ADVERTISEMENT

ആർത്തവ ദിനങ്ങളിൽ ഹോസ്റ്റലിലെ അടുക്കളയിൽ കയറരുതെന്ന് പെൺകുട്ടികൾക്ക് നിർദേശം. ഗുജറാത്തിലാണ് സംഭവം. ഭുജിലെ ശ്രീസഹ്ജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾക്കാണ് ഹോസ്റ്റലിലെ ആർത്തവ ദിനങ്ങളിൽ ഹോസ്റ്റലിലെ അടുക്കളയിൽ കയറുന്നതിന് കോളജ് അധികൃതർ വിലക്ക് ഏർപ്പെടുത്തിയത്. ആർത്തവദിനങ്ങളിൽ മറ്റുള്ളവരെ സ്പർശിക്കാൻ പാടില്ലെന്ന നിർദേശവും കോളജ് അധികൃതർ നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കോളജ് അധികൃതരുടെ നടപടിക്കെതിരെ  ഹോസ്റ്റലിലെ താമസക്കാരായ 68 വിദ്യാർഥികൾ രംഗത്തു വന്നു. ഇവർക്കെതിരെ കടുത്ത നടപടിയാണ് ഹോസ്റ്റൽ അധികൃതർ സ്വീകരിച്ചത്. തങ്ങൾക്ക് ആർത്തവമില്ലെന്ന് തെളിയിക്കാൻ ഉൾവസ്ത്രം അഴിച്ച് ഹോസ്റ്റൽ വാർഡനെ കാണിച്ചതിനു ശേഷം മാത്രം അടുക്കളയിൽ കയറിയാൽ മതിയെന്നു അധികൃതർ നിർദേശിച്ചു. ഹോസ്റ്റലിലെ ദുരാചാരങ്ങളെ ചോദ്യം ചെയ്ത പെണ്‍കുട്ടികൾക്കെതിരെ കോളജ് പ്രിൻസിപ്പാളിനു വാർ‍ഡൻ നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി.

സംഭവത്തെ കുറിച്ച് കോളജിലെ വിദ്യാർഥിയായ ദുർഗയുടെ വാക്കുകൾ  ഇങ്ങനെ: ‘ഹോസ്റ്റലിലെ ദുരാചാരത്തെ ചോദ്യം ചെയ്ത ഞങ്ങളെ പ്രിൻസിപ്പൽ വിളിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു. ഞങ്ങളിൽ ആര്‍ക്കെല്ലാം ആർത്തവമുണ്ടെന്ന് അദ്ദേഹം ചോദിച്ചു. ആ സമയത്ത് ഞങ്ങളിൽ രണ്ടുപേർക്ക് ആർത്തവമായിരുന്നു. അവരെ മാറ്റി നിർത്തി. മൂന്നു വനിത അധ്യാപകർക്കൊപ്പം ഞങ്ങളെ വാഷ്റൂമിലേക്ക്  നിർബന്ധിച്ച് പറഞ്ഞയച്ചു. ഉൾവസ്ത്രം അഴിച്ച് ആർത്തവമില്ലെന്ന് തെളിയിക്കാനും ആവശ്യപ്പെട്ടു.’

അതേസമയം സംഭവത്തിൽ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. വിവിധ ബിരുദ കോഴ്സുകളിലായി 1500ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കച്ച് യുണിവഴ്സിറ്റി  വൈസ് ചാൻസലർ ക്രാന്തിഗുരു ശ്യാംജി കൃഷ്ണവർമ ഉത്തരവിട്ടു. അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

English Summary:  68 girls made to remove undies by college authorities to prove they weren’t menstruating

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com