sections
MORE

കോണ്‍ഗ്രസിന്റെ തോൽവിയിലേക്ക് ഷീല ദീക്ഷിതിനെ വലിച്ചിഴയ്ക്കരുത്: ലതിക ദീക്ഷിത്

Sheila Dixit
SHARE

തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ട് ശതമാനവുമായി കോണ്‍ഗ്രസ് ഡല്‍ഹിയില്‍ തകര്‍ന്നടിഞ്ഞതിനെത്തുടര്‍ന്നുണ്ടായ വാഗ്വാദത്തില്‍ മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ കൂടി വലിച്ചിഴച്ചതിനെതിരെ മകള്‍ ലതിക ദീക്ഷിത് രംഗത്ത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ ചുമതലയുണ്ടായിരുന്നു എഐസിസി സെക്രട്ടറി പി.സി.ചാക്കോ സ്ഥാനം രാജിവച്ചതിനുപിന്നാലെയാണ് ഷീല ദീക്ഷിതിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. മൂന്നു തവണയായി 15 വര്‍ഷമാണ് ഷീല ഡല്‍ഹി ഭരിച്ചത്. അക്കാലത്തെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് ഇത്തവണ വോട്ടു തേടിയതും. പക്ഷേ ദയനീയമായി പരാജയപ്പെടാനായിരുന്നു വിധി. കോണ്‍ഗ്രസിന്റെ തകര്‍ച്ച ഷീലയുടെ കാലത്താണു തുടങ്ങിയതെന്ന ചാക്കോയുടെ പരാമര്‍ശമാണ് ലതികയെ ചൊടിപ്പിച്ചത്. 

മനഃസാക്ഷിയുള്ള ഒരാള്‍ക്കും ഇത്തരമൊരു ആരോപണം ഉന്നയിക്കാന്‍ കഴിയില്ല- ലതിക പറയുന്നു. മരിച്ചുപോയ ഒരു വ്യക്തിക്കെതിരെയാണ് ആരോപണം ഉന്നയിക്കുന്നത് എന്നെങ്കിലും ചാക്കോ ഓര്‍മിക്കണമായിരുന്നു- ലതിക പറയുന്നു. അമ്മയുടെ വിയോഗത്തിലൂടെ ഏറ്റവും വലിയ നഷ്ടമാണ് എനിക്ക് ഉണ്ടായിരിക്കുന്നത്. ഇപ്പോഴും ആ ദുഃഖത്തില്‍നിന്നു ഞാന്‍ മുക്തയായിട്ടുമില്ല. നമ്മളൊക്കെ പഠിച്ച സംസ്കാരം നമ്മോടു പറയുന്നത് ഈ ലോകത്തു നിന്നു കടന്നുപോയവരെക്കുറിച്ച് മോശം പറയരുതെന്നാണ്. പക്ഷേ, ചാക്കോ ആ കീഴ്‍വഴക്കം ലംഘിച്ചിരിക്കുന്നു- ലതികയുടെ വാക്കുകളില്‍ ഇപ്പോഴും ഷീല ദീക്ഷിതിന്റെ വിയോഗത്തിലുള്ള ദുഃഖവും വേദനയുമുണ്ട്. 

ബുധനാഴ്ച വൈകിട്ടോടെയാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ഡല്‍ഹിയുടെ ചുമതലയുണ്ടായിരുന്ന ചാക്കോയുടെയും ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്രയുടെയും രാജി അംഗീകരിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി ശക്തിസിങ് ഗോഹിലിന് പകരം ചുമതലയും നല്‍കി. 

ഷീല ദീക്ഷിതിന്റെ സഹായിയായിരുന്ന പവന്‍ ഖേരയും പി.സി. ചാക്കോയുടെ വിമര്‍ശനത്തിനെതിരെ രംഗത്തുവന്നു. 2013-ലും കോണ്‍ഗ്രസ് ഡല്‍ഹിയില്‍ തോറ്റിരുന്നു. അപ്പോഴത്തെ വോട്ട് ശതമാനം 24.55. ഷീലാ ദീക്ഷിത് തിരഞ്ഞെടുപ്പ് രംഗത്തില്ലാതിരുന്ന 2015 ല്‍ ആകട്ടെ  വോട്ട് ശതമാനം 9.7 ശതമാനത്തില്‍ എത്തി. 2019 ല്‍ ഷീല ഡല്‍ഹി രാഷ്ട്രീയത്തില്‍ തിരിച്ചെത്തിയപ്പോള്‍ ശതമാനം വീണ്ടും 22.46 ആയി കുതിച്ചുയര്‍ന്നു- പവന്‍ ഖേര പറയുന്നു. 

വിമര്‍ശനങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് പി.സി. ചാക്കോ താന്‍ ഷീലയെ വിമര്‍ശിച്ചില്ലെന്ന വിശദീകരണവുമായി രംഗത്തുവന്നു. ഞാന്‍ ആരുടെയും പേര് വ്യക്തിപരമായി പരാമര്‍ശിച്ചിട്ടില്ല- ചാക്കോ പറയുന്നു.

ഇതിനിടെ. എഎപി വിജയത്തെ വാഴ്ത്തിയ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിനെതിരെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളും കോണ്‍ഗ്രസ് നേതാവുമായ ഷര്‍മ്മിഷ്ഠ മുഖര്‍ജി വിമര്‍ശനം ഉന്നയിച്ചു.  ബിജെപിയെ എതിരാടാന്‍ മറ്റു കക്ഷികളെ നിയോഗിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെങ്കില്‍ പാര്‍ട്ടി തന്നെ പിരിച്ചുവിടാമെന്നായിരുന്നു ഷര്‍മ്മിഷ്ഠയുടെ കമന്റ്.

English Summary: Congress flaunted Sheila Dikshit’s work, now blames her, daughter hits back 
 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA