ADVERTISEMENT

ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്(ടിസ്) ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസ് എടുത്ത നടപടിയെ എതിര്‍ത്ത് അധ്യാപക യൂണിയനും. വിദ്യാര്‍ഥിക്കെതിരെ കേസ് എടുത്ത നടപടിയെ വിമര്‍ശിച്ച് വിദ്യാര്‍ഥി യൂണിയന്‍ രംഗത്തുവന്നു രണ്ടു ദിവസത്തിനുശേഷമാണ് ടിസിലെ അധ്യാപക യൂണിയനും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. 21 വയസ്സുള്ള വിദ്യാര്‍ഥിയെ കേസില്‍ ബലിയാടാക്കുകയാണെന്നാണ് അധ്യാപക യൂണിയന്‍ ഇപ്പോള്‍ ആരോപിക്കുന്നത്. ജനന സര്‍ട്ടിഫിക്കറ്റില്‍ ഉര്‍വശി എന്നു പേരുള്ള ക്രിസ് ചൂഡാവാല എന്ന പേരുപയോഗിക്കുന്ന ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ഥിക്കും മറ്റ് 50 പേര്‍ക്കും എതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. 

കഴിഞ്ഞദിവസം മുംബൈയില്‍ ട്രാന്‍ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ നടത്തിയ കൂട്ടായ്മയില്‍ ജെഎന്‍യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതിനാണ് ഉര്‍വശി ഉള്‍പ്പെടെ അമ്പതോളം വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബിജെപിയുടെ കിരിത് സോമയ്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ്. മുംബൈ പ്രൈഡ് സോളിഡാരിറ്റി ഗാതറിങ് എന്ന പരിപാടിയില്‍ ഫെബ്രുവരി ഒന്നിനാണ് ഉര്‍വശി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തുതും മുദ്രാവാക്യം വിളിച്ചതും. 

പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാര്‍ഥികളെ ബലിയാടാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് അധ്യാപക യൂണിയനും ആരോപിക്കുന്നു. സമാധാനപരമായ മാര്‍ച്ചാണ് വിദ്യാര്‍ഥികള്‍ നടത്തിയത്. സംഭവത്തെ വലുതാക്കി ചിത്രീകരിച്ച് രാജ്യവിരുദ്ധ നടപടിയായി വ്യഖ്യാനിക്കാനാണ് ഇപ്പോഴത്തെ ശ്രമങ്ങള്‍. ഇത് മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതിയുടെ ഭാഗമായാണു തോന്നുന്നത്. ടിസ് എന്ന പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനത്തെ കരിതേച്ചുകാണിക്കാനുള്ള നടപടിയുടെ ഭാഗം കൂടിയാണിത്. ഭരണഘടനാ പരമായ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി നിലകൊള്ളുന്ന സ്ഥാപനമാണ് ടിസ്- അധ്യാപക യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യമുണ്ട്. ഈ വിഷയത്തില്‍ ഒരു ‍്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥിയുടെ പേരും വിശദാംശങ്ങളും വെളിപ്പെടുത്തി ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് പൊലീസിന്റെയും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും നീക്കം. ഇതു തികച്ചും രാഷ്ട്രീയമായ ദുരുദ്ദേശ്യത്തോടെയാണ്. സംഭവത്തില്‍ ഞങ്ങള്‍ വിദ്യാര്‍ഥിക്കൊപ്പം നിലകൊള്ളുന്നു. ഒപ്പം എത്രയും വേഗം നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെടുന്നു-അധ്യാപക യൂണിയന്‍ പ്രസ്താവനയില്‍ പറയുന്നു. 

ക്രിസ് ചൂഡാവാല എന്ന പേരിനു പകരം പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഉര്‍വശി എന്ന പേരാണ് പൊലീസ് ഉപയോഗിച്ചിരിക്കുന്നത്. രാജ്യദ്രോഹക്കേസ് എടുത്ത നടപടിയില്‍ വിദ്യാര്‍ഥി മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചെങ്കിലും സെഷന്‍സ് കോടതി അപേക്ഷ തള്ളുകയായിരുന്നു. ജാമ്യത്തിനുവേണ്ടി വിദ്യാര്‍ഥി മുംബൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. 

English Summary: TISS teachers condemn sedition case against student

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com