ADVERTISEMENT

മരണം എല്ലാ ചോദ്യങ്ങളുടെയും ഉത്തരമാണെന്നു പറയുമ്പോഴും അവശേഷിക്കുന്ന ജീവിതത്തിന്റെ ചോദ്യങ്ങളുമുണ്ട്. മരണത്തെ താല്‍ക്കാലികമായെങ്കിലും അതിജീവിക്കുന്ന ജീവിതങ്ങള്‍. മരണം കാത്തിരിക്കുന്നെന്ന് അറിയുമ്പോഴും ജീവിതം തുടരാന്‍ പ്രേരിപ്പിക്കുന്ന സമ്മോഹന നിമിഷങ്ങള്‍. അത്തരമൊരു സ്നേഹോഷ്മള  കൂടിക്കാഴ്ചയുടെ കഥ കംബോഡിയയില്‍നിന്ന്. 1970 കാലത്ത് കംബോഡിയ ഭരിച്ച ഖമര്‍ റൂഷിന്റെ ഏകാധിപത്യ ഭരണകാലത്ത് വേര്‍പെട്ടുപോയ സഹോദരങ്ങള്‍  47 വര്‍ഷത്തിനു ശേഷം കൂടിക്കണ്ടിരിക്കുന്നു. കൂടപ്പിറപ്പ് മരിച്ചുപോയിരിക്കുമെന്നായിരുന്നു ഇരുവരുടെയും വിചാരം. ഇനിയൊരിക്കലും കൂടിക്കാണാന്‍ കഴിയില്ലെന്നും. എന്നാല്‍ ഭരണകൂടങ്ങള്‍ കാലപ്രവാഹത്തില്‍ മണ്ണടിയുകയും സ്നേഹം കാലത്തെ അതിജീവിക്കുകയും ചെയ്തിരിക്കുന്നു. 

ബണ്‍ സെന്നിനു പ്രായം 98 വയസ്സ്. തന്റെ ഇളയ സഹോദരനും  മൂത്ത സഹോദരിയും മരിച്ചുപോയി എന്നായിരുന്നു അവരുടെ ദുഃഖം. പക്ഷേ, കഴിഞ്ഞ ദിവസം 92 വയസായ സഹോദരനെ അവര്‍ ജീവനോടെ കണ്ടു. 101വയസുള്ള സഹോദരിയെയും. അവസാനം പരസ്പരം കാണുന്നത് 1973ലാണ്. പോള്‍ പോട്ടിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ കംബോഡിയയില്‍ അധികാരത്തിലെത്തുന്നതിനും 2 വര്‍ഷം മുമ്പ്. ഖമര്‍ റൂഷിന്റെ കാലമായപ്പോഴേക്കും കുടുംബങ്ങള്‍ വിഘടിക്കപ്പെട്ടു. കുട്ടികള്‍ അച്ഛനമ്മമാരില്‍നിന്ന് അകറ്റപ്പെട്ടു. സഹോദരങ്ങള്‍ പല ദിക്കുകളിലേക്കു മാറിപ്പോയി. ആരൊക്കെ ജീവിച്ചിരിപ്പുണ്ടെന്നും മരിച്ചുപോയെന്നും പോലും ആര്‍ക്കും വ്യക്തമല്ലാത്ത അവസ്ഥ. 20 ലക്ഷത്തോളം പേരാണ് ഇക്കാലത്താണ് കൊല്ലപ്പെട്ടത്. 

ബണ്‍ സെന്നിന് ആദ്യം നഷ്ടപ്പെടുന്നത് ഭര്‍ത്താവിനെ. പോള്‍ പോട്ടിന്റെ കാലത്ത്. 1979 ല്‍ പോള്‍ പോട്ടിനെ അട്ടിമറിച്ച് ഖമര്‍ റൂഷ് എത്തി. അതോടെ വീടും കുടുംബവും നഷ്ടപ്പെട്ട ബണ്‍ സെന്‍ ഒരു മാലിന്യക്കൂനയ്ക്കു സമീപം കയ്യില്‍ കിട്ടുന്ന പഴയ സാധനങ്ങള്‍ വിറ്റുകിട്ടുന്ന പണം കൊണ്ടു ജീവിക്കുന്ന വ്യക്തിയായി മാറി. തലസ്ഥാന നഗരത്തിലായിരുന്നു അവരുടെ ജീവിതം. അധികം ദൂരെയൊന്നുമല്ലാതെ ജനിച്ചുവളര്‍ന്ന ഗ്രാമമുണ്ട്. അവിടെ തിരിച്ചുപോകണം എന്നതായിരുന്നു അവരുടെ എന്നത്തെയും വലിയ ആഗ്രഹം. പക്ഷേ, അത് ഒരിക്കലും യാഥാര്‍ഥ്യമായില്ല. ഒടുവില്‍ 2004 ല്‍ ഒരു പ്രദേശിക സന്നദ്ധ സംഘടന ബണ്‍ സെന്നിന്റെ സഹായത്തിനെത്തി. അവരുടെ അന്വേഷണത്തില്‍, ബണ്‍ സെന്നിന്റെ സഹോദരനും സഹോദരിയും ജീവിച്ചിരിക്കുന്നതായി കണ്ടെത്തി. മറ്റൊരു ഗ്രാമത്തില്‍. സംഘടനയുടെ ശ്രമഫലമായി അവരെ ഒരുമിപ്പിക്കാനായി ശ്രമം. മൂത്ത സഹോദരി ബണ്‍ ചീ, ഇളയ സഹോദരന്‍ എന്നിവരെ ഒടുവില്‍ കഴിഞ്ഞയാഴ്ച ബണ്‍ സെന്‍ കണ്ടെത്തി. 

ജന്മഗ്രാമം വിട്ടത് വര്‍ഷങ്ങള്‍ക്കുമുമ്പാണ്. അവിടെ തിരിച്ചെത്താനാവുമെന്നോ സഹോദരങ്ങളെ വീണ്ടും കാണാനാവുമെന്നോ ഞാന്‍ വിചാരിച്ചതേയില്ല. അവരൊക്കെ മരിച്ചുപോയിരിക്കും എന്നാണു ഞാന്‍ കരുതിയത്. മൂത്ത സഹോദരിയെ വീണ്ടും കണ്ടപ്പോള്‍ പഴയ കാലത്തേക്കു മടങ്ങിപ്പോകുന്നതുപോലെയാണ് എനിക്കു തോന്നിയത്. സഹോദരന്റെ കൈ പിടിച്ചപ്പോള്‍ ഞാന്‍ കര‍ഞ്ഞുപോയി- ബണ്‍ സെന്‍ പറയുന്നു. 

മൂന്നുപേരും കൂടി 50 വര്‍ഷം മുമ്പ് തങ്ങള്‍ വിട്ടുപോന്ന ഗ്രാമം ഒരിക്കല്‍ക്കൂടി സന്ദര്‍ശിക്കുകയും ചെയ്തു. ബണ്‍ ചീയ്ക്ക് 12 മക്കളാണ്. ഖമര്‍ റൂഷിന്റെ ഭരണകാലത്താണ് അവര്‍ക്ക് ഭര്‍ത്താവിനെ നഷ്ടപ്പെടുന്നത്. തന്റെ ഇളയ സഹോദരിയെ വീണ്ടും കാണാനാവുമെന്ന് അവര്‍ക്കൊരു പ്രതീക്ഷയും ഇല്ലായിരുന്നു. വീണ്ടും കൂടിക്കണ്ട മൂന്നു സഹോദരങ്ങളും കൂടി ഈയാഴ്ച തലസ്ഥാന നഗരം സന്ദര്‍ശിക്കാനും പരിപാടിയിട്ടിട്ടുണ്ട്. അവശേഷിക്കുന്ന ദിനങ്ങളില്‍ നഷ്ടപ്പെട്ട ജീവിതം പൂര്‍ണമായും തിരിച്ചുപിടിക്കാനും സന്തോഷത്തോടെ ജീവിക്കാനുമാണ് മൂവരുടെയും തീരുമാനം. അവര്‍ ചിരിക്കുമ്പോള്‍, സന്തോഷിക്കുമ്പോള്‍, സ്നേഹം പങ്കിടുമ്പോള്‍ വിജയിക്കുന്നതു മനുഷ്യത്വമാണ്. പരാജയപ്പെടുന്നത് സ്വേഛാധിപത്യവും.

English Summary: Cambodian sisters, 98 and 101, reunited after 47 years

കടപ്പാട്∙ ബിബിസി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com