ADVERTISEMENT

റഷ്യയിൽ ഒറ്റയ്ക്കൊരു സമരം നടത്തുകയാണ് ഭരണകക്ഷിയിൽപെട്ട ഒരു വനിതാ എംപി. പ്രസിഡന്റും സ്വന്തം കക്ഷിയിൽ ഉൾപ്പെട്ടവരും പ്രതിപക്ഷവും പ്രബല സമുദായവും ഒന്നിച്ചെതിർക്കുമ്പോഴും പരാജയപ്പെടുമെന്ന ഭീതിയില്ലാതെ അവസാനം വരെ പോരാടുമെന്ന ദൃഡനിശ്ചയത്തിലാണ് അവർ‍. റഷ്യ  മുഖം തിരിഞ്ഞുനിൽക്കുകയാണെങ്കിലും ലോകം സമരം ശ്രദ്ധിച്ചുകഴിഞ്ഞു; വനിതാ എംപിയെയും. ഗാർഹിക അതിക്രമങ്ങൾക്ക് ശിക്ഷ ഉറപ്പാക്കാൻവേണ്ടിയാണ് എംപി സമരം നടത്തുന്നതെന്നാണ് ഏറ്റവും കൗതുകകരം. 

റഷ്യയിൽ ഗാർഹിക അതിക്രമം കുറ്റകരമല്ല എന്നുകൂടി അറിയുക. വീടുകളിൽ നടക്കുന്ന അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്താൽ പോലും പൊലീസോ മറ്റധികൃതരോ ഇടപെടാറുമില്ല. വിചിത്രമായ ഈ സാമൂഹികാവസ്ഥയ്ക്കെതിരെയാണ് വനിതാ എംപി ഒക്സാന പുഷ്കിനയുടെ പോരാട്ടം. പ്രസംഗവും ബോധവൽക്കരണവും മാത്രമല്ല പോരാട്ടത്തിലുള്ളത്; നിയമ നിർമാണം തന്നെ. നിയമത്തിന്റെ കരടും അവർ തയാറാക്കിക്കഴിഞ്ഞു. പക്ഷേ, യാഥാസ്ഥിതിക വിഭാഗക്കാർ കടുത്ത പ്രതിഷേധവും തുടങ്ങിക്കഴിഞ്ഞു. 

റഷ്യയിലെ 80 ശതമാനം കുടുംബങ്ങളിലും ഗാർഹിക അതിക്രമങ്ങൾ ആവർത്തിക്കുന്നു. എന്നിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ല– പുഷ്കിന പറയുന്നു. ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ പാർട്ടിയുടെ എംപിയാണ് പുഷ്കിന. പക്ഷേ, അവർ കൊണ്ടുവന്നിരിക്കുന്ന നിയമം പാർലമെന്റിൽ പാസ്സാവാനുള്ള ഒരു സാധ്യതയുമില്ലെന്നാണ് സൂചനകൾ. കാരണം റഷ്യ ഇന്നും ഗാർഹിക അക്രമങ്ങൾ നടത്തുന്നവരുടെ കൂടെത്തന്നെയാണ്. ഇരകളെ സംരക്ഷിക്കാൻ ഒരു നിയമവുമില്ലാത്ത അപൂർവം രാജ്യങ്ങളിലൊന്ന്. 

അഭിഭാഷകരുടെയും ആക്റ്റിവിസ്റ്റുകളുടെയും സഹായത്തോടെയാണ് പുഷ്കിന നിയമത്തിന്റെ കരട് തയാറാക്കിയത്. റഷ്യയിലെ ഉപരിസഭയായ ഫെഡറേഷൻ കൗൺസിൽ  കരട് പരസ്യപ്പെടുത്തുകയും ചെയ്തു. അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ചർച്ച നടത്താൻവേണ്ടിയാണ് ഇതു പരസ്യപ്പെടുത്തിയത്. പക്ഷേ, ഓൺലൈൻ ലോകത്ത് നിറയുന്ന അഭിപ്രായങ്ങളിലേറെയും പുഷ്കിന തയാറാക്കിയ നിയമത്തിനെതിരാണ്. നിയമം നടപ്പിലായാൽ റഷ്യയുടെ പാരമ്പര്യ മൂല്യങ്ങൾ തകരുമെന്നാണ് യാഥാസ്ഥിതിക കക്ഷികൾ വാദിക്കുന്നത്. രാജ്യത്ത് നടന്ന ഒരു സർവേയിൽ 57 ശതമാനം പുരുഷൻമാർ മാത്രമാണ് പുഷ്കിനയുടെ നിയമഭേദഗതിയെ പിന്തുണയ്ക്കാൻ തയാറായത്. എന്നാൽ 80 ശതമാനം സ്ത്രീകളും പുഷ്കിനയ്ക്ക് ഒപ്പമാണ്. റഷ്യയുടെ പരമ്പരാഗത മൂല്യവ്യവസ്ഥയ്ക്ക് എതിരാണ് പുഷ്കിന കൊണ്ടുവരുന്ന നിയമ ഭേദഗതിയെന്ന് ഓർത്തഡോക്സ് സഭയും പറയുന്നു. 

റഷ്യൻ സഭയായ ഡ്യൂമയിൽ 450 എംപിമാരാണുള്ളത്. ഇവരിൽ 70 പേർ മാത്രമാണ് വനിതകൾ. പ്രസിഡന്റ് വ്ലാഡിമർ പുടിൻ നേരത്തെ തന്നെ ഗാർഹിക അതിക്രമങ്ങളെ പിന്തുണച്ചു സംസാരിച്ചത് തനിക്ക് തിരിച്ചടിയാണെന്നും പുഷ്കിന പറയുന്നു. വീടുകളിൽ സ്ത്രീകളെ മർദിക്കുന്നത് ക്രിമിനൽ കുറ്റമല്ലാതാക്കുന്നതിനെ 2016 ൽ പുടിൻ അനുകൂലിച്ചിരുന്നു. വീടുകളിലെ ആഭ്യന്തര കാര്യങ്ങളിൽ‌ പുറത്തുനിന്നുള്ളവർ ഇടപെടുന്നതു ശരിയല്ലെന്നായുന്നു അന്നത്തെ അദ്ദേഹത്തിന്റെ ന്യായീകരണം. 

കൊന്നാലും അവസാനം വരെയും പുരുഷൻമാർക്കൊപ്പം നിൽക്കും എന്ന നിലപാടാണ് റഷ്യയിലെ പല സ്ത്രീകൾക്കും. പക്ഷേ, അടുത്തകാലത്തായി ഈ മനോഭാവം മറിവരികയാണെന്നും പുരുഷൻമാരിൽനിന്ന് ബഹുമാനം ആവശ്യപ്പെടുന്ന പുതിയ തലമുറ രാജ്യത്ത് വളർന്നുവരികയാണെന്നുമാണ് പുഷ്കിനയുടെ പ്രതീക്ഷ. 

ഒരു വീട്ടിലെ മൂന്നു പെൺകുട്ടികളെ നിരന്തരമായി വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ മക്കൾ കൊലപ്പെടുത്തിയ സംഭവം റഷ്യയിൽ അടുത്തകാലത്ത് വിവാദമായിരുന്നു. സംഭവത്തിൽ പെൺകുട്ടികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതിൽ പ്രതിഷേധവും വ്യാപകമായിരുന്നു. 

English Summary: Russian ex-TV host spearheads 'mission' against domestic violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com