ADVERTISEMENT

ന്യൂഡല്‍ഹി• ജനുവരി 5 ന് ജവഹര്‍ലാല്‍ യൂണിവേഴ്സിറ്റിയില്‍ അക്രമം നടത്തിയ സംഘത്തിലെ മുഖംമുടിധാരിയായ യുവതിയെക്കുറിച്ചുള്ള അന്വേഷണത്തില്‍ വഴിത്തിരിവ്. വിഡിയോയില്‍ കാണുന്ന യുവതി താനാണെന്ന വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് എബിവിപി അനുകൂലിയായ കോമള്‍ ശര്‍മ. സംഭവത്തില്‍ താന്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും നിരപരാധിയാണെന്നും അറിയിച്ചുകൊണ്ട് ദേശീയ വനിതാ കമ്മിഷനു കോമള്‍ ശര്‍മ പരാതിയും നല്‍കി. ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലുള്ള ദൗലത് റാം കോളജിലെ വിദ്യാര്‍ഥിനിയാണ് 20 വയസുകാരിയായ കോമള്‍ ശര്‍മ.

ജെഎന്‍യു വിദ്യാര്‍ഥികളെ ക്രൂരമായി അടിച്ചൊതുക്കിയ സംഘത്തില്‍ കോമളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ദേശീയ വാര്‍ത്താ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കയ്യില്‍ വടിയുമായി പാന്റ്സും ഷര്‍ട്ടും ഷൂസും ധരിച്ചുനില്‍ക്കുന്ന, മുഖം മറച്ച കോമളിന്റെ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. കേസില്‍ കോമള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രചരിച്ചിരുന്നെങ്കിലും ചോദ്യം ചെയ്യാന്‍ പൊലീസ് ഇതുവരെ വിളിച്ചിരുന്നില്ല. അതിനിടെയാണ്, താന്‍ കേസില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന വാദവുമായി വിദ്യാര്‍ഥിനി രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ, കേസ് വീണ്ടും സങ്കീര്‍ണമായിരിക്കുകയാണ്. കോമളിന്റെ പരാതിയുടെ പശ്ചാത്തലത്തില്‍, ഡല്‍ഹി പൊലീസിന് ദേശീയ വനിതാ കമ്മിഷന്‍ നോട്ടീസ് അയച്ചു. കേസിന്റെ തല്‍സ്ഥിതി അറിയിക്കണമെന്നാണു നിര്‍ദേശം. ഏഴു ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്.

രാജ്യത്തെ അടുത്തകാലത്തു നടുക്കിയ സംഭവങ്ങളിലൊന്നാണ് രാത്രിയില്‍ ഇരുട്ടിന്റെ മറവില്‍ ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കു നേരെ നടന്ന മുഖം മൂടി ആക്രമണം. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ഉള്‍പ്പെടെയുള്ളവര്‍ ക്യാംപസ് സന്ദര്‍ശിക്കുകയും പരുക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിഷേധം വ്യാപകമായിരുന്നെങ്കിലും സംഭവത്തില്‍ ഇതുവരെ കൃത്യമായ അന്വേഷണം നടന്നിട്ടില്ല. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുമില്ല. അതിനിടെയാണ് തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തി കോമള്‍ രംഗത്തെത്തിയിരിക്കുന്നത്.

English Summary: Masked woman in JNU attack photo not me, Komal Sharma tells NCW

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com