sections
MORE

കൂട്ടമാനഭംഗത്തിന് വിധേയയായെന്ന് യുവതി, പരാതി വ്യാജമെന്നു പറഞ്ഞ് ജയിലിലടച്ചു; വിവാദം

Woman Has Been Found Guilty Of Lying She Was Gang Raped
പ്രതീകാത്മക ചിത്രം
SHARE

കൂട്ട മാനഭംഗത്തിന് വിധേയയായെന്ന് പരാതിപ്പെടുകയും പിന്നീട് പരാതിയില്‍നിന്നു പിന്മാറാന്‍ നിര്‍ബന്ധിതയാകുകയും ചെയ്ത യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. ബ്രിട്ടിഷ് യുവതിക്കെതിരെയാണ് കേസെടുത്തത്. 12 ഇസ്രയേലി വിനോദസഞ്ചാരികള്‍ സൈപ്രസില്‍വച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.

19 വയസ്സ് പ്രായമുള്ള യുവതി വ്യാജ പരാതി നല്‍കിയെന്ന് ആരോപിച്ച പൊലീസ് യുവതിയെ ജയിലില്‍ അടയ്ക്കുകയും ചെയ്തു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് സ്ത്രീ സംഘടനകള്‍ പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്. പൊലീസിന്റെ നിരുത്തരവാദപരമായ സമീപനമാണ് പ്രശ്നം ഉണ്ടാക്കിയതെന്നും നിരപരാധിയായ യുവതിയെ മോചിപ്പിക്കണെന്നുമാണ് അവരുടെ ആവശ്യം. സൈപ്രസില്‍ കുറ്റവും ശിക്ഷയും വന്‍ വാര്‍ത്താ പ്രാധാന്യമാണ് നേടുന്നത്. 

ജൂലൈ 17 ന് ഒരു ഹോട്ടലില്‍വച്ച് താന്‍ ആക്രമിക്കപ്പെട്ടെന്നാ യിരുന്നു യുവതി പൊലീസിനു മൊഴി കൊടുത്തത്. അതേ ഹോട്ടലില്‍തന്നെയാണ് യുവതിയും താമസിച്ചിരുന്നത്. പക്ഷേ 10 ദിവസത്തിനുശേഷം തന്റെ പരാതിയില്‍നിന്നു യുവതി പിന്‍മാറി. എന്നാല്‍ ഇതുവരെയും യുവതിക്ക് അഭിഭാഷകനെ ചുമതലപ്പെടുത്തി നല്‍കിയിട്ടില്ലെന്ന് ആരോപണമുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങളിലെ നിയമത്തിന് വിരുദ്ധമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണു യുവതി കടന്നുപോകുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. യുവതിക്ക് 18 വയസ്സ് മാത്രമുള്ളപ്പോഴായിരുന്നു സംഭവം നടന്നത്. പരാതിയെത്തുടര്‍ന്ന് യുവതിയെ പൊലീസ് ഏഴു മണിക്കൂറോളം തുടര്‍ച്ചയായി ചോദ്യം ചെയ്തു. ഇതാണ് മാനസിക സംഘര്‍ഷമുണ്ടാക്കിയതത്രേ. 

15 നും 18 നും ഇടയ്ക്കു പ്രായമുള്ളവരാണ് തന്നെ ആക്രമിച്ചതെന്നായിരുന്നു യുവതിയുടെ ആദ്യ മൊഴി. യഥാര്‍ഥത്തില്‍ താന്‍ പീഡനത്തിനു വിധേയയായെന്നും എന്നാല്‍ സൈപ്രസ് പൊലീസ് തന്നെക്കൊണ്ട് മൊഴി മാറ്റി പറയിക്കുകയായിരുന്നുമെന്നാണ് യുവതി പറയുന്നത്. യുവാക്കളിലൊരാളുമായി തനിക്ക് പരസ്പര സമ്മതപ്രകാരം ബന്ധമുണ്ടായിരുന്നെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്. യുവാവിനൊപ്പം മുറിയില്‍ ആയിരിക്കുമ്പോഴാണ് മറ്റുള്ളവര്‍ എത്തുന്നതും കെട്ടിയിട്ട് പീഡിപ്പിച്ചതെന്നുമാണ് യുവതി ആരോപിക്കുന്നത്.

പക്ഷേ പ്രോസിക്യൂഷന്റെ വാദമാണ് കോടതി മുഖവിലയ്ക്കെടുത്തത്. യുവതിയും ഇഷ്ടക്കാരനായ യുവാവും തമ്മിലുള്ള ലൈംഗിക ബന്ധം മറ്റു യുവാക്കള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും ഇതിനെത്തുടര്‍ന്ന് യുവാക്കള്‍ക്കെതിരെ യുവതി പരാതി ഉന്നയിക്കുകയാണെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. യുവാക്കളില്‍നിന്ന് പൊലീസ് ഇതുവരെ തെളിവെടുത്തിട്ടില്ല. 

യുവാക്കളില്‍ കുറ്റം ചുമത്താതെ യുവതിയെ ശിക്ഷിച്ച കോടതിനടപടിയെ യുവാക്കളുടെ അഭിഭാഷന്‍ അഭിനന്ദിച്ചു. ഒരു മാസം ജയില്‍ശിക്ഷയ്ക്കു ശേഷം യുവതി ഇപ്പോള്‍ ജാമ്യത്തിലാണ്. പാസ്പോര്‍ട്ട് കോടതി തടഞ്ഞുവച്ചതിനാല്‍ രാജ്യം വിടാനായിട്ടില്ല. സംഭവം വിവാദമായതിനെത്തുടര്‍ന്ന് സ്ത്രീ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രശ്നത്തില്‍ ഇടപെട്ടിരിക്കുകയാണ്.

വാ മൂടി അവര്‍ കോടതിക്കുമുന്നില്‍ പ്രതിഷേധ പ്രകടനവും നടത്തി. സൈപ്രസിലെ സുപ്രീം കോടതിയോ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയോ പ്രശ്നം പരിഗണിക്കണമെന്നും യുവതിയെ മോചിപ്പിക്കണമെന്നുമാണ് അവരുടെ വാദം. മേല്‍ക്കോടതി ഇടപെടലുണ്ടായില്ലെങ്കില്‍ യുവതിക്ക് വ്യാജ പരാതി ഉന്നയിച്ചതിന്റെ പേരില്‍ ഒരു വര്‍ഷം വരെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരും. 

English Summary : Woman Has Been Found Guilty Of Lying She Was Gang Raped

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
FROM ONMANORAMA