ADVERTISEMENT

‘മധ്യപൂർവ ദേശത്തുള്ള യുഎസ് സെനികരുടെ കുടുംബങ്ങൾ കരുതിയിരിക്കണം. വരും ദിവസങ്ങളിൽ അവർ മക്കളുടെ മരണം കാണാൻ തയാറായിരിക്കണം.’

ഡ്രോൺ ആക്രമണത്തിലൂടെ യുഎസ് വധിച്ച ഖുദ് സേന തലവൻ ഖാസിം സുലൈമാനിയുടെ മകൾ സൈനബ് സുലൈമാനിയുടെ വാക്കുകളാണിത്. പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമ്പോഴായിരുന്നു യുഎസിനെതിരായ സൈനബിന്റെ ഭീഷണി. ആയിരങ്ങളെ സാക്ഷി നിർത്തിയായിരുന്നു മധ്യപൂർവ ദേശത്തെ സൈനികർക്കെതിരെ ഭീഷണി മുഴക്കി കൊണ്ട് സൈനബിന്റെ പ്രഖ്യാപനം.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഭീരു എന്നാണ് സൈനബ് വിശേഷിപ്പിച്ചത്. ‘പിതാവിന്റെ മരണം ഞങ്ങളെ തകർക്കില്ല. മുഖാമുഖം നിന്നു പോരാടാതെ ദൂരെ നിന്നു മിസൈൽ അയച്ച ട്രംപ് ഭീരുവാണ്. ഹിസ്ബുള്ള നേതാവ് ഹസൻ നസറുല്ല ഇതിന് പ്രതികാരം ചെയ്യുമെന്ന് എനിക്കുറപ്പാണ്.’– സൈനബ് സുലൈമാനി പറഞ്ഞു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ആയിരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സൈനബ് സുലൈമാനിയുടെ പ്രസംഗം ഇറാന്റെ ഔദ്യോഗിക വാർത്താ ചാനൽ തത്സമയം സംപ്രേഷണം ചെയ്തു. ആർപ്പുവിളികളോടെയും ഇറാൻ പതാക ഉയർത്തി പിടിച്ചുമായിരുന്നു സൈനബിന്റെ വാക്കുകളെ ആയിരങ്ങൾ സ്വാഗതം ചെയ്തത്. 

സൈനബ്‍ സുലൈമാനിയുടെ വാക്കുകൾ ഇങ്ങനെ: ‘പശ്ചിമേഷ്യയിലെ അമേരിക്കൻ പട്ടാളക്കാരുടെ കുടുംബങ്ങൾ അറിയാൻ... സിറിയ, ലെബനൻ, അഫ്ഗാനിസ്ഥാൻ യെമൻ, പാലസ്തീൻ എന്നീ രാജ്യങ്ങളിൽ ആരൊക്കെയാണോ അമേരിക്കയുടെ ക്രൂരമായ യുദ്ധങ്ങൾക്ക് കൂട്ടുനിന്നത് അവരുടെ കുടുംബങ്ങൾ കാത്തിരിക്കണം. മക്കളുടെ മരണ വാർത്ത അധികം വൈകാതെ നിങ്ങളെ തേടിയെത്തും. പിതാവിന്റെ മരണത്തോടെ എല്ലാം അവസാനിച്ചു എന്ന് യുഎസ് കരുതരുത്.’

മുൻപ് ഹിസ്ബുള്ളയുടെ മുതിർന്ന നേതാവ് നേതാവ് മുഗ്നിയയുടെ മകൾ ഫാത്തിമ എമാദ് മുഗ്നിയയ്ക്കൊപ്പം സൈനബിനെ കണ്ടിരുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘടനയുമായി സൈനബിനുള്ള ബന്ധം പരിശോധിച്ചു വരികയാണെന്നും റിപ്പോർട്ടുകളുണ്ട്. സുലൈമാനിയുടെ മരണശേഷം കുടുംബത്തെ സന്ദർശിച്ച ഹസൻ റൂഹാനിയോട് ആരാണ് എന്റെ പിതാവിന്റെ രക്തം വീഴ്ത്തിയവരോട് പകരം ചോദിക്കുക എന്നായിരുന്നു സൈനബിന്റെ ചോദ്യം.

സൈനബ് സുലൈമാനിയുടെ ഭീഷണിക്കു പിന്നാലെ ഡോണാൾഡ് ട്രംപിന്റെ തലയെടുക്കുന്നവർക്ക് 80 മില്യൺ ഡോളർ പ്രതിഫലം നൽകുമെന്ന പ്രഖ്യാപനവും ഖാസിം സുലൈമാനിയുടെ സംസ്കാര ചടങ്ങിനിടെയുണ്ടായി. സൈനബിന്റെ ഭീഷണി ഖാസിം സുലൈമാനിയുടെ പിൻഗാമിയായി അവരോധിക്കപ്പെട്ട ഇസ്മയിൽ ഖാനി ആവർത്തിച്ചു. ഇറാനു വേണ്ടി വീരചരമം പ്രാപിച്ച ഖാസിം സുലൈമാനിക്കു വേണ്ടി പ്രവർത്തിക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി. 

English Summary: Who Is Qasem Soleimani's Daughter Zeinab Soleimani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com