ADVERTISEMENT

ഒറ്റനോട്ടത്തിൽ ആ ഉടുപ്പിൽ പ്രത്യേകിച്ച് കൗതുകമൊന്നും തോന്നില്ല. എന്നാല്‍ ഓസ്കർ പുരസ്കാരങ്ങളുടെ മാത്രമല്ല, പ്രതിഷേധങ്ങളുടെ കൂടി വേദിയാണെന്ന് ഒരിക്കൽ ഓർമിപ്പിക്കുകയാണ് നതാലി പോർട്മാൻ തന്റെ പ്രതിഷേധ ഉടുപ്പിലൂടെ. സ്ത്രീകൾക്കു വേണ്ടിയായിരുന്നു ഓസ്കർ പുരസ്കാര വേദിയിൽ നതാലിയുടെ വേറിട്ട പ്രതിഷേധം.

മികച്ച സംവിധായകര്‍ക്കുള്ള നോമിനേഷനിൽ നിന്നും തഴയപ്പെട്ട വനിതാ സംവിധായകർക്കു വേണ്ടിയായിരുന്നു മുൻഓസ്കർ ജേതാവ് നതാലി പോർട്മാന്റെ വേറിട്ട പ്രതിഷേധം. പലരീതിയിലുള്ള പ്രതിഷേധങ്ങൾ ഓസ്കർ വേദി മുൻപും കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു പ്രതിഷേധം ഇതാദ്യം.

US-92ND-ANNUAL-ACADEMY-AWARDS---ARRIVALS
നതാലി പോർട്മാൻ. ചിത്രം∙ എഎഫ്പി

റെഡ്കാർപറ്റിൽ സ്വന്തം വസ്ത്രത്തിലൂടെയായിരുന്നു നതാലി തന്റെ പ്രതിഷേധം ലോകത്തെ അറിയിച്ചത്. മികച്ച സംവിധായകർക്കുള്ള പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ട വനിതകളുടെ പേരുകൾ ഉടുപ്പിൽ ആലേഖനം ചെയ്തിരുന്നു. കറുത്തഗൗണിൽ സ്വർണലിപിയിൽ എഴുതപ്പെട്ട പേരുകൾ ചൂണ്ടി നതാലി പോർട്മാൻ പറഞ്ഞു. ‘ഇത് അവർക്കു വേണ്ടിയാണ്. മികച്ച സംവിധായകർക്കുള്ള പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ട സ്ത്രീകൾക്കു വേണ്ടി.’

സെലിനെ ഷ്യാമ(പോർട്രെയ്റ്റ് ഓഫ് എ ലേഡി ഓൺ ഫയർ), ഗ്രേറ്റ ഗെർവിഗ് (ലിറ്റില്‍ വുമൻ), അല്‍മ ഹാരൽ (ഹണി ബോയ്), ലോറൻ സ്കഫാരിയ (സ്കഫ്ലേഴ്സ്), ലുലു വാങ് (ദ് ഫെയർവൽ), മെലിന മാറ്റ് സൗകാസ് (ക്യൂൻ ആന്റ്  സ്ലിം), മേരിയല്ലെ ഹെലർ (എ ബ്യൂട്ടിഫുൾ ഡേ ഇൻ ദ് നൈബർ ഹുഡ്), മാറ്റി ഡിയോപ്പ് (അറ്റ്ലാന്റിക്സ്) എന്നിങ്ങനെ എട്ടു സംവിധായകരുടെ പേരുകളാണ് നതാലി ഗൗണില്‍ കൊത്തിവച്ചത്. 

ഗെര്‍വിർഗിന്റെ ലിറ്റിൽ വുമണിന് ഇക്കുറി ആറ് നോമിനേഷനുകൾ ലഭിച്ചെങ്കിലും മികച്ച സംവിധായകരുടെ പട്ടികയിൽ മാത്രം ഇടംനേടിയില്ല. ഡിയോപിന്റെ അറ്റ്ലാന്റിക്സ് കാനില്‍ ഗ്രാന്റ്പ്രി ലഭിച്ചിരുന്നു. വാങ്ങിന്റെ ദ് ഫെയർവെലിന് ഗോൾഡൻ ഗ്ലോബിലും നോമിനേഷൻ ലഭിച്ചിരുന്നു. സ്ത്രീകളെ ഒഴിവാക്കിയതിന് അക്കാദമിക്കെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. 2010ൽ ബ്ലാക്ക് സ്വാനിലെ അഭിനയത്തിന് നതാലി പോർട്മാന് ഓസ്കർ ലഭിച്ചിരുന്നു. രണ്ടുവർഷം മുൻപും വനിതകളെ ഒഴിവാക്കുന്നതിനെതിരെ നതാലി ഓസ്കർ വേദിയിൽ വലിയ വിമർശനം ഉന്നയിച്ചിരുന്നു. 

English Summary: Natalie Portman’s Oscars cape honors the women directors the Academy ignored

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com