ADVERTISEMENT

നീയൊരു പെൺകുട്ടിയല്ലേ, ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന തരത്തിലുള്ള ചോദ്യങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും പെണ്ണായി പിറന്ന ഏതൊരാളും നേരിട്ടുകാണും. സ്ത്രീ എന്നാൽ കുടുംബത്തിൽ ഒതുങ്ങി കഴിയേണ്ടവളാണെന്ന് ഈ പരിഷ്കൃത സമൂഹത്തിലും പലരും വിശ്വസിക്കുന്നു എന്നത് നിർഭാഗ്യകരമായ യാഥാർഥ്യമാണ്. ജനിച്ച നാൾ മുതൽ പഴികേൾക്കേണ്ടി വരുന്ന പെൺകുട്ടികളുണ്ട്. അത്തരതത്തിൽ ജീവിക്കേണ്ടി വന്ന ഒരു പെൺകുട്ടിയുടെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഹ്യൂമൻ ഓഫ് മുംബൈ എന്ന പേജിലൂടെയാണ് ഹൃദയസ്പര്‍ശിയായ ഒരു ജീവിതകഥ പുറത്തുവരുന്നത്. മുത്തശ്ശിയടക്കമുള്ളവരിൽ നിന്നും അവൾ നേരിടേണ്ട വന്ന യാതനകൾ. അന്ന് അച്ഛൻമാത്രമായിരുന്നു ആശ്രയമെന്നും അവൾ പറയുന്നു.

ഫെയ്സ് ബുക്ക് പോസ്റ്റിന്റെ സംക്ഷിപ്ത രൂപം

എനിക്ക് നാലുമാസം മാത്രം പ്രായമുള്ളപ്പോഴാണ് മുത്തശ്ശി എന്നെ കിടക്കയിൽ  നിന്നും എടുത്ത് നിലത്തേക്ക് എറിയുന്നത്. ഒരു പെൺകുഞ്ഞിനെ പ്രസവിച്ചതിന് അവർ എന്റെ അമ്മയെ ഏറെ ശകാരിച്ചു. എന്നെക്കൊണ്ട് ഒരു ഗുണവും കുടുംബത്തിന് ഉണ്ടാകില്ലെന്നും അവർ എന്റെ  അമ്മയോടു പറഞ്ഞു. എന്റെ അമ്മ മറുപടിയൊന്നും പറഞ്ഞില്ല. കാരണം ഞാനൊരു പെൺകുട്ടിയായി ജനിച്ചതിൽ അമ്മയ്ക്കും ദുഃഖമുണ്ടായിരുന്നു. എന്നെ പെൺകുട്ടികളുടെ എല്ലാ നിയന്ത്രണങ്ങളിലൂടെയും വളർത്തണമെന്ന് അമ്മ കരുതിയിരുന്നു. പക്ഷെ, എന്റെ അച്ഛൻ അങ്ങനെയായിരുന്നില്ല. അദ്ദേഹമാണ് എനിക്കു പുറത്തേക്കുള്ള വാതിൽ തുറന്നു നൽകിയത്. എന്നെ മികച്ച സ്കൂളിൽ വിട്ട് അദ്ദേഹം പഠിപ്പിച്ചു. വീട്ടിൽ എന്നെ മനസിലാക്കുന്ന ഒരാൾ അച്ഛനായിരുന്നു. 

വീടിന്റെ നാലു  ചുവരുകൾക്കു പുറത്തും  കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. 16–ാമത്തെ വയസിൽ ഞാൻ ഒരാളുമായി പ്രണയത്തിലായി. ഒരു ദിവസം ഞങ്ങൾ നേരിൽ കാണാൻ തീരുമാനിച്ചു.  അന്ന് എന്റെ കയ്യിൽ പണം ഉണ്ടായിരുന്നില്ല. വണ്ടിക്കു നൽകാനുള്ള പണം കയ്യിലുണ്ടായിരുന്നില്ല. എനിക്ക് അയാൾ പണം നൽകാമെന്നു പറഞ്ഞു. അങ്ങനെ വണ്ടി പിടിച്ച് അവിടെ എത്തിയപ്പോൾ അയാൾ എന്നോടു ചോദിച്ചു. നിനക്ക് എന്റെ കയ്യിൽ നിന്നും പണം വാങ്ങുന്നതിനു പകരം ഡ്രൈവർക്ക് നിന്റെ ശരീരം വിൽക്കാമായിരുന്നില്ലേ എന്നു ചോദിച്ചു. മാത്രമല്ല, ഞാൻ സ്കൂളിൽ എല്ലാവരോടും സംസാരിക്കുന്നത് അയാൾക്കിഷ്ടമല്ലെന്നു പറഞ്ഞ് എന്നെ മർദിക്കുകയും  ചെയ്തു. 

വീട്ടിലെത്തുന്നതുവരെ അവൻ അടിച്ചു. ഒടുവിൽ സഹികെട്ടപ്പോൾ ‍ഞാൻ അവനെ തിരിച്ച് അടിച്ചു. ഇനി പ്രണയം മുന്നോട്ടു കൊണ്ടു പോകാൻ താത്പര്യമില്ലെന്നു പറഞ്ഞു. സംഭവത്തിന് ഒരാഴ്ചയ്ക്കു  ശേഷം അവൻ എന്നെ ഫോണിൽ വിളിച്ചു. അവന്റ പ്രണയം നിരസിക്കാൻ എനിക്കെങ്ങനെ ധൈര്യം വന്നു എന്നു ചോദിച്ചു. ഞാൻ ഒരു ലൈംഗിക തൊഴിലാളിയാണെന്ന് എല്ലാവരോടും പറയുമെന്ന് അയാൾ എന്നെ ഭീഷണിപ്പെടുത്തി. 5000 രൂപ ഞാൻ അവന് നൽകണമെന്നും അവൻ ആവശ്യപ്പെട്ടു. പണം നൽകുകയും എന്നെ ഉപദ്രവിക്കരുതെന്ന് ഞാൻ അവനോട് ആവശ്യപ്പെടുകയും ചെയ്തു.  

ആ പ്രണയം ഞാൻ ഉപേക്ഷിച്ചെങ്കിലും അത് എന്നെ തളർത്തിയിരുന്നു. രാവും പകലും ഞാൻ കരച്ചിലായിരുന്നു. പലപ്പോഴും ആത്മഹത്യയെ കുറിച്ച്  ചിന്തിച്ചു. ആ സമയവും ഞാൻ ആവശ്യത്തിൽ കൂടുതൽ ബോൾഡാണെന്നതായിരുന്നു അമ്മയുടെ പ്രശ്നം. എന്റെ പരിമിതികൾ ഞാൻ തിരിച്ചറിയണമെന്നായിരുന്നു അമ്മ എപ്പോഴും  പറഞ്ഞത്. ഒരിക്കൽ എന്നോടുള്ള കോപത്താൽ അമ്മ എന്നെ പാൻ കൊണ്ട് കയ്യിലേക്ക്  അടിച്ചു. രക്തം ഒലിച്ചിറങ്ങാൻ തുടങ്ങി. അത് എനിക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഞാൻ അമ്മയോട് സംസാരിക്കുന്നത് പൂർണമായും നിർത്തി. 

പിന്നീട് എന്നെ പരിഗണിക്കുന്നവരുടെയും  ബഹുമാനിക്കുന്നവരുടെയും കൂടെ നിൽക്കാൻ ഞാൻ ആഗ്രഹിച്ചു. അങ്ങനെ എന്റെ അച്ഛന്റെ കൂടെ കൂടുതൽ സമയം ചിലവഴിക്കാൻ തുടങ്ങി ഞാൻ. ഒപ്പം എന്റെ നന്മ ആഗ്രഹിച്ച നിരവധി സുഹൃത്തുക്കളെയും എനിക്കു ലഭിച്ചു. വാദപപ്രതിവാദങ്ങളിലും മറ്റും ഞാൻ പങ്കെടുത്തു. അടുത്ത  ദിവസം മുത്തശ്ശനും മുത്തശ്ശിയും വീണ്ടും  ഞാൻ ഒരു പെൺകുട്ടിയാണെന്ന ഓർമപ്പെടുത്തലുമായി എത്തി. എല്ലാ ദിവസവും എന്റെ സ്വപ്നത്തിനു വിലങ്ങിടാൻ ശ്രമിച്ചവരോട് എനിക്ക് വെറുപ്പാണു തോന്നിയത്. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. ഇത് എന്റെ ജീവിതമാണ്. അത് ഞാൻ ആഗ്രഹിക്കുന്നതു പോലെ ജീവിക്കും. നിയന്ത്രണങ്ങളെ ഞാൻ  കണ്ടില്ലെന്നു നടിക്കും. മാത്രമല്ല, ഇത്തരം അലിഖിത നിയമങ്ങൾക്കു മുന്നിലും തലകുനിക്കാൻ ഉദ്ദേശിക്കുന്നില്ല. 

English Summary: Viral FB Post About Women Freedom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com