ADVERTISEMENT

ആർമി ഡേ പരേഡിൽ ഇന്ത്യൻ സൈന്യത്തെ നയിച്ച ആദ്യ വനിതാ ആർമി ഓഫീസറായി ചരിത്രം കുറിച്ചിരിക്കുകയാണ് ടാനിയ ഷെർഗിൽ. കാക്കി യൂണിഫോമിൽ ആര്‍മിയുടെ അഭിമാനമായ പടവാൾ (ആചാരപരമായ വാൾ) കയ്യിലേന്തി ടാനിയ സേനയെ നയിച്ചപ്പോൾ അഭിമാനിച്ചത് രാജ്യത്തെ സ്ത്രീ സമൂഹം. കരിയപ്പ പരേഡ് ഗ്രൗണ്ടിൽ നടന്ന ആർമി ഡേ പരേഡിലായിരുന്നു ആർമിയുടെ ശക്തി പ്രകടനത്തെ ടാനിയ നയിച്ചത്. ജനുവരി 26ന് ഡൽഹിയിൽ നടക്കാനിരിക്കുന്ന റിപ്പബ്ലിക് ദിന പരേഡിലും ഇന്ത്യൻ ആർമിയെ നയിക്കുന്നത് ടാനിയ ആയിരിക്കും. 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വച്ച ‘നാരി ശക്തി’ പ്രകാരം റിപ്പബ്ലിക് ദിന പരേഡിൽ കര–വ്യോമ–നാവിക സേനകളെ നയിച്ചത് വനിതകളായിരുന്നു. 

പഞ്ചാബിലെ ഹോഷൈപുരാണ് ടാനിയയുടെ ജൻമനാട്. സൈനിക സാഹസിക കഥകൾ കേട്ടു വളർന്നതിനാൽ കുട്ടിക്കാലം മുതൽ സൈന്യത്തിൽ ചേരണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നതായി ടാനിയ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ നിന്നാണ് ടാനിയ  പരിശീലനം നേടിയത്. 

‘വലിയ അഭിമാനം തോന്നുന്ന നിമിഷം. ജീവിതത്തിൽ ഇങ്ങനെയൊരു അവസരം ലഭിച്ചത് അനുഗ്രഹമായി കരുതുന്നു’ എന്നായിരുന്നു ആർമി ഡേ പരേഡിനു ശേഷം ടാനിയയുടെ പ്രതികരണം. എൻജിനീയറിങ് അവസാന വര്‍ഷത്തിലായിരുന്നു ഞാൻ സൈന്യത്തിലേക്ക് അപേക്ഷ നൽകുന്നത്. പിന്നീട് ചെന്നൈ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ നിന്നും പരിശീലനം പൂർത്തിയായ ശേഷം 2017ൽ ജോലിയിൽ പ്രവേശിച്ചു. ആർമി ഡേ പരേഡിൽ തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ അത് ചരിത്രമായിരിക്കുമെന്ന് എനിക്കു നേരത്തെ അറിയാമായിരുന്നു’.– ക്യാപ്റ്റൻ ടാനിയ ഷെർഗാൾ വ്യക്തമാക്കി. ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത വ്യക്തിയായിരുന്നു തന്റെ മുത്തശ്ശനെന്നും ടാനിയ പറഞ്ഞു. 

2017ൽ ഇന്ത്യൻ ആർമിയിൽ ചേരുന്നതിനു മുൻപ് നാഗ്പുർ സർവകലാശാലയിൽ നിന്നും ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷൻസിൽ എൻജിനീയറിങ് ബിരുദവും ടാനിയ നേടി. മുംബൈയിലായിരുന്നു ക്യാപ്റ്റൻ ടാനിയയുടെ കുടുംബം. അധ്യാപികയായ അമ്മ ജോലിയിൽ നിന്ന് വിരമിച്ച ശേഷം പഞ്ചാബിലേക്ക് താമസം മാറ്റി. ഒൻപതു വർഷമായി ഹോഷിയാർപുരിലെ ഗാർദിവാലയിലാണ് ടാനിയയുടെ കുടുംബം. 

English Summary: Who Is Captain Tania Shergill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com