ADVERTISEMENT

ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ഗാര്‍ഹിക പീഡന പരാതിയുമായി രംഗത്ത്. ഷാരൂഖ് ഖാന്‍ അഭിനയിച്ച് പ്രശസ്തമായ ഛക് ദേ ഇന്ത്യ എന്ന സിനിമയ്ക്കു പ്രചോദനമായ മുന്‍ ഹോക്കി ക്യാപ്റ്റന്‍ സുരജ് ലതാ ദേവിയാണ് ഭര്‍ത്താവിനെതിരെ ശാരീരിക, മാനസിക പീഡനം ഉന്നയിച്ച് കഴിഞ്ഞദിവസം പത്രസമ്മേളനം നടത്തിയത്. 2005 ല്‍ വിവാഹം കഴിഞ്ഞ അന്നുമുതല്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് നിരന്തരമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് സുരജ് ലതാ ദേവി ആരോപിക്കുന്നത്. 

ദേവി ക്യാപ്റ്റനായിരുന്നപ്പോള്‍ ഇന്ത്യ പ്രശസ്തമായ മൂന്നു കിരീട നേട്ടങ്ങള്‍ ആഘോഷിച്ചിരുന്നു.  കാലം എന്നെന്നും ഓര്‍ത്തിരിക്കുന്ന മൂന്നു സുവര്‍ണനേട്ടങ്ങള്‍. 2002 ലെ കോമണല്‍വെല്‍ത്ത് ഗെയിംസിലെ ഫൈനല്‍ വിജയം ഇന്നും ഓര്‍ത്തിരിക്കുന്ന കായികപ്രേമികളുണ്ട്. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ സുവര്‍ണലിപികളില്‍ എഴുതപ്പെട്ട കിരീടധാരണമായിരുന്നു അന്നു സംഭവിച്ചത്. ആ ടൂര്‍ണമെന്റാണ് ഛക് ദേ ഇന്ത്യ എന്ന ബോളിവുഡ് സിനിമയ്ക്കു പ്രചോദനമായതും. 2003 ലെ ആഫ്രോ-ഏഷ്യന്‍ ഗെയിംസ്, 2004 ലെ ഹോക്കി ഏഷ്യാ കപ്പ് എന്നീ ടൂര്‍ണമെന്റുകളിലും ദേവിയുടെ നേതൃത്വത്തിലുള്ള ടീം സ്വര്‍ണം നേടിയിരുന്നു. 

വിവാഹത്തിന്റെ അന്ന് എനിക്കു ലഭിച്ച മെഡലുകളും കിരീടങ്ങളുമെല്ലാം അടുക്കിവക്കുമ്പോള്‍ തന്നെ ഭര്‍ത്താവ് ശാന്താ സിങ് എന്നെ പരിഹസിച്ചു. ഈ മെഡലുകള്‍ കൊണ്ട് ഏന്താണ് നേട്ടമെന്ന് അദ്ദേഹം ചോദിച്ചു. വഴിവിട്ട ജീവിതം നയിച്ചതുകൊണ്ടാണ് ദേവിക്ക് അര്‍ജുന പുരസ്കാരം ലഭിച്ചതെന്നും ഭര്‍ത്താവ് ആരോപിച്ചു. ശാന്താ സിങ്ങിന്റെ സ്വഭാവത്തില്‍ മാറ്റം വരുമെന്ന പ്രതീക്ഷയില്‍ ഇത്രയും നാളും താന്‍ കാത്തിരുന്നെന്നും പീഡനം വര്‍ധിച്ചതല്ലാതെ മറ്റൊന്നും സംഭവിച്ചില്ലെന്നും അവർ വ്യക്തമാക്കി.

വീട്ടില്‍ നടക്കുന്ന മോശം കാര്യങ്ങള്‍ പുറത്തുവരരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷേ, ക്ഷമയ്ക്കും പരിധിയുണ്ടെന്ന് മനസ്സിലാക്കണം. സഹിക്കുന്നതിനും പരിധിയുണ്ട്- കണ്ണീരോടെ ദേവി പറയുന്നു.

രണ്ടു മക്കളുടെ അമ്മയായ ദേവി അവസാനം കടുത്ത തീരുമാനമെടുക്കാന്‍ കാരണം 2019 ല്‍ നടന്ന ഒരു സംഭവമാണ്. റെയില്‍ കോച്ച് ഫാക്ടറി സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പഞ്ചാബിലെ കപൂര്‍ത്തലയില്‍വച്ച് അവതാരകയായി പങ്കെടുക്കുമ്പോള്‍ മദ്യപിച്ചുവന്ന ഭര്‍ത്താവ് തന്നെ പരസ്യമായി അപമാനിച്ചെന്നും ദേവി ആരോപിക്കുന്നു. അന്നാണ് എല്ലാം പരസ്യമാക്കാനും തുറന്നുപറയാനും ദേവി തീരുമാനിക്കുന്നത്. 

ഡിജിപിക്കു ദേവി പരാതി നല്‍കിയതിനെത്തുടര്‍ന്ന് സുല്‍ത്താന്‍പുര്‍ പൊലീസ് കേസെടുത്ത് മണിപ്പുര്‍ പൊലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തുകയാണ്. ദേവിയുടെ പരാതിപ്രകാരം ഗാര്‍ഹിക പീഡനം, സ്ത്രീയോടുള്ള ക്രൂരത എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ്  ഭര്‍ത്താവ് ശാന്താ സിങ്ങിനെതിരെ കേസെടുത്തിരിക്കുന്നത്. 

English Summary: Former Hockey Captain, Whose Story Inspired "Chak De! India", Files Domestic Violence Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com