ADVERTISEMENT

വെർച്വൽ ലോകത്ത് സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ പോരാടാൻ വിമൻ ഇൻ സിനിമ കലക്ടീവ് സംഘടിപ്പിച്ച നോ ടു സൈബർ വയലൻസ് എന്ന ക്യാംപെയ്നിന്റെ ഭാഗമായി വിമൻ ഇൻ സിനിമ കലക്ടീവ് ബ്ലോഗിൽ അനുഭവങ്ങളും പ്രതികരണങ്ങളും പങ്കുവയ്ക്കുകയാണ് പ്രമുഖർ. ഇക്കുറി  സൈബർ ആക്രമണങ്ങളിലെ നിയമവിരുദ്ധതയെപ്പറ്റി പങ്കുവയ്ക്കുകയാണ് നടി അമല അക്കിനേനി. വിമൻ ഇൻ സിനിമ കലക്ടീവ് ബ്ലോഗിൽ അമല പങ്കുവച്ച കുറിപ്പിങ്ങനെ :-

''ഹൈദരാബാദിലെ വെറ്റിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി മാനഭംഗം ചെയ്തുകൊലപ്പെടുത്തി തീകൊളുത്തിയ സംഭവത്തെത്തുടർന്ന് തെലങ്കാന സർക്കാരിനും പൊലീസിനും ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്ക് തടയിടാനായി ഇന്ത്യയിലാദ്യമായി ഷീ ടീംസ് എന്ന പേരിൽ പൊലീസ് വകുപ്പിനെ വിപുലപ്പെടുത്തിയിരുന്നു.

എല്ലാ മേഖലയിലും പെൺകുട്ടികളും സ്ത്രീകളും സുരക്ഷയെ സബന്ധിച്ച് ഏറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇന്ത്യയിൽ ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടേണ്ട കാര്യം എന്താണെന്നു വച്ചാൽ കുറ്റപ്പെടുത്തലിൽ നിന്ന് ആളുകളുടെ ഫോക്കസ് മാറിയിട്ടുണ്ട്. ഇപ്പോൾ സുരക്ഷയുടെ കാര്യത്തിൽ എന്തു ചെയ്യാം എന്ന കാര്യത്തിലാണ് ആളുകൾ കൂടുതൽ ശ്രദ്ധിക്കുന്നത്. ഗ്രൂപ്പുകളിൽ നിന്നുരുത്തിരിയുന്ന ആശയങ്ങൾ സ്ത്രീ സുരക്ഷയ്ക്കായി ഉപയോഗിക്കപ്പെടുന്നു. പൊലീസും സർക്കാരും വേണ്ടത്ര സജ്ജമായിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് എനിക്കിപ്പോൾ മനസ്സിലാകുന്നത്.

ഇന്ത്യൻ ജനസംഖ്യയിൽ ഏറ്റവും കൂടുതലുള്ള കൗമാരക്കാർക്കും യുവജനങ്ങൾക്കുമിടയിൽ നടത്തിയ ഒരു സർവേയിൽ നിന്ന് വ്യക്തമായത് 70 ശതമാനം പേരും വിശ്വസിക്കുന്നത് ലൈംഗികബന്ധത്തിന് പങ്കാളിയുടെയോ, ഭാര്യയുടെയോ സമ്മതം ആവശ്യമില്ലെന്നാണ്. 60 ശതമാനം പേരും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണ്. 20 ശതമാനം പേർക്കു മാത്രമേ ഗർഭനിരോധന മാർഗ്ഗങ്ങളെക്കുറിച്ച് അവബോധമുള്ളൂ.

സൈബർ ക്രൈം നടത്തിയ മറ്റൊരു പഠനത്തിന്റെ ഭാഗമായി തിരഞ്ഞെടുത്ത ചില സ്ത്രീകളുടെ പ്രൊഫൈൽ ചെറുപ്പക്കാരുള്ള ഗ്രൂപ്പിലിട്ടു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ചെറുപ്പക്കാരോട് അവരുടെ കമന്റ് രേഖപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. 99 ശതമാനം പേരും രേഖപ്പെടുത്തിയത് അശ്ലീല കമന്റുകളാണ്. എന്തുകൊണ്ട് ഇത്തരത്തിലുള്ള കമന്റുകളെന്ന ചോദ്യത്തിന്, പ്രത്യേകിച്ച് കാരണമൊന്നുമില്ല. ഇത് തങ്ങളുടെ അവകാശമാണെന്ന മട്ടിലാണ് പലരും പ്രതികരിച്ചത്.

ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യങ്ങളെന്താണെന്നു വച്ചാൽ ബന്ധങ്ങളെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും തുറന്നു സംസാരിക്കാനും ചർച്ച ചെയ്യാനും അവർക്ക് വിശ്വസിക്കാൻ കൊള്ളാവുന്ന ഒരിടമില്ല എന്നുള്ളതാണ്. മറ്റെങ്ങും തങ്ങളുടെ ഉള്ളിലുള്ള കാര്യങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ കഴിയാത്തവരാണ് സ്ത്രീകളോട് മോശമായി പെരുമാറുന്നതും അത്തരം ഒരു സംസ്കാരം വളർത്തിയെടുക്കുന്നതും. ഇവിടെയാണ് ഒരു സാംസ്കാരിക അടിത്തറയുടെ ആവശ്യത്തെക്കുറിച്ച് ചിന്തിക്കേണ്ടത്. മതപരമായ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നവർ ശാസ്ത്രത്തിലൂടെ ബന്ധങ്ങളെപ്പറ്റിയും സന്തോഷത്തെപ്പറ്റിയും പ്രണയത്തെപ്പറ്റിയും കുടുംബത്തിന്റെ മൂല്യത്തെപ്പറ്റിയും പഠിക്കണം. ഇന്ത്യൻ സ്ത്രീകൾ സുരക്ഷിതമായിരിക്കണമെന്നാണ് നമ്മുടെ ആഗ്രഹമെങ്കിൽ ഇതൊക്കെ സാധ്യമാകുമെന്നാണ് എന്റെ വിശ്വാസം''.

English Summary : Illegality Of Cyber Abuse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com