ADVERTISEMENT

കാൻസർ പിടിമുറുക്കിയപ്പോള്‍ കരളുറപ്പു കൊണ്ടു സധൈര്യം നേരിട്ട രമ്യ അപ്പൂസിന്റെ ജീവിത കഥ പങ്കുവയ്ക്കുകയാണ് കാൻസർ അതിജീവന കൂട്ടായ്മയായ അതിജീവനം കാൻസർ ഫൈറ്റേഴ്സ് ആൻഡ് സപ്പോർട്ടേഴ്സ്. കാൻസർ എന്ന മഹാമാരിയെക്കുറിച്ചുള്ള ബോധമില്ലാത്ത നാളുകളിൽ അവർക്ക് നഷ്ടപ്പെട്ടത് സഹോദരനേയും അച്ഛനേയും. ഒടുവിൽ അപ്രതീക്ഷിതമായി കാൻസർ തന്നേയും വരിഞ്ഞു മുറുക്കിയപ്പോൾ വേദനയുടെ നടുക്കടലിലായി രമ്യയുടെ ജീവിതം. ഒടുവിൽ സ്നേഹം തന്ന് മുറിവുണക്കിയ നന്മമനസുകളുടെ ഇടയിൽ നിന്ന് ജീവിതം തിരിച്ചു പിടിച്ച കഥ രമ്യ വികാരനിർഭരമായി കുറിക്കുന്നു.

രമ്യ അതിജീവനം ഗ്രൂപ്പിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

അതിജീവനത്തിന്റെ രണ്ടാമത്തെ വർഷം..കാന്‍സര്‍ എന്ന രോഗത്തെ കുറിച്ച് കേള്‍ക്കുന്നത് 2004 ല്‍ ആണ്.. ആകെ ഉള്ള ഒരു സഹോദരന് കാന്‍സര്‍ ബാധിക്കുമ്പോള്‍ ഏട്ടന് പ്രായം 27 . അന്ന് കാന്‍സര്‍ എന്നാല്‍ മരണം എന്ന് തന്നെയാണ് വിചാരിച്ചിരുന്നത് . അതിന്‍റെ ചികിത്സകളെ കുറിച്ചോ രോഗത്തിന്‍റെ കാഠിന്യത്തെ കുറിച്ചോ ബോധവാന്മാരായിരുന്നില്ല അധികം പേരും ഉള്ളതെല്ലാം വിറ്റു പെറുക്കി ജീവിതം തിരിച്ച് പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഏട്ടന്‍ പോയി... പിന്നെ 7 വര്‍ഷം കഴിഞ്ഞപ്പോള്‍ 2011 ല്‍ അച്ഛനും വന്നു കാന്‍സര്‍ . ഏട്ടന് ശ്വാസകോശത്തിലാണെങ്കില്‍ അച്ഛനു പക്വാശയത്തില്‍ . വീണ്ടും ചികിത്സ.

കണ്ടുപിടിക്കാന്‍ വൈകി എന്ന കാരണത്താല്‍ അതും ലാസ്റ്റ് സ്റ്റേജായി എന്ന് സ്കാനിംഗില്‍ ഡോക്ടര്‍ പറഞ്ഞു. കണ്ട് പിടിക്കാന്‍ വൈകി എന്ന് പറയുന്നതിലും അര്‍ത്ഥമില്ല കാരണം എന്തെങ്കിലും ലക്ഷണങ്ങള്‍ നമുക്ക് അനുഭവപ്പെട്ടാലല്ലേ മുമ്പേ ഡോക്ടറെ കാണിക്കാന്‍ പറ്റൂ.എന്തായാലും കൃത്യം ഒരുമാസത്തെ ചികിത്സ അച്ഛനും പോയി. ഇതൊക്കെ കണ്ടിട്ടാകാം തമാശ രൂപേണയെങ്കിലും ഞാന്‍ അമ്മയോട് പറഞ്ഞു .

എന്നെങ്കിലും എനിക്ക് ഈ അസുഖം വന്നാല്‍ ആരെയും ഞാന്‍ അറിയിക്കില്ല. ആത്മഹത്യ ചെയ്യും എന്ന്. കാരണം ഇതിന്‍റെ വേദന ഒന്ന് . പിന്നെ ഇനി വില്‍ക്കാനൊന്നുമില്ല ചികിത്സിക്കാന്‍ . എല്ലാം വിറ്റ് പെറുക്കിയാലും ജീവിതം തിരിച്ചു കിട്ടുന്നില്ല പിന്നെന്തിനു വെറുതെ ബാക്കിയുള്ളവര്‍ക്കു ബാദ്ധ്യത ആക്കുന്നു എന്ന ചിന്തയും ഇല്ലാതില്ലായിരുന്നു. അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞു. കൃത്യമായ ഇടവേളയില്‍ അതായത് 7 വര്‍ഷത്തെ ഇടവളയിലാണ് രണ്ടു പേരും പോയത് . 2017 മുതല്‍ എനിക്ക് ആദ്യം ഉണ്ടായത് കാലിലോട്ട് വേദനയായിരുന്നു.തരിപ്പും .

വൈകാതെ അത് നടുവിന് വേദനയായി .പോകെ പോകെ നടക്കാന്‍ വയ്യാതെ പൂര്‍ണ്ണമായും കിടപ്പിലായി . ആദ്യമൊക്കെ മംഗലാപുരം ഹോസ്പിറ്റലില്‍ നിന്നും ഓര്‍ത്തോ ഡോക്ടറെ കാണിച്ചു. പിന്നെ ആയുര്‍വേദിക് ട്രീറ്റ്മെന്‍റെടുത്തു. മാസങ്ങള്‍ ആശുപത്രിയില്‍ തന്നെ ആയി. ഇടക്ക് മാസത്തിലുണ്ടാകുന്ന പീരിയഡ്സ് ക്രമം തെറ്റി രണ്ടും മൂന്നും തവണയൊക്കെ ആയപ്പോഴാണ് ഒന്ന് സ്കാന്‍ ചെയ്യാന്‍ തീരുമാനിച്ചത്. ആസമയത്തൊക്കെ അനുഭവിച്ച വേദന ഇന്നാലോചിക്കുമ്പോള്‍ എങ്ങനെ അതിജീവിച്ചു എന്ന് ആലോചിക്കാന്‍ കൂടി വയ്യ. അങ്ങനെ ആണ് ഓവറിയില്‍ ഒരു ട്യൂമര്‍ ഉള്ളത് കണ്ടത്. മരുന്നിലൂടെയും ഇഞ്ചക്ഷനിലൂടെയും അത് കുറക്കാമെന്ന് ഡോക്ടറുടെ ഉറപ്പിന്മേല്‍ 4 മാസം കടന്നു പോയി, അഞ്ചാമത്തെ മാസം കൃത്യമായി പറഞ്ഞാല്‍ 2018 ജനുവരി 8ന് വേദന അതിന്‍റെ മൂര്‍ദ്ധന്യത്തിലെത്തി . അതെ വീണ്ടും ഏഴാമത്തെ വര്‍ഷം .

കാലത്തിന്‍റെ കൃത്യമായ ഇടവേള. അപ്പോഴും ഞാനറിഞ്ഞില്ല എന്നും പേടിച്ചിരുന്ന അസുഖമാണെന്ന് . ജനുവരി 15 ന് ജീവിതത്തിനും മരണത്തിനും ഇടയിലൂടെയുള്ള നൂല്‍പാലത്തിലൂടെയുള്ള യാത്ര. ഇതേ ദിവസം സര്‍ജറിക്ക് കേറ്റുമ്പോൾ മനസ്സിലൊരു ടെൻഷനും ഉണ്ടായിരുന്നില്ല. ഒരു വർഷമായി ഞാൻ അനുഭവിക്കുന്ന വേദന ഇതോടുകൂടി തീരുമല്ലോ എന്നാശ്വാസമായിരുന്നു. പിന്നെ ഡെലിവറി സർജറി ആയതുകൊണ്ട് അതിന്റെ പേടിയും ഉണ്ടായിരുന്നില്ല. ഒരു മുഴയുള്ളത് നീക്കം ചെയ്യാൻ ആണെന് മാത്രമേ ഡേക്ടർ പറഞ്ഞിരുന്നുള്ളു. അത് കൊണ്ട് തന്നെ സിമ്പിൾ കേസ് അല്ലെ എന്നുള്ള ആശ്വാസവും ഉണ്ടായിരുന്നു. സർജറി കഴിഞ്ഞു രണ്ടു ദിവസത്തെ icu വാസവും കഴിഞ്ഞു റൂമിലെത്തിയപ്പോഴായിരുന്നു രോഗത്തിന്റെ കാഠിന്യം മനസ്സിലായതും.

പിന്നെ മൂന്നാലു ദിവസത്തേക്ക് ഒരു മരവിപ്പ് തന്നെ ആയിരുന്നു. ചുറ്റുള്ളവരുടെ മുഖം കാണുമ്പോൾ നെഞ്ച് പൊട്ടുന്നത് പോലെ. അമ്മേടേം അപ്പൂസിന്റെയും മുഖത്ത് നോക്കാൻ വയ്യ. അറിയാതെ എങ്കിലും കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു. കൂടെ നിന്ന അനിയത്തി എന്റെ അവസ്ഥ പറഞ്ഞു. സുപ്രണ്ടും ഡോക്ടറും അടുത്തിരുത്തി ഒരു കുഞ്ഞിനോടെന്ന പോലെ എന്നെ എല്ലാം പറഞ്ഞു മനസ്സിലാക്കി. എന്നാലും ഉള്ളിൽ ഒരു കടൽ ഇരമ്പുന്നുണ്ടായിരുന്നു. പതിയെ പതിയെ ഞാൻ എന്നിലേക്ക് തന്നെ മടങ്ങി. ബിയോപ്സി റിസൾട്ട്‌ വന്നപ്പോഴേക്കും മനസ്സിനെ പാകപ്പെടുത്തിയിരുന്നു. ഡിസ്ച്ചാർജിനു dr തന്ന കേസ് ഷീറ്റ് വായിച്ചപ്പോൾ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ ആയിരുന്നു. വരുമ്പോൾ dr പറഞ്ഞു ഇനി ഒന്നും പേടിക്കാനില്ല കാന്‍സര്‍ എന്ന അസുഖം ബാധിച്ച എല്ലാ അവയവവും ഇങ്ങെടുത്തു..

തുടക്കം ആയതോണ്ട് റേഡിയേഷനും കീമോയും ഒന്നും ആവശ്യമില്ലെന്നും. ആ ഒരു ധൈര്യത്തിൽ വീട്ടിൽ വന്നു. ആറു മാസം കഴിഞ്ഞപ്പോള്‍ വീണ്ടും ചെക്ക് ചെയ്തു. ഒന്നുമില്ലാന്ന് ഡോക്ടര്‍ പറഞ്ഞു വീണ്ടും ആവര്‍ത്തിച്ചു പറഞ്ഞു ടെന്‍ഷന്‍ വേണ്ട . മോള്‍ക്കിനി അത് വരൂല്ലാന്ന്.. . ആ ദിവസങ്ങളില്‍ ഇതിലെ കൂട്ടുകാരായ ഡോക്ടര്‍മാരും നഴ്സുമാരും ഒക്കെ വിളിച്ചു. ഒന്നും വരില്ലെന്ന് അവരും ഉറപ്പ് തന്നു. ഇന്ന് രണ്ട് വര്‍ഷമാകുമ്പോള്‍ തിരിഞ്ഞു നോക്കുന്നു ആ കാലയളവിലേക്ക്... നന്ദി പറഞ്ഞാല്‍ തീരില്ല ആരോടും. എന്‍റെ ഓപ്പറേഷന്‍റെ മുഴുവന്‍ ചിലവും വഹിച്ച അഴീക്കോട് ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ സൂരജ് പാണയില്‍ എന്ന സൂരജേട്ടനും ഭാര്യ ഷംനയും. ഒരു ദിവസം വൈകിയെങ്കില്‍ ഞാനില്ല എന്നും , ഇനിയെല്ലാം എന്നെക്കാള്‍ വിശ്വസിക്കാവുന്ന ഒരു ശക്തി മാത്രമേയുള്ളൂ എന്നും പറഞ്ഞു സര്‍ജറി നടത്തിയ ഡോക്ടറോട്. 

തിരിച്ച് വരണം ഞാനെന്ന് കരുതി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ച നാട്ടുകാരോട്. എല്ലാ വിവരവും വിളിച്ച് അന്വേഷിച്ച നാട്ടിലെയും ഇതിലെയും സുഹൃത്തുക്കള്‍ അങ്ങനെ ഒരു പാട് പേര്‍. ഇന്നും എന്തേലും അസ്വസ്ഥത തോന്നിയാല്‍ ഏയ് നിനക്കൊന്നുമില്ല ഒരു പ്രശ്നവും ഇല്ല എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്ന എന്‍റെ ചങ്ക് കൂട്ടിനോട്. ഒരു കുഞ്ഞിനെയെന്ന പോലെ എന്നെ ആ ദിവസങ്ങളില്‍ നെഞ്ചോട് ചേര്‍ത്ത് സംരക്ഷിച്ച രശ്മി എന്ന അനിയത്തിയോട്. കൂടെ നിന്ന സൗഹൃദങ്ങളോട്, അമ്മയോട് സന്തോഷേട്ടനോട് അപ്പൂസിനോട് അങ്ങനെ എല്ലാവരോടും .

ഇപ്പോള്‍ ഞാന്‍ അതിജീവനം കാന്‍സര്‍ ഫൈറ്റേര്‍സ് എന്ന വാട്സ് അപ്പ് ഗ്രൂപ്പിലെ അംഗമാണ്. അതിലുള്ള മറ്റ് കൂടപ്പിറപ്പുകളുടെ അനുഭവം കേള്‍ക്കുമ്പോള്‍, അറിയുമ്പോള്‍ ഞാനനുഭവിച്ചതൊന്നും ഒന്നുമല്ലെന്ന് തിരിച്ചറിയുന്നുണ്ട്. ഈ അസുഖം വന്നത് കൊണ്ട് ബന്ധങ്ങളെ മനസ്സിലാക്കാന്‍ കഴിഞ്ഞു. മാത്രമല്ല ഒരു പരിചയവുമില്ലാതിരുന്ന , ഇപ്പോള്‍ എന്നും ഒന്നിച്ചുണ്ടാകുന്ന ഇതിലെ കുറെ കൂടപ്പിറപ്പുകളെ കിട്ടി. അത് തന്നെയാണ് ഏറ്റവും വലിയ ആത്മവിശ്വാസവും . ഇനി എന്ത് വന്നാലും ജീവിതം തിരിച്ച് പിടിക്കാം എന്നആത്മധൈര്യം കൈമുതലാക്കാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ സമ്പാദ്യം. ഈ ജീവിതം എന്നത് ഒരു നീര്‍ക്കുമിള പോലെയാണ് അത് കൊണ്ട് തന്നെ ആരോടും ദേഷ്യമില്ലാതെ എല്ലാവരെയും സ്നേഹിച്ച് ഒരു പുഞ്ചിരിയോടെ മുന്നോട്ട് പോകണം എന്ന തിരിച്ചറിവും ഈ അസുഖം മനസ്സിലാക്കി തന്നു.

നന്ദിയാരോടു ഞാൻ ചൊല്ലേണ്ടൂ എന്നു നമ്മൾ പറയാറുണ്ട്. അങ്ങനെ ആരോടെങ്കിലും നന്ദി പറഞ്ഞു തീർക്കാവുന്നതാണോ എന്‍റെ ഈ ജന്മം...... ഒരിക്കലും അല്ല.. പറഞ്ഞാല്‍ തന്നെ അത് നന്ദികേടാവും.. കുഞ്ഞുനാള്‍ മുതല്‍ വിക്രമാദിത്യന്‍റെ മുതുകില്‍ വേതാളം എന്ന പോലെ എന്റെ കൂടെ ഇരിക്കുന്ന അനിയത്തി Rasmitha Rajesh അവളാണ് ഇന്നും എന്റെ കൂടെ ഉണ്ടാകുന്നത്. ഇടക്കിടെ തിരിഞ്ഞു നോക്കണം ജീവിതത്തില്‍ എന്നാലേ ജീവിതമെന്തെന്ന് നമുക്ക് മനസ്സിലാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com