sections
MORE

‘രാജകീയ നാടക’ത്തിനു ശേഷം കത്ത് വിവാദത്തിൽ പെട്ട് മേഗൻ; സ്വകാര്യത മാനിക്കണമെന്ന് ഹാരി

meghan-harry
മെഗൻ മാർക്കിളും ഹാരി രാജകുമാരനും
SHARE

രാജകീയ ചുമതലകള്‍ ഒഴിയാനുള്ള തീരുമാനത്തിനു പിന്നാലെ മറ്റൊരു വിവാദത്തിലകപ്പെട്ട് ഹാരി രാജകുമാരനും ഭാര്യ അമേരിക്കന്‍ നടിയും മോഡലുമായ മേഗന്‍ മാര്‍ക്കിളും. മേഗന്‍ യുഎസിലുള്ള പിതാവ് മാര്‍ക്കിളിന് അയച്ച സന്ദേശങ്ങളുടെ പേരിലാണ് ഇപ്പോഴത്തെ വിവാദം. 2018 ല്‍ നടന്ന വിവാഹത്തിനു മുമ്പും ശേഷവും അയച്ച സന്ദേശങ്ങള്‍ സണ്‍ഡേ മെയ്ല്‍ പത്രം പ്രസിദ്ധീകരിച്ചതോടെയാണ് സ്വകാര്യത ലംഘിക്കപ്പെട്ടു എന്ന ആരോപണവുമായി ഹാരിയും മേഗനും രംഗത്തെത്തിയിരിക്കുന്നത്. താമസിയാതെ കോടതിയില്‍ കേസും ഫയല്‍ ചെയ്തു. ഈ കേസിന്റെ വിചാരണയില്‍ പങ്കെടുക്കാന്‍ താന്‍ തയാറാണെന്ന് മേഗന്റെ പിതാവായ തോമസ് മാര്‍ക്കിള്‍  അദ്ദേഹത്തിന്റെ ആദ്യ ബന്ധത്തിലെ മകളായ സാമന്ത മാര്‍ക്കിള്‍ അറിയിച്ചതോടെ വിവാദത്തിനു ചൂടുപിടിച്ചിരിക്കുകയാണ്. തോമസ് മാര്‍ക്കിളിന്റെ രണ്ടാമത്തെ വിവാഹത്തിലെ മകളാണ് ഹാരിയുടെ ഭാര്യയായ മേഗന്‍ മാര്‍ക്കിള്‍. 

2018 -ല്‍ ലോകത്തിന് ആഘോഷമായി ബ്രിട്ടിഷ് രാജകുടുംബത്തിലെ ഹാരിയും മേഗനും തമ്മില്‍ വിവാഹിതരാകുമ്പോഴും വിവാദം ഉയര്‍ന്നിരുന്നു. മേഗനും പിതാവ് തോമസ് മാര്‍ക്കിളും തമ്മില്‍ അടുപ്പത്തിലല്ല എന്നതാണു വിവാദത്തിന് എരിവു പകര്‍ന്നത്. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പങ്കെടുത്തിരുന്നെങ്കിലും തോമസ് വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഹൃദ്രോഗം ബാധിച്ചതിനാലാണ് താന്‍ വിവാഹത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് തോമസിന്റെ വാദം. ഇക്കാലത്ത് തോമസും മേഗനും തമ്മില്‍ കൈമാറിയ സന്ദേശങ്ങളാണ് ഇപ്പോഴത്തെ വിവാദത്തിലെയും കേന്ദ്രബിന്ദു. 

എനിക്കെന്റെ അമ്മ ഡയാനയെ നഷ്ടപ്പെട്ടതു വിവാദങ്ങളുടെ ഫലമായാണ്. ഇപ്പോഴിതാ എന്റെ ഭാര്യയെയും അനാവശ്യമായ വിവാദങ്ങളിലേക്ക് ഒരു പത്രം വലിച്ചിഴയ്ക്കുന്നു. സ്വകാര്യതയെ ഒട്ടും മാനിക്കാതെയും ഒരു വ്യക്തിയുടെ അവകാശങ്ങളെ പരിഗണിക്കാതെയുമാണിത്. അതുകൊണ്ടാണ് ഈ നടപടി ചോദ്യം ചെയ്യാന്‍ എനിക്കു കോടതി കയറേണ്ടിവന്നിരിക്കുന്നത്- ഹാരി പറയുന്നു. 

എന്നാല്‍ മേഗന്‍ പിതാവിനയച്ച കത്തുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ സ്വകാര്യതയുടെ ലംഘനമില്ലെന്നാണ് മെയ്‍ല്‍ പ്രത്രത്തിന്റെ വാദം. ഹാരി-മേഗന്‍ ദമ്പതികള്‍ ബ്രിട്ടിഷ് രാജകുടുംബത്തിന്റെ ഭാഗമായിരുന്നു. അവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാന്‍ പൊതുജനങ്ങള്‍ക്ക് ആഗ്രഹവും ഉണ്ട്. ഒരു പത്രമെന്ന നിലയില്‍ തങ്ങള്‍ അര്‍പ്പിക്കപ്പെട്ട കടമ നിറവേറ്റുക മാത്രമാണു ചെയ്തതെന്നും പത്രം അവകാശപ്പെടുന്നു. 

രണ്ടു വര്‍ഷം മുമ്പു നടന്ന മേഗന്റെ വിവാഹത്തിനു മുമ്പു നടന്ന ഒരുക്കങ്ങളില്‍ തോമസ് മാര്‍ക്കിള്‍ പങ്കെടുക്കുകയും പത്രങ്ങള്‍ക്കുവേണ്ടി ചിത്രങ്ങള്‍ ലീക്ക് ചെയ്യുകയും ചെയ്തിരുന്നത്രേ. ഇതിന്റെ പേരില്‍ പിതാവും മകളും തമ്മില്‍ രൂക്ഷമായ വാഗ്വാദവും നടന്നിരുന്നതായി സന്ദേശങ്ങള്‍ തെളിയിക്കുന്നതായി പത്രം ആരോപിക്കുന്നു. പക്ഷേ, താനും പിതാവും തമ്മിലുള്ള ബന്ധവും സ്വരച്ചേര്‍ച്ചയില്ലായ്മയും എങ്ങനെ പൊതുകാര്യം ആകും എന്നാണ് മേഗന്റെ ചോദ്യം. യുഎസില്‍ നിലവിലുള്ള ഡേറ്റ സംരക്ഷണ നിയമപ്രകാരവും പത്രം തെറ്റ് ചെയ്തെന്നു വ്യക്തമാണെന്നും മേഗന്‍ അഭിഭാഷകന്‍ മുഖേന ആരോപിക്കുന്നു. തന്റെ സന്ദേശങ്ങളില്‍ പത്രം വിദഗ്ധമായി എഡിറ്റിങ് നടത്തിയെന്നും മേഗനു പരാതിയുണ്ട്.  

ലവ് എം ആന്‍ഡ് എച്ച് എന്നു മേഗന്‍ എഴുതിയ സന്ദേശത്തിനു മറുപടിയായി ‘ എന്റെ ഹൃദ്രോഗം നിനക്ക് അസൗകര്യമായതില്‍ ഞാന്‍ ഖേദിക്കുന്നു’ എന്ന് തോമസ് മറുപടിയെഴുതിയതും പത്രം പ്രസിദ്ധീകരിച്ച സന്ദേശങ്ങളിലുണ്ട്. 

രാജകീയ ചുമതലകള്‍ ഒഴിയാനുള്ള തീരുമാനത്തിനു പിന്നാലെ ബ്രിട്ടിഷ് രാജ്‍ഞിയുമായി കൂടിക്കാഴ്ച നടത്തിയ മേഗന്‍ കഴിഞ്ഞയാഴ്ച കാനഡയിലേക്കു തിരിച്ചുപോയിരുന്നു. മകന്‍ ആര്‍ച്ചി കാനഡയിലാണ്. ലോകത്തിനു മുഴുവന്‍ അതിശയകരമായ തീരുമാനത്തിനുശേഷം മേഗന്‍ കാനഡയിലെ ഒരു സ്ത്രീ സംരക്ഷണ കേന്ദ്രം സന്ദര്‍ശിക്കുകയും ചെയ്തു.

സന്ദര്‍ശനത്തിന്റെ ചിത്രം പുറത്തുവരികയും ചെയ്തിരുന്നു. നോക്കൂ, ഇന്നു ചായയ്ക്കൊപ്പം ഞങ്ങള്‍ക്കു കിട്ടിയ അതിഥിയെ എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. ബക്കിംഹാം കൊട്ടാരത്തിലെ ഏതാനും ഔദ്യോഗിക ചുമതലകള്‍ കൂടി പൂര്‍ത്തിയാക്കിയതിനുശേഷം ഹാരിയും കാനഡയില്‍ എത്തി മേഗനും ആര്‍ച്ചിക്കുമൊപ്പം കൂടും എന്നാണ് ഇപ്പോഴത്തെ സൂചനകള്‍. 

English Summary: Meghan's father Thomas Markle 'would testify in Mail on Sunday case'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
FROM ONMANORAMA