sections
MORE

വേര്‍പാടിന്റെ വേദനയെന്താണെന്ന് ഞങ്ങള്‍ തീവ്രമായി അറിയുന്നു; ബിജെപിക്കെതിരെ ഹർദികിന്റെ ഭാര്യ

Hardik Patel
SHARE

തന്റെ ഭര്‍ത്താവും സമുദായ നേതാവുമായ ഹാര്‍ദിക് പട്ടേലിനെ ഗുജറാത്ത് സര്‍ക്കാര്‍ നിരന്തരമായി വേട്ടയാടുകയാണെന്ന ഗുരുതര ആരോപണവുമായി ഭാര്യ കിഞ്ജല്‍ പട്ടേല്‍. 20 ദിവസമായി ഹാര്‍ദിന്റെ കാണാനില്ലെന്നും കിഞ്ജല്‍ ആരോപിക്കുന്നു. സമൂഹമാധ്യമത്തില്‍ ഷെയര്‍ ചെയ്ത വിഡിയോയിലാണ് കിഞ്ജല്‍ ഭര്‍ത്താവിന്റെ അസാന്നിധ്യത്തെക്കുറിച്ച് പരിതപിക്കുന്നത്. 

‘എന്റെ അവസ്ഥ ഈ രാജ്യത്തെ മുഴുവന്‍ ജനങ്ങളും അറിയണം. 20 ദിവസമായി ഭര്‍ത്താവിനെക്കുറിച്ച് ഒരു വിവരവുമില്ല. ഞാനും കുടുംബവും അഗാധമായ ദുഃഖത്തിലാണ്. വേര്‍പാടിന്റെ വേദനയെന്താണെന്ന് ഞങ്ങള്‍ തീവ്രമായി അറിയുന്നു; അനുഭവിക്കുന്നു. ഹാര്‍ദിക്കിനെതിരെയുള്ള എല്ലാ കേസുകളും പിന്‍വലിക്കുകയാണെന്ന് 2017 ല്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. പിന്നെയും എന്തിനാണ് അദ്ദേഹത്തെ പിന്തുടരുന്നത്. ബിജെപിയില്‍ ചേര്‍ന്ന മറ്റു സമുദായ നേതാക്കള്‍ക്കൊന്നും ഈ അവസ്ഥ ഇല്ലെന്നും ഓര്‍ക്കണം. ബിജെപിയില്‍ ചേരാത്തതുകൊണ്ടാണോ ഹാര്‍ദിക്കിനെ വേട്ടയാടുന്നത് ? ഹാര്‍ദിക് ജനങ്ങളെ കാണരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരരുതെന്നും. അതിനുവേണ്ടി അദ്ദേഹത്തെ നിശ്ശബ്ദനാക്കാനുള്ള ശ്രമമാണു നടക്കുന്നത്-കിഞ്ജല്‍ ആരോപിക്കുന്നു. 

ഫെബ്രുവരി 11 തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഹാര്‍ദിക് ഡല്‍ഹിയില്‍ ഹാട്രിക് ജയം നേടിയ അരവിന്ദ് കേജ്‍രിവാളിനെ അഭിനന്ദിച്ചിരുന്നു. ഗുജറാത്തില്‍ ഉടന്‍ തന്നെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. അപ്പോള്‍ ഹാര്‍ദിക്കിന്റെ സാന്നിധ്യം ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ അദ്ദേഹത്തെ വേട്ടയാടുന്നതെന്നാണ് അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. 

പൊലീസ് തന്നെ പിന്തുടരുന്നതായി വെളിപ്പെടുത്തി ഹാര്‍ദിക് കുറച്ചു മുമ്പ് ട്വിറ്ററില്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. നാലു വര്‍ഷം മുമ്പ് ഗുജറാത്ത് പൊലീസ് എനിക്കെതിരെ ഒരു കള്ളക്കേസ് എടുത്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഈ കേസിന്റെ വിശദാംശങ്ങള്‍ ഞാന്‍ തിരക്കുകയുണ്ടായി. എന്നാല്‍ ഒരു വിവരവും ലഭിച്ചില്ല. കേസ് എനിക്കെതിരെയല്ല എന്നാണ് അഹമ്മദാബാദ് പൊലീസ് കമ്മിഷണര്‍ അറിയിച്ചത്. പക്ഷേ, 15 ദിവസം മുമ്പ് എന്നെ കസ്റ്റഡിയിലെടുക്കുക എന്ന ലക്ഷ്യവുമായി പൊലീസ് വീട്ടിലെത്തി. ഞാന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല- ഹാര്‍ദിക് ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. 

ഹൈക്കോടതിയില്‍ ഞാന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പൊലീസ് ഇപ്പോള്‍ എന്നെ എങ്ങനെയും കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ, ബിജെപിക്ക് എതിരായ പോരാട്ടം ഞാന്‍ അവസാനിപ്പിക്കുകയില്ല. ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരിക തന്നെ ചെയ്യും- ഹാര്‍ദിക് അറിയിച്ചു. 

രാജ്യദ്രോഹക്കുറ്റത്തിനു മുമ്പ് ഹാര്‍ദിക്കിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നു. 2015 ല്‍ സംവരണ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നതിനിടെ ആത്മഹത്യ ചെയ്യുന്നതിനു പകരം പൊലീസുകാരെ കൊല്ലാന്‍  ആഹ്വാനം ചെയ്തുവെന്ന് ആരോപിച്ചുള്ള രാജ്യദ്രോഹക്കേസും നിലവിലുണ്ട്. ക്രിമിനല്‍ ഗൂഡാലോചന കുറ്റവും ഹാര്‍ദിക്കിനു മേല്‍ ചുമത്തിയിട്ടുണ്ട്. പക്ഷേ, തനിക്കെതിരായ കേസുകളില്‍ ഒന്നില്‍പ്പോലും തെളിവുകളില്ലെന്നാണ് ഹാര്‍ദിക് വാദിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA