ADVERTISEMENT

സ്പീക്കര്‍ക്കു പതിവുള്ള ഹസ്തദാനം നല്‍കാതെ പ്രസിഡന്റ്, പ്രസിഡന്റിന്റെ നേട്ടങ്ങളുള്‍ക്കൊള്ളുന്ന പ്രസംഗം കീറിയെറിഞ്ഞ് സ്പീക്കറും. അധികാര ദുര്‍വിനിയോഗത്തിന്റെ പേരില്‍ പ്രസിഡന്റ് ഇംപീച്ച്മെന്റ് ഭീഷണി നേരിട്ട അമേരിക്കയിലാണു നാടകീയ നീക്കങ്ങള്‍. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സ്പീക്കര്‍ നാന്‍സി പെലോസിയുമാണ്  കഥാപാത്രങ്ങള്‍. 

ഇംപീച്ച്മെന്റ് നടപടിയുടെ പേരില്‍ പ്രസിഡന്റ് ട്രംപും ഡെമോക്രാറ്റുകളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെയാണ് വിചിത്രമായ നപടപടികള്‍ക്ക് ഇന്നലെ അമേരിക്ക സാക്ഷ്യം വഹിച്ചത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് എഴുതിത്തയ്യാറാക്കിയ മറുപടിയുമായി പ്രസിഡന്റ് ട്രംപ് എത്തിയതോടെയാണ് നാടകീയ നീക്കങ്ങള്‍ തുടങ്ങിയത്. സ്പീക്കര്‍ നാന്‍സി പെലോസി എഴുന്നേറ്റുനിന്ന് പ്രസിഡന്റിനു നേരെ കൈകള്‍ നീട്ടിയെങ്കിലും തുറിച്ചുനോക്കി, കൈ കൊടുക്കാതെ ട്രംപ് നടന്നുനീങ്ങി. സെനറ്റില്‍  പിന്നീട് ട്രംപ് ആരോപണങ്ങള്‍ക്ക് ഒന്നൊന്നായി മറുപടി പറയുമ്പോള്‍ ചുണ്ടമര്‍ത്തിപ്പിടിച്ചു കേട്ടുനില്‍ക്കുകയായിരുന്നു പെലോസി. പ്രസംഗം പുരോഗമിക്കുന്നതിനിടെ, പ്രസിഡന്റിന്റെ തൊട്ടുപിന്നില്‍ ഇരുന്ന പെലോസിയുടെ മുഖത്ത് പരിഹാസം നിറയുന്നതും അവര്‍ നിഷേധാര്‍ഥത്തില്‍ തലയാട്ടുന്നതും കാണാമായിരുന്നു. പ്രസിഡന്റ് പ്രസംഗം അവസാനിച്ചതോടെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ആരവങ്ങള്‍ മുഴക്കിയും കൈയടിച്ചും എഴുന്നേറ്റു. അതോടെ അതുവരെ നിശബ്ദയായിരുന്ന നാന്‍സി പെലോസിയുടെ നിയന്ത്രണം വിട്ടു. പരസ്യമായിത്തന്നെ പെലോസി പ്രസിഡന്റിന്റെ പ്രസംഗത്തിന്റെ കോപ്പി ‌കീറിയെറിയുകയും ചെയ്തു. 

ഈ നടപടിയെക്കുറിച്ച് പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, എത്രമാത്രം എതിര്‍ക്കുന്നവരായാലും ഹസ്തദാനം നിഷേധിക്കുന്നത് തെറ്റാണെന്നായിരുന്നു നാന്‍സി പെലോസിയുടെ മറുപടി. പിന്നീട് ട്വിറ്ററിലും പെലോസി തന്റെ നിലപാട് വിശദീകരിച്ചു. സഭയില്‍ എതിര്‍ക്കുന്നതും ആരോപണങ്ങള്‍ ഉന്നയിക്കുന്നതും മറുപടി പറയുന്നതും സ്വാഭാവികം. പക്ഷേ, മര്യാദകള്‍ ഡെമോക്രാറ്റ് അംഗങ്ങള്‍ ഒരിക്കലും മറക്കാറില്ല. സൗഹൃദത്തിന്റെ വാതിലുകള്‍ എന്നും ഡെമോക്രാറ്റുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും പെലോസി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. 

ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സഭ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് നടപടിക്ക് അംഗീകാരം നല്‍കിയെങ്കിലും സെനറ്റില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ കക്ഷിക്കാണു ഭൂരിപക്ഷം. പ്രതീക്ഷിച്ചതു പോലെ സെനറ്റ് ട്രംപിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു. ഇതിനിടെയാണ് ട്രംപ് നാന്‍സി പെലോസിയുമായി ഇടഞ്ഞതും സംഭവം വിവാദമായതും. ഇംപീച്ചമെന്റ് പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ നാന്‍സി അനുമതി കൊടുത്തതാണ് ട്രംപിനെ ക്ഷുഭിതനാക്കിയതെന്നാണു സൂചന. 

ട്വിറ്ററില്‍ പലതവണ നാന്‍സിയെ ട്രംപ് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഭ്രാന്തിയായ നാന്‍സി എന്നൊക്കെ ട്രംപ് പലപ്പോഴും അവരെ അഭിസംബോധന ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം ട്രംപ് ആരോപണങ്ങള്‍ക്കു മറുപടി പറയുമ്പോള്‍ റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ ഓരോ വാചകത്തിനും കയ്യടിക്കുകയും ആരവങ്ങള്‍ മുഴക്കി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഡെമോക്രാറ്റുകളാകട്ടെ അധിക സമയവും നിശ്ശബ്ദരായി ഇരുന്നു. അവസരം കിട്ടിയപ്പോഴൊക്കെ പരിഹസിക്കാനും കൂവിവിളിക്കാനും അവര്‍ മറന്നതുമില്ല. 

ഇതിനിടെ ട്രംപിന്റെ പ്രസംഗം കീറിയെറിഞ്ഞ നാന്‍സി പെലോസിയുടെ നടപടിക്കെതിരെ ഡെമോക്രാറ്റുകള്‍ രംഗത്തെത്തുകയും ചെയ്തു. ട്രംപിനെ മാത്രമല്ല പെലോസി ആക്ഷേപിച്ചിരിക്കുന്നതെന്നും പ്രസംഗത്തില്‍ എടുത്തുപറ‍ഞ്ഞിരിക്കുന്ന അമേരിക്കക്കാരെ മുഴുവനുമാണ് ആക്ഷേപിച്ചതെന്നുമാണ് അവരുടെ ആരോപണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com