ADVERTISEMENT

ഞങ്ങൾ ഇറങ്ങും, രാത്രിയിലും... 

‘പൊതു ഇടം എന്റേതും’ എന്ന മുദ്രാവാക്യത്തോടെ രാത്രിയാത്ര സംഘടിപ്പിക്കുന്നത് വനിതാ–ശിശു വികസന വകുപ്പ്; സുരക്ഷ ഒരുക്കാൻ ജനമൈത്രി പൊലീസ്

യാത്ര നഗരത്തിലെ ഈ വഴികളിൽ

∙ മനോരമ ജംക്‌ഷൻ മുതൽ ഗാന്ധി സ്ക്വയർ വരെ

∙ കെഎസ്ആർടിസി സ്റ്റാൻഡ് മുതൽ ഗാന്ധി സ്ക്വയർ വരെ

∙ ഐഡ ജംക്‌ഷൻ മുതൽ ഗാന്ധി സ്ക്വയർ വരെ

∙ സിഎംഎസ് കോളജ് മുതൽ ഗാന്ധി സ്ക്വയർ വരെ

∙ വൈഡബ്ല്യുസിഎ മുതൽ ഗാന്ധി സ്ക്വയർ വരെ

∙ ജവാഹർ ലൈബ്രറി മുതൽ ഗാന്ധി സ്ക്വയർ വരെ

കോട്ടയം ∙ നിർഭയ ദിനമായ ഞായറാഴ്ച സ്ത്രീസുരക്ഷയുടെ ഭാഗമായി നടത്തുന്ന രാത്രിയാത്രയിൽ കോട്ടയത്തെ വനിതകളും അണിനിരക്കും. ‘പൊതു ഇടം എന്റേതും’ എന്ന മുദ്രാവാക്യത്തോടെ വനിതാ–ശിശു വികസന വകുപ്പ് സംസ്ഥാന വ്യാപകമായാണു യാത്ര സംഘടിപ്പിക്കുന്നത്. സുരക്ഷ ഒരുക്കാൻ ജനമൈത്രി പൊലീസ് ഉൾപ്പെടെയുള്ളവർ ഒപ്പമുണ്ട്. 

ജില്ലയിലെ മുനിസിപ്പാലിറ്റികളിലെ തിരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രങ്ങളിൽ നാളെ രാത്രി 11 മുതൽ ഒരുമണി വരെയാണു ‘നടപ്പ്’. ഇതിനു ശേഷമുള്ള എല്ലാ ആഴ്ചകളിലും ഇത്തരത്തിൽ യാത്രകൾ സംഘടിപ്പിക്കും.

ജില്ലാ വനിതാ–ശിശു വികസന ഓഫിസർ പി.എൻ.ശ്രീദേവി അധ്യക്ഷയും അതതു മുനിസിപ്പാലിറ്റി ചെയർപഴ്സൻ അല്ലെങ്കിൽ ജനപ്രതിനിധി രക്ഷാധികാരിയുമായുള്ള കോഓർ‌ഡിനേഷൻ കമ്മിറ്റികൾ ഇതിനായി രൂപീകരിച്ചു കഴിഞ്ഞു. 

പ്രമുഖരെ അണിനിരത്തി നടത്താൻ ഉദ്ദേശിക്കുന്ന രാത്രിനടപ്പിൽ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു. 

ഗാന്ധി സ്ക്വയറിലേക്ക് വരൂ, ഞായർ രാത്രി 11ന്

∙ കോട്ടയം നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാത്രിനടത്തത്തിൽ പങ്കെടുക്കണോ? നാളെ രാത്രി 11നു സെൻട്രൽ ജംക്‌ഷനിലെ ഗാന്ധി സ്ക്വയറിലേക്കു വരൂ. പേരും വിലാസവും നഗരസഭാ അധികൃതർക്കു നൽകിയാൽ യാത്രയിൽ പങ്കെടുക്കാം. 

നടപ്പിനായി എത്തുന്ന എല്ലാവർക്കും പൂർണസുരക്ഷ ഉറപ്പാക്കുമെന്നു നഗരസഭാ ഉപാധ്യക്ഷ സൂസൻ കുഞ്ഞുമോൻ പറഞ്ഞു. ജനപ്രതിനിധികൾ അങ്കണവാടി, ആശാ പ്രവർത്തകർ, കുടുംബശ്രീ സംഘങ്ങൾ ഉൾപ്പെടെയുള്ളവരെ അണിനിരത്തിയാകും യാത്ര സംഘടിപ്പിക്കുക. 

നഗരസഭയിലെയും സർക്കാർ വകുപ്പുകളിലെയും വനിതാ ജീവനക്കാർ പങ്കെടുക്കും. ഉദ്യോഗസ്ഥർ നേതൃത്വം നൽകും. യാത്രയുമായി ബന്ധപ്പെട്ടു നടത്തിയ കോട്ടയം നഗരസഭാ യോഗത്തിൽ ഉപാധ്യക്ഷ സൂസൻ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു.

രാത്രിയിലെ കോട്ടയം

കോട്ടയം ∙ കെഎസ്ആർടിസി, തിരുനക്കര, നാഗമ്പടം. ബസ് സ്റ്റാൻഡ് ഏതുമായിക്കൊള്ളട്ടെ, പകൽ പോലും സ്ത്രീകൾക്ക് ഇവിടെ രക്ഷയില്ല. തുറിച്ചുനോട്ടക്കാരുടെയും പൂവാലൻമാരുടെയും കേന്ദ്രമാണു നഗരത്തിലെ ബസ് സ്റ്റാൻഡുകൾ. ദീർഘദൂര യാത്രകൾക്കായി ബസ് കാത്തിരിക്കുന്ന വീട്ടമ്മമാർ മുതൽ സ്കൂൾ വിദ്യാർഥിനികൾ വരെ ഇവരുടെ നോട്ടപ്പുള്ളികളാണ്. കമന്റടികൾ സർവസാധാരണം. പകൽ സമയത്തെ സ്ഥിതി തന്നെ ഇതാണ്. അതുകൊണ്ടു തന്നെ നേരം ഇരുട്ടിക്കഴിഞ്ഞാൽ ഈ മൂന്നു ബസ് സ്റ്റാൻഡുകളിലെയും സ്ത്രീകളുടെ എണ്ണം നന്നേ കുറവായിരിക്കും. 

''നേരം ഇരുട്ടിയതിനു ശേഷം കോട്ടയത്തെ ബസ് യാത്ര തന്നെ ബുദ്ധിമുട്ടാണ്. അപ്പോൾപ്പിന്നെ നടപ്പിന്റെ കാര്യം പറയാനുണ്ടോ. മദ്യപിച്ചു ലക്കുകെട്ട അവസ്ഥയിലാണു പലരും ബസിൽ കയറുന്നത്. സംസാരവും സഭ്യതയ്ക്കു നിരക്കാത്തത്. ഇവർക്കിടയിൽ നിന്നു യാത്ര ചെയ്താണു ജോലിക്കു ശേഷം വീട്ടിൽ എത്തുന്നത്. കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിലേക്കു രാത്രി നടന്നുപോകാൻ തന്നെ പേടിയാണ്''.-  കെ.എസ്.മിനിമോൾ, ഏറ്റുമാനൂർ.

English Summary : Night Walk To Mark Nirbhaya Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com