ധിച്ച് ഒരു പാലുൽപന്ന സ്ഥാപനമാണ് ഒരു യുവ സംരംഭകയ്ക്ക് ക്ഷീരമേഖലയിലെ നേട്ടങ്ങൾക്കു പുരസ്കാരം ലഭിച്ചതിന്റെ  വിഡിയോ യുട്യൂബിൽ പങ്കുവച്ചത്. പുരസ്കാരം സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും അവരുടെ അഭിമുഖവും വിഡിയോയ്ക്കൊപ്പമുണ്ടായിരുന്നു. സംരംഭക ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൽ നിന്നും തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജനിൽ നിന്നും പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങളും ട്വീറ്റ് ചെയ്തിരുന്നു. ഈ വിഡിയോയാണ് ചിലർ തെറ്റിദ്ധാരണ പരത്തുന്ന മട്ടിൽ പങ്കുവച്ചത്. 

ആദ്യമായല്ല ഇങ്ങനെ വ്യാജവാർത്തകൾ പ്രചരിക്കപ്പെടുന്നത്. മുൻപ് കഠ്‌വ സംഭവം ഉണ്ടായപ്പോഴും പെൺകുട്ടിയുടേതെന്ന പേരിൽ വ്യാജദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇത്തരം പ്രവണതകൾക്കെതിരെ പൊലീസും സർക്കാരും സാമൂഹിക സംഘടനകളുമടക്കം പലവട്ടം മുന്നറിയിപ്പു നൽകിയിട്ടുണ്ടെങ്കിലും ചിലർ അതിപ്പോഴും ആവർത്തിക്കുകയാണ്.

English Summary : Please Dont Share That Video Its Fake 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com