sections
MORE

‘അവർ ചോദിച്ചു: ഉളുപ്പില്ലേ...അതിന് ഞാന്‍ വെളുത്തിട്ടല്ല’, ബ്ലാക്ഫിഷിങ് ആക്രമണത്തിൽ സുചിത്രയുടെ മറുപടി

suchithra-menon
സുചിത്ര മേനോൻ
SHARE

ഉറൂബിന്റെ രാച്ചിയമ്മയായി പാർവതി തിരുവോത്ത് എത്തുന്നതിനെതിരെ വലിയ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ വന്നത്. രാച്ചിയമ്മ കറുത്തവളാണെന്നും ആ കഥാപാത്രമാകാൻ വെളുത്ത നിറമുള്ള പാർവതിയെ തിരഞ്ഞെടുത്തത് എന്തിനാണെന്ന തരത്തിലുള്ള വിമർശനങ്ങളായിരുന്നു സജീവമായത്. ബ്ലാക് ഫിഷിങ് ക്യാംപയിൻ എന്ന പേരിൽ ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പ്രചാരണങ്ങളും ഉണ്ടായി. വെളുത്ത നിറമുള്ളവർ കറുത്തവരെ പ്രതിനിധീകരിക്കരുതെന്ന വാദം മുന്നോട്ടു വച്ചായിരുന്നു ക്യാംപയിൻ. ഇത്തരം ക്യംപയിൻ മോഡലിങ് രംഗത്തും സജീവമായി. ഒരു ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരിൽ സുചിത്ര മേനോൻ എന്ന യുവതിയും സോഷ്യൽ മീഡിയയില്‍ വലിയ വിമർശനത്തിന് ഇരയായിരുന്നു.

സംഭവത്തെ കുറിച്ച് സുചിത്ര പറയുന്നത് ഇങ്ങനെ: ചെറിയ രീതിയിൽ മാത്രം മോഡലിങ് രംഗത്തുള്ള വ്യക്തിയാണ് ഞാൻ. ഇതുവരെ രണ്ട് വർക്കുകൾ മാത്രമാണ് ചെയ്തത്. സവിത സവാരിയ ചെയ്ത ഒരു വർക്കായിരുന്നു. ഞാൻ ഒരു വെളുത്ത ആളൊന്നുമല്ല. ഇരുണ്ട നിറമുള്ള ആൾ തന്നെയാണ്. തീം ഇതായിരുന്നു. ഈ തീമിന് ഞാൻ ചേരുമെന്ന് തോന്നിയതിനാലാണ് സവിത വിളിച്ചത്. നിറത്തിന്റെ പേരിൽ ഇത്രയും വിമർശനങ്ങൾ നേരിടേണ്ടി വരുമെന്ന് അറിഞ്ഞിരുന്നില്ല. ഈ വർക്ക് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ ഫോട്ടോകൾ സ്ത്രീകളുടെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ ഞാൻ ഷെയർ ചെയ്തു. അവിടെ നിന്നാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.

ആ ഗ്രൂപ്പിൽ ഒരാൾ വലിയ വിമർശനങ്ങളുമായി വന്നു. ആദ്യത്തെ ഫോട്ടോ വന്നപ്പോൾ അവർ എന്നോട് ഉളുപ്പില്ലേ എന്നു ചോദിച്ച് കമന്റ് ചെയ്തു. അതിനു ഞാൻ മറുപടി നൽകി. പിന്നെയും അവർ എന്തെല്ലാമോ ആ ഗ്രൂപ്പിൽ പറഞ്ഞു. ഞാനതെല്ലാം അവഗണിക്കുകയായിരുന്നു. മൂന്നാമത്തെ ഫോട്ടോ ഞാനിട്ടപ്പോൾ നിന്നെ ഓർത്ത് ലജ്ജ തോന്നുന്നു എന്ന് അവർ കമന്റ് ചെയ്തു. എനിക്ക് ഇവരെ നേരിട്ട് അറിയില്ല. ഇങ്ങനെ ഒരു കമന്റ് വന്നപ്പോഴാണ് ശ്രദ്ധിക്കുന്നത്. അവർ ഒരു ഡോക്ടറാണെന്നു മാത്രം അറിയാമായിരുന്നു. ഇങ്ങനെ ചില പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഇത് ആദ്യം പറഞ്ഞ് അവസാനിപ്പിച്ചതല്ലേ, ഓരോ ഫോട്ടോയും ഇടുമ്പോൾ ഇങ്ങനെ പറയുന്നതു ശരിയല്ലെന്നും ഈ ഗ്രൂപ്പിൽ പറ്റില്ലെന്നും അതിലുള്ള മറ്റുള്ളവർ പറഞ്ഞു. ഗ്രൂപ്പിൽ ഇടുന്നില്ല, തന്റെ ഫെയ്സ് ബുക്ക് വാളിൽ ഇടാമല്ലോ എന്നു പറഞ്ഞ് ഇവർ എന്റെ ഫോട്ടോയുടെ സ്ക്രീൻ ഷോട്ടുകളും ഫെയ്സ്ബുക്ക് വാളിലിട്ടു. തുടർന്ന് പല അക്കൗണ്ടുകളിൽ നിന്നും മോശമായ ഭാഷയിൽ എനിക്ക് മെസേജുകൾ വന്നു. കുറെ പേരെ ടാഗ് ചെയ്തായിരുന്നു അവർ ഈ പോസ്റ്റ് ഇട്ടത്.

suchithra-2

സത്യത്തിൽ ഇതുചെയ്യുമ്പോൾ ബ്ലാക് ഫിഷിങ് എന്താണെന്നൊന്നും എനിക്കറിയില്ല. രാച്ചിയമ്മയുടെ വിഷയത്തിൽ ഇവരിട്ട യൂട്യൂബ് ലിങ്ക് കാണുമ്പോഴാണ് ബ്ലാക് ഫിഷിങ് എന്ന വാക്കു പോലും കേട്ടത്. അവർ എനിക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടപ്പോഴും ഞാൻ മറുപടി നൽകിയില്ല. പിന്നെ, ഞാൻ വെളുത്തൊരു കുട്ടിയാണെന്ന് തെറ്റിദ്ധരിച്ചായിരിക്കണം അവർ ഇങ്ങനെയെല്ലാം ചെയ്തത്. കാരണം എനിക്ക് അവരെ നേരിട്ടു പരിചയമില്ല. ഫെയ്സ്ബുക്കിലും മറ്റും ആപ്പുകൾ ഉപയോഗിച്ച് ഞാൻ ഷെയർ ചെയ്ത ഫോട്ടോകൾ കണ്ട് തെറ്റിദ്ധരിച്ചതായിരിക്കും. മാത്രമല്ല, നിറത്തിന്റെ പേരിലൊന്നും എടുത്തതല്ല ഈ ഫോട്ടോ.

സുചിത്ര മേനോൻ എന്ന എന്റെ പേരിന്റെ വാലിൽ പിടിച്ചും അവർ വിമര്‍ശിച്ചു. പേരിന്റെ വാലുകൊണ്ട് ഞാൻ ഇതുവരെ ആരെയും ഉപദ്രവിക്കുകയോ ആർക്കും മുന്നിൽ ആളാകാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. ഒരു ക്രിസ്ത്യൻ വധുവായി ചെയ്തിരുന്നു. അതിൽ വെളുത്ത ആളായാണ് ചെയ്തത്.’– സുചിത്ര പറഞ്ഞു.

നമുക്ക് കറുപ്പ് മേക്കപ്പ് വേണോ, വെളുത്ത മേക്കപ്പ് വേണോ എന്നെല്ലാം തീരുമാനിക്കുന്നത് നമ്മളെ തിരഞ്ഞെടുക്കുന്നവരല്ലേ എന്നും സുചിത്ര ചോദിക്കുന്നു. ഈ വർക്ക് ചെയ്ത സംവിധായികയും അതിന്റെ ഫോട്ടോഗ്രാഫറും എല്ലാം ആവശ്യപ്പെടുന്നത് അങ്ങനെ താത്പര്യമുള്ള മോഡലുകൾ ഉണ്ടെങ്കിൽ മുന്നോട്ടു വരണം എന്നു തന്നെയാണ്. കറുത്തതിന്റെ പേരിൽ അവസരം നിഷേധിക്കുകയോ, വെളുത്തതിന്റെ പേരിൽ അവസരം ലഭിക്കുകയോ ചെയ്യുന്നില്ലെന്നും സുചിത്ര വ്യക്തമാക്കി. നിറത്തിന്റെ പേരിൽ അങ്ങനെയൊക്കെ ചിന്തിക്കുന്നവർ ഉണ്ടാകാം. പക്ഷേ, ഞാൻ അങ്ങനെ ഒരാളല്ല. നിറത്തിന്റെയോ ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ പേരിൽ ഇതുവരെ ആരെയും വിലയിരുത്തിയിട്ടില്ലെന്നും സുചിത്ര പറഞ്ഞു.

English Summary: Suchithra Menon About Black Fishing Attack Against Her In Social Media

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA