ADVERTISEMENT

വിദ്യാഭ്യാസമുള്ള, ചെറുപ്പക്കാരായ പുതിയ തലമുറയെക്കുറിച്ചാണ് ഏറ്റവും പുതിയ ചര്‍ച്ച. ഗുണങ്ങളും ദോഷങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞ് പ്രമുഖര്‍ കൊമ്പുകോര്‍ക്കുന്നതിനിടെ യുവതലമുറയെക്കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കി നടിയും നസറുദ്ദീന്‍ ഷായുടെ ഭാര്യയുമായ രത്ന പഥക് ഷായും രംഗത്തെത്തി. വാലന്റൈന്‍സ് ദിനവുമായി ബന്ധപ്പെട്ട് മുംബൈയില്‍ കഴിഞ്ഞദിവസം നടന്ന ചടങ്ങിലാണ് രത്ന ഷാ തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവച്ചത്. 

ബോളിവുഡിലും ഇന്ത്യ ഒട്ടാകെയും അറിയപ്പെടുന്ന രത്നയുടെയും നസറുദ്ദീന്‍ ഷായുടെയും മനസ്സിലെ വാലന്റൈന്‍ സ്വന്തം രാജ്യം തന്നെയാണ്- ഇന്ത്യ. രാജ്യത്തെ യുവതലമുറയിലാണ് പ്രതീക്ഷ ഏറ്റവും കൂടുതലുള്ളതെന്നും രത്ന വ്യക്തമാക്കി. അറുപതുകളും എഴുപതുകളുമാണ് ഇന്ത്യന്‍ യുവത്വത്തിന്റെ സുവര്‍ണകാലം. ഇപ്പോള്‍ പതിറ്റാണ്ടുകള്‍ക്കുശേഷം രാജ്യം ആ സുവര്‍ണ കാലത്തേക്ക് മടങ്ങുകയാണെന്നും രത്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അക്കാലത്ത് എല്ലാവരും പറഞ്ഞുകൊണ്ടിരുന്നത് ഇന്ത്യയുടെ പുരോഗതിയെക്കുറിച്ചാണ്. സ്വന്തം രാജ്യം എങ്ങനെ പടുത്തുയര്‍ത്താമെന്ന്. കലയുമായി ബന്ധപ്പെട്ട കുടുംബമാണ് എന്റേത്. വീട്ടില്‍ അന്നു നടക്കുന്ന പ്രധാന ചര്‍ച്ച ഇതുതന്നെയായിരുന്നു. ആശയങ്ങളിലും സ്വപ്നങ്ങളിലും അധിഷ്ടിതമായ രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ച്- രത്ന പറയുന്നു. 

രത്നയ്ക്കൊപ്പം നസറുദ്ദീന്‍ ഷാ, വിശാല്‍ ഭരദ്വാജ്, രേഖ ഭരദ്വാജ്, സ്വാനന്ദ് കിര്‍ക്കിറെ എന്നിവരും മുംബൈയില്‍ നടന്ന ചടങ്ങില്‍ രാജ്യത്തിന്റെ ഐക്യത്തെക്കുറിച്ചും അഖണ്ഡതയെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും സംസാരിച്ചു. പ്രശസ്ത നടന്‍ ദിന പഥക്കിന്റെ മകളാണ് രത്ന. രാജ്യം ഇന്നു വിഘടിച്ചുകൊണ്ടിരിക്കുകയാണ് രത്ന ചൂണ്ടിക്കാട്ടി. കാലം മാറുകയാണെന്നും. ഇവിടെയാണ് പുതുതലമുറയുടെ പങ്ക് പ്രസക്തമാകുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

ചുറ്റുപാടും കാണുന്ന ഓരോ കാര്യങ്ങളും എന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുകയാണ്. ആത്മവിശ്വാസം ഉളവാക്കുകയാണ്. സാഹചര്യം മാറി എന്നതു സത്യമാണ്. അതു ഞാനും സമ്മതിക്കുന്നു. ഇതിനു മുമ്പ് ഒരിക്കലും രാജ്യത്തെ ചെറുപ്പക്കാര്‍ ഇത്രമാത്രം സജീവമായ ഒരു കാലം ഉണ്ടായിരുന്നില്ല. ഇന്നത്തെ കാലം വ്യത്യസ്തമാണ്. വ്യത്യാസത്തിനു കാരണം ചെറുപ്പക്കാരും. അവര്‍ പ്രശ്നങ്ങളില്‍ ഇടപെടുന്നു. പ്രത്യാഘാതം നോക്കാതെ പ്രതികരിക്കുന്നു. സമരങ്ങള്‍ നയിക്കുന്നു. ചെറുത്തുനില്‍പിന്റെ മുന്‍നിരയില്‍ തന്നെയുണ്ട്- രത്ന പറഞ്ഞു. 

ഷഹീന്‍ ബാഗ്, മുംബൈ ബാഗ് തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ചും രത്ന സംസാരിച്ചു. എല്ലായിടത്തും പാട്ടും നൃത്തവും മറ്റു കലാരൂപങ്ങളും പ്രതിഷേധം പ്രകടിപ്പിക്കാനുള്ള ആയുധങ്ങളായി മാറിയിരിക്കുന്നു. അതും പുതിയ കാലത്തെക്കുറിച്ചുള്ള മറ്റൊരു പ്രതീക്ഷയാണെന്നും രത്ന പറഞ്ഞു. നസറുദ്ദീന്‍ ഷായകട്ടെ ജവാഹര്‍ലാല്‍ നെഹ്റുവിന്റെ പ്രശസ്ത പുസ്തകമായ ദ ഡിസ്കവറി ഓഫ് ഇന്ത്യയില്‍ നിന്നുള്ള ഏതാനും ഭാഗങ്ങള്‍ ചടങ്ങില്‍ വായിച്ചു.

English Summary: Young, educated people are going to make a difference, believes Ratna Pathak Shah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com