ADVERTISEMENT

കോട്ടയത്ത് വൈ.എം.സി.എ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിൽ എത്തുന്നവരിൽ ചിലരെങ്കിലും അവിടെ പുതുതായി ജോലിക്കെത്തിയ വനിതാ ജീവനക്കാരെ ശ്രദ്ധിച്ചിരിക്കും. അവരെ കാണുമ്പോൾ ചിലരുടെ കണ്ണുകളിൽ കൗതുകം. ചിലർ പേരു ചോദിക്കും... മറ്റു ചിലർ ഒരു പുഞ്ചിരിയാകും കൈമാറുക. ആദ്യ ദിവസങ്ങളിലെ അമ്പരപ്പും ആശങ്കയുമെല്ലാം മാറ്റിവച്ച്, കോഫി ഹൗസിലെ ദൈനംദിന പ്രവർത്തനങ്ങളിൽ ഓടി നടന്ന് പങ്കാളികളാവുകയാണ് കോട്ടയം സ്വദേശികളായ പ്രീതിയും സുരൻസാദേവിയും. കോഫി ഹൗസിൽ ജോലിയിൽ പ്രവേശിച്ച 68 അംഗ ആദ്യ വനിതാ ബാച്ചിലെ ഈ രണ്ടുപേർക്കും പങ്കുവയ്ക്കാനുള്ളത് രസകരമായ അനുഭവങ്ങളാണ്. 

നിങ്ങൾക്കെന്താ തലപ്പാവില്ലാത്തത്?

women

നമ്മൾ തൊപ്പി വച്ചാണ് നിൽക്കുന്നതെന്ന പ്രതീക്ഷയിലാണ് പലരും കോഫി ഹൗസിലെ വനിതാ ജീവനക്കാരെ കാണാനെത്തുന്നതെന്ന് സുരൻസാദേവി പറയുന്നു. "നിങ്ങൾക്കു മാത്രമെന്താ തലപ്പാവ് ഇല്ലാത്തത് എന്ന് പലരും ചോദിക്കും. പുരുഷ ജീവനക്കാരിൽ നിന്നു മാറ്റി നിറുത്തിയിരിക്കാണോ, അതുപോലെയുള്ള യൂണിഫോമില്ലേ... എന്നിങ്ങനെ രസകരമായ ചോദ്യങ്ങളുമായാണ് പലരും എത്തുന്നത്. ഞങ്ങൾക്ക് ഇപ്പോൾ ട്രെയിനിങ് ആണ്. ഒന്നരവർഷത്തെ ട്രെയിനിങ് പൂർത്തിയാക്കണം. ഇപ്പോൾ ഇളം നീല ചുരിദാറും കോഫി ബ്രൗൺ ഓവർ കോട്ടുമാണ് യൂണിഫോം. ട്രെയിനിങ്ങിനു ശേഷം ഇതു മാറുമോ എന്ന് അറിയില്ല," സുരൻസാദേവി പറഞ്ഞു. 

പെണ്ണുങ്ങളെയും ജോലിയ്ക്കെടുത്തല്ലോ എന്നു പറഞ്ഞ് അഭിനന്ദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ടെന്ന് വൈ.എം.സി.എ കോഫി ഹൗസിൽ ജോലിയ്ക്കെത്തിയ പ്രീതി പറയുന്നു. കോഫി ഹൗസിൽ ജോലി കിട്ടിയെന്ന് അറിഞ്ഞ് അയൽക്കാരും സുഹൃത്തുക്കളുമെല്ലാം ഇടയ്ക്കിടെ കോഫി കുടിക്കാൻ എത്താറുണ്ടെന്നും പ്രീതി കൂട്ടിച്ചേർത്തു. 

കോഫി ഹൗസിലെ ആദ്യപാഠം

ജോലിയ്ക്കെത്തിയപ്പോൾ ആദ്യം നൽകിയത് കയ്യിൽ പിടിക്കേണ്ട ട്രേയും ചെറിയൊരു ടവ്വലുമായിരുന്നു. ആദ്യം ട്രേ ബാലൻസ് ചെയ്തു പഠിക്കണം. എങ്കിലേ, അതിൽ ചായക്കപ്പും മറ്റു പ്ലേറ്റുകളുമെല്ലാം കൃത്യമായി ടേബിളിൽ എത്തിക്കാനും തിരിച്ചെടുത്ത് കിച്ചണിൽ കൊണ്ടുപോകാനും കഴിയൂ. വീഴാതെ പിടിക്കണം എന്നു പറഞ്ഞപ്പോൾ ആദ്യം കയ്യൊന്നു വിറച്ചെന്നു പൊട്ടിച്ചിരിയോടെ പ്രീതി ഓർക്കുന്നു. എന്നാലിപ്പോൾ അതെല്ലാം ശീലമായെന്നും അവർ വ്യക്തമാക്കി. 

ചമ്മലില്ല, അഭിമാനം മാത്രം

കോഫി ഹൗസിൽ ജോലി ലഭിച്ചെന്നു പറഞ്ഞപ്പോൾ ചെയ്യേണ്ട ജോലി എന്തൊക്കെയായിരിക്കും എന്നതു സംബന്ധിച്ചു പലർക്കും തെറ്റിദ്ധാരണകളുണ്ടായിരുന്നെന്ന് ഇവർ പറയുന്നു. "ഡിഗ്രി വരെയൊക്കെ പഠിച്ചിട്ട് കോഫി ഹൗസിൽ ജോലിക്കു പോകണോ... അവിടെ ഏതു സെക്ഷനിലായിരിക്കും ജോലി ചെയ്യേണ്ടി വരിക തുടങ്ങിയ സംശയങ്ങൾ  പരിചയക്കാരും മറ്റും ഞങ്ങളോടു ഉന്നയിച്ചിരുന്നു. പരിശീലന കാലയളവിൽ എല്ലാ ജോലികളും ഞങ്ങൾ ചെയ്യണം. അതിനുശേഷം ഏതെങ്കിലും പ്രത്യേക സെക്ഷൻ തിരഞ്ഞെടുക്കാം. പിന്നെ, എന്റെ ഭർത്താവിനും ഈ കോഫി ഹൗസിലാണ് ജോലി. ഇതിലെ വരുമാനം കൊണ്ടാണ് ഞങ്ങളുടെ കുടുംബം പുലരുന്നത്. അതുകൊണ്ട്, ഈ ജോലിയിൽ അഭിമാനമേ ഉള്ളൂ," പ്രീതി നിലപാടു വ്യക്തമാക്കി. 

സമാനമായ മറുപടിയാണ് സുരൻസാദേവിയും പങ്കുവച്ചത്. "നമുക്കങ്ങനെ ചമ്മലൊന്നും ഇല്ല. ഇതു ഞങ്ങളുടെ ഉപജീവനമാർഗമാണ്. അതുകൊണ്ട്, ഈ ജോലി അഭിമാനമാണ്. കൂടാതെ, നമ്മളെ കോഫി ഹൗസിൽ കാണുമ്പോൾ സുഹൃത്തുക്കൾക്കും ഒരു കൗതുകം,"– സുരൻസാദേവി പുഞ്ചിരിച്ചു.

English Summary: Indian Coffee House Working Women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com