ADVERTISEMENT

സ്വന്തം അഭിപ്രായങ്ങൾ വ്യക്തവും ശക്തവുമായ ഭാഷയിൽ പറയുന്ന സ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ, ഒളിപ്പോരുകളിലൂടെ, ഒരു വ്യാജ അക്കൗണ്ടിന്റെ മറവിൽ നിന്നുകൊണ്ട് ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ക്യാംപെയിനുമായി ഡബ്ലൂസിസി. ' നോ റ്റു സൈബർ വയലൻസ്' എന്ന ക്യാംപെയിന്റെ ഭാഗമായി നടി പാർവതി തിരുവോത്ത് നേരിട്ട സൈബർ ആക്രമണങ്ങളെക്കുറിച്ചും, സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗുകളെക്കുറിച്ചും, പെണ്ണ് തുറന്നു സംസാരിക്കുന്നതിനെ ഭയപ്പെടുന്ന സമൂഹത്തെക്കുറിച്ചും ഡബ്ലൂസിസിയുടെ ബ്ലോഗിലൂടെ തുറന്നെഴുതുകയാണ് തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയ്‌യും. ആദാമിന്റെ വാരിയെല്ല് എന്ന തലക്കെട്ട് നൽകി അവർ പങ്കുവച്ച കുറിപ്പിങ്ങനെ:- 

ആദാമിന്റെ വാരിയെല്ല്

പ്രശ്നം കസബയോ പാർവതിയോ പോലുമല്ല. പ്രശ്നം പെണ്ണ് സംസാരിച്ചു എന്നതാണ്. തെറ്റിദ്ധരിക്കരുത്. സംസാരിക്കുന്നതിൽ ഞങ്ങൾക്ക് പരാതിയില്ല. പക്ഷേ അത് ഫാഷൻ ട്രെൻഡുകളെക്കുറിച്ചും, പാചകത്തെക്കുറിച്ചും, ഭാവി വരനെപ്പറ്റിയുള്ള സങ്കൽപങ്ങളെക്കുറിച്ചുമൊക്കെ പോരെ? വൻ കാര്യങ്ങളെക്കുറിച്ചൊക്കെ പറയേണ്ടി വരുമ്പോൾ അതിനെക്കുറിച്ച് സംസാരിക്കാൻ ഞാനാളല്ല എന്ന വിനയമല്ലേ അതിന്റെ ശരി? അതും പോട്ടെ പറഞ്ഞതിനെപ്പറ്റി ഒരു ക്ഷമാപണമെങ്കിലും നടത്തിക്കൂടേ? എത്ര ഉച്ചത്തിൽ ഞങ്ങൾ ആൺസിംഹങ്ങൾ അലറിക്കൊണ്ടിരിക്കുന്നു.

മാപ്പ് പറയുന്നില്ലെന്ന് മാത്രമല്ല, അതേ ആത്മവിശ്വാസത്തോടെ, അതേ ശക്തിയോടെ ഉള്ള മറുപടികൾ വീണ്ടും വീണ്ടും. ഇല്ല പാർവതി, ഞങ്ങൾക്കിത് ശീലമില്ല. പെണ്ണ് എന്ന് പറയുമ്പോൾ ഞങ്ങൾ പ്രതീക്ഷിക്കുന്ന മിനിമം അടക്കവും ഒതുക്കവുമുണ്ട്. പ്രത്യേകിച്ച് ഈ പ്രായത്തിൽ. അതിനപ്പുറമുള്ളവരെ ആക്രമിച്ചേ ഞങ്ങൾക്ക് ശീലമുള്ളൂ. ആക്രമണമെന്ന് പറയുമ്പോൾ അത് പല ഘട്ടങ്ങളിലാണ്. ഒന്ന് നിങ്ങളാരാണ് ഇതൊക്കെപ്പറയാൻ എന്ന തരത്തിലുള്ളത്. (നീയാരാടീ ഇത് പറയാൻ എന്ന് പരിഭാഷ).

അതിൽ കുലുങ്ങുന്നില്ലെന്ന് കണ്ടാൽ അടുത്ത സ്റ്റെപ്പ് പരിഹാസമാണ് പണിപ്പെട്ടുണ്ടാക്കുന്ന തമാശകൾ, ഉപമകൾ. അവിടെയും അനക്കമില്ലെങ്കിൽ പിന്നെ ഞങ്ങൾ മൂന്നാമത്തെ ലെവലിലേക്ക് പോകും. സ്ത്രീയെ ലൈംഗിക അവയവങ്ങളിലേക്ക് ചുരുക്കിയുള്ള ശുദ്ധ ചീത്തവിളിയും,വ്യക്തിഹത്യയും. മൂന്നും ഇന്ന് വരെ കേട്ടിട്ടില്ലാത്ത തരത്തിൽ സ്ത്രീ ശബ്ദം ഉയരുമ്പോഴുണ്ടാകുന്ന അസഹിഷ്ണതയിൽ നിന്നാണെന്നതാണ് സത്യം. അല്ലാതെ വിയോജിപ്പ് ആരോഗ്യകരമായ പരസ്പര ബഹുമാനത്തോടെയുള്ള ചർച്ചയിലൂടെ എന്നതൊന്നും ഞങ്ങളുടെ അജണ്ടയിലില്ല.

അങ്ങനെയായിരുന്നെങ്കിൽ സ്ത്രീ വിരുദ്ധമായ പരാമർശങ്ങളോ അങ്ങനയെുള്ള കഥാപാത്രങ്ങളോ ഉണ്ടാവാൻ പാടില്ല എന്നതാണ് നിങ്ങളുടെ പരാമർശത്തിലുള്ളതെന്ന് ഞങ്ങൾ തെറ്റിദ്ധരിക്കില്ലായിരുന്നു. അവ മഹത്വവൽക്കരിക്കപ്പെടരുത് എന്നാണ് നിങ്ങൾ ഉദ്ദേശിച്ചതെന്ന് ഞങ്ങൾ മനസിലാക്കുമായിരുന്നു. മലയാളം കണ്ട ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയിലെ പുരുഷ കഥാപാത്രങ്ങൾ സ്ത്രീ വിരുദ്ധതയുടെ പ്രതീകങ്ങളായിരുന്നു എന്ന് തിരിച്ചറിയുന്നിടത്ത് തീരുമായിരുന്നു എല്ലാ പ്രശ്നവും. ആ സിനിമയുടെ പേരാണ് ഈ കുറിപ്പിന്റെയും ടൈറ്റിൽ ആദാമിന്റെ വാരിയെല്ല്.

ഒരു സിനിമയുടെ മാത്രമാണ് പേരെടുത്ത് പറഞ്ഞതെങ്കിലും അതിലൂടെ അനേകം സിനിമകളെയാണ് പാർവതി, താങ്കൾ വിമർശിച്ചിരിക്കുന്നത്. ഒരു പക്ഷേ, ഞങ്ങൾ എഴുതിയവകളടക്കം. എന്തായാലും സ്വസ്ഥമായി എഴുതിക്കൊണ്ടിരുന്ന ഞങ്ങളെ, ഇനി പേനയെടുക്കുമ്പോൾ സ്ത്രീയെ, അവളുടെ പക്ഷത്ത് നിന്ന് കൂടി ചിന്തിച്ചിട്ടെഴുതൂ എന്ന ഓർമപ്പെടുത്തലിലേക്ക്, സ്വയം വിശകലനത്തിലേക്ക്, മനസമാധാനക്കേടിലേക്ക് തള്ളിയിട്ടതിനാൽ ഞങ്ങൾ താങ്കളോട് വിയോജിക്കുന്നു, വിയോജിക്കുന്നു, വിയോജിക്കുന്നു.

English Summary: Why The Abuse? Adam's Rib

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com