ADVERTISEMENT

മുസ്‍ലിം സംഘടനകള്‍ സംഘടിപ്പിച്ച പൗരത്വ നിമയ വിരുദ്ധ പ്രക്ഷോഭത്തിനിടെ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥി നേതാവ് അമൂല്യയെ തള്ളിപ്പറഞ്ഞ് പിതാവും. കഴിഞ്ഞ ദിവസം വൈകിട്ട് ഫ്രീഡം പാര്‍ക്കില്‍ സംഘടിപ്പിച്ച ചടങ്ങിനിടയിലാണ് വേദിയില്‍ കയറി അമൂല്യ പാക്ക് അനുകൂല മുദ്രാവാക്യം വിളിച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അമൂല്യയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 

അവള്‍ പറഞ്ഞത് പൂര്‍ണമായും തെറ്റാണ്- മകള്‍ വിളിച്ച മുദ്രാവാക്യത്തെക്കുറിച്ച് അമൂല്യയുടെ പിതാവ് പ്രതികരിച്ചു. മകള്‍ താന്‍ പറയുന്നതു ശ്രദ്ധിക്കുന്നില്ലായിരുന്നെന്നും ചിലരുടെ കൂടെക്കൂടി തെറ്റായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയായിരുന്നെന്നുമാണ് പിതാവ് വിശദീകരിക്കുന്നത്. പാക്കിസ്ഥാന്‍ സിന്ദാബാദ് എന്നാണ് അമൂല്യ വിളിച്ചത്. 

ഹൈദരാബാദില്‍നിന്നുള്ള പാര്‍ലമെന്റംഗം അസദുദ്ദീന്‍ ഒവൈസിയും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. പാക്ക് അനുകൂല മുദ്രാവാക്യത്തെ ആദ്യം എതിര്‍ത്തതും തടഞ്ഞതും ഒവൈസി തന്നെയായിരുന്നു. താന്‍ മുദ്രാവാക്യത്തെ അംഗീകരിക്കുന്നില്ലെന്നും തനിക്കോ പാര്‍ക്കോ ഇതുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. സദസ്സിലുണ്ടായിരുന്ന പലരും തടയാന്‍ ശ്രമിച്ചപ്പോഴും മൈക്ക് പിടിച്ചുവാങ്ങിയാണ് അമൂല്യ പാക്ക് അനുകൂല മുദ്രാവാക്യം വിളിച്ചത്. പാക്കിസ്ഥാന്‍ സിന്ദാബാദ്, ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങളുടെ വ്യത്യാസം എന്താണെന്നു പറയാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് അവര്‍ പിന്നീടു പറഞ്ഞത്. അറസ്റ്റിനു ശേഷം രോഷാകുലരായ ചിലര്‍ അമൂല്യയുടെ പിതാവിനെയും വിമര്‍ശിച്ചിരുന്നു. അതിനിടെ, ബെംഗളൂരുവില്‍നിന്ന് 240 കിലോമീറ്റര്‍ അകലെ ചിക്കമഗളുരുവില്‍ അമൂല്യയുടെ വീടിനു നേരെ കല്ലെറിഞ്ഞതിന് ചില ഹിന്ദു അനുകൂല സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്. 

വേദിയില്‍ അനുകൂല മുദ്രാവാക്യം വിളിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ താന്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വരില്ലായിരുന്നുവെന്ന് ഒവൈസി പറഞ്ഞു. ഞങ്ങള്‍ ഇന്ത്യയ്ക്കൊപ്പമാണ്. ഇന്ത്യയെ രക്ഷിക്കാനാണ് ശ്രമം. ശത്രുരാജ്യമായ പാക്കിസ്ഥാനെ ഒരിക്കലും പിന്തുണയ്ക്കാനില്ല- ഒവൈസി വ്യക്തമാക്കി. ചടങ്ങ് അലങ്കോലമാക്കാന്‍ പാര്‍ട്ടി എതിരാളികളാണ് അമൂല്യയെ അയച്ചതെന്ന് ജനതാദള്‍(എസ്) കോര്‍പറേറ്റര്‍ ഇമ്രാന്‍ പാഷ പറയുന്നു. പ്രസംഗിക്കുന്നവരുടെ പട്ടികയില്‍ അവരുടെ പേര് ഇല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

English Summary: "What She Said Is Wrong": Father Of Woman Who Chanted "Pakistan Zindabad"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com