ADVERTISEMENT

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന വിശേഷണം സ്വന്തമാക്കിയ ഫിൻലൻഡ് പ്രധാനമന്ത്രി സന മരിന്റെ മന്ത്രിസഭയിലെ പുതിയ പെൺവിശേഷങ്ങളാണ് സൈബർ ലോകം ആഘോഷിക്കുന്നത്. വനിതാ ആധിപത്യമുള്ള പുതിയ മന്ത്രിസഭയിൽ 12 വനിതാ അംഗങ്ങളും 7 പുരുഷന്മാരുമാണുള്ളത്. ഫിൻലൻഡിന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായ സനയുടെ സോഷ്യൽ ഡെമോക്രാറ്റ് പാർട്ടി നേതൃത്വം നൽകുന്ന മുന്നണിയിലെ നാലു സഖ്യകക്ഷികളെയും നയിക്കുന്നത് വനിതകളാണ്. മന്ത്രിസഭയിൽ അംഗങ്ങളുമായ അവരിൽ മൂന്നുപേരുടെ പ്രായം 35 വയസ്സിൽ താഴെയാണ്.

മന്ത്രിസഭയിലെ അഞ്ച് വനിതകൾ സമുന്നത പദവികൾ വഹിക്കുന്നവരാണ്. ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം തന്റെ വിജയത്തെക്കുറിച്ചും തീരുമാനങ്ങളെക്കുറിച്ചും സന മരിൻ പറഞ്ഞതിങ്ങനെ: ‘ലിംഗവ്യത്യാസത്തിനപ്പുറം, എന്നെ രാഷ്ട്രീയത്തിലെത്തിച്ച കാരണങ്ങളെപ്പറ്റിയും സമ്മതിദായകരുടെ വിശ്വാസം നേടാൻ കഴിഞ്ഞതിനു പിന്നിലെ കാര്യങ്ങളെപ്പറ്റിയുമാണ് ഞാൻ ചിന്തിക്കുന്നത്.’

സമൂഹമാധ്യമങ്ങളിൽ സന മരിന്റെ വിജയം ആഘോഷിക്കുന്നതിന്റെ തിരക്കിൽ അക്കിടി പറ്റിയവരും കുറവല്ല. അതിലൊരാളാണ് ജേണലിസ്റ്റ് റെഡ്ഷാനൻ. പുതിയ മന്ത്രിസഭാംഗങ്ങളുടെ ചിത്രം കണ്ട്. അതിൽ 10 വനിതാ പ്രതിനിധികളും 7 പുരുഷന്മാരുമാണെന്നാണ് കക്ഷി ധരിച്ചത്. ഫോട്ടോയിൽ ഇല്ലാതിരുന്ന രണ്ടുപേരെ  ആൾക്ക് വിട്ടുപോയി.

‘ഫിൻലൻഡിലെ പുതിയ മന്ത്രിസഭ. 10 സ്ത്രീകളും 9 പുരുഷന്മാരും. അസാധാരണ ദിവസം’ എന്നു പറഞ്ഞുകൊണ്ട് റെഡ്‌ഷാൻ പങ്കുവച്ച ട്വീറ്റിനു പ്രതികരണവുമായി നിരവധി പേരെത്തി. രാഷട്രീയ മേഖലയിൽ ഫിൻലൻഡ് സ്ത്രീകൾക്ക് പുതിയ വാതായനങ്ങൾ തുറന്നു കൊടുക്കുകയാണെന്ന് പലരും അഭിപ്രായപ്പെട്ടു.

ഫിൻലൻഡ് മന്ത്രിസഭയിലെ സ്ത്രീ പ്രാതിനിധ്യം ആഘോഷിക്കുമ്പോഴും ചിലരെങ്കിലും വിമർശനങ്ങളുമായി രംഗത്തെത്തുന്നുണ്ട്. ഇതിൽ സ്ത്രീ പുരുഷ തുല്യതയില്ലെന്നും വംശീയ ന്യൂനപക്ഷത്തിന്റെ പങ്കാളിത്തം കുറവാണെന്നുമാണ് അവരുടെ പരാതി.

ഫിൻലൻഡിലെ മുൻ പ്രധാനമന്ത്രി അലക്സാണ്ടർ സ്റ്റബിന്റെ ട്വീറ്റ് കഴിഞ്ഞ ദിവസങ്ങളിൽ തരംഗമായിരുന്നു. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ: ‘എന്റെ പാർട്ടി ഈ സർക്കാരിന്റെ ഭാഗമല്ല. പക്ഷേ ഒരു കാര്യത്തിൽ എനിക്കു വളരെയധികം സന്തോഷമുണ്ട്. ഈ ഗവൺമെന്റിന്റെ ഭാഗമായ അഞ്ചു പാർട്ടികളുടെ നേതാക്കളും സ്ത്രീകളാണ്. സർക്കാർ രൂപീകരണത്തിൽ ലിംഗവ്യത്യാസം ഒരു വിഷയമല്ലാതാകുന്ന കാലം വരും’.

English Summary : Finland's new cabinet has a total of 12 women and 7 men

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com