ADVERTISEMENT

ഓരോ സ്ത്രീയുടെയും വിജയത്തിനു പിന്നിൽ അതിജീവനത്തിന്റെ ഒരു കഥയുണ്ടായിരിക്കും. ചെറുപ്പത്തിൽ പാണ്ട് രോഗം വന്നപ്പോൾ നേരിട്ട ക്രൂരപീഡനത്തിന്റെ കഥ പറയുകയാണ് ഇവിടെ ഒരു പെണ്‍കുട്ടി. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

കുറിപ്പിന്റെ സംക്ഷിപ്ത രൂപം

9 വയസ്സുള്ളപ്പോഴാണ് പാണ്ട് രോഗം എനിക്ക് ആദ്യമായി കണ്ടത്. ഇനിയൊരിക്കലും എനിക്കു ജീവിതം തിരികെ പിടിക്കാനാകില്ല എന്നു തന്നെ ഞാൻ അക്കാലത്ത് കരുതിയിരുന്നു. രോഗം ഭേദമാകാനായി 72 ഗുളികൾ ഒരുദിവസം ഞാൻ കഴിച്ചു. ജാതിമരത്തിന്റെ തോലുകൊണ്ട് ദേഹമെല്ലാം ഉരച്ചു. തക്കാളി, മാങ്ങ, പലതരത്തിലുള്ള ഭക്ഷണ സാധനങ്ങൾ, ചോക്ലേറ്റ് എന്നിവയെല്ലാം അക്കാലയളവിൽ എനിക്ക് നിഷേധിച്ചു. സത്യത്തിൽ എനിക്ക് ചോക്ലേറ്റ് വലിയ ഇഷ്ടമായിരുന്നു. 

എനിക്ക് 12 വയസ്സുള്ളപ്പോൾ അസുഖം ഭേദമാകാനാണെന്നു പറഞ്ഞ് ഒരുമാസക്കാലത്തോളം എന്നെക്കൊണ്ട് വീട്ടുകാർ ഗോമൂത്രം കുടിപ്പിച്ചു. എന്റെ കുട്ടിക്കാലം മുഴുവൻ ക്ലിനിക്കുകളിലും അമ്പലങ്ങളിലുമായിരുന്നു. പുരോഹിതരും ഡോക്ടർമാരും എന്റെ വീട്ടിൽ മാറി മാറി വന്നു. കൂട്ടത്തിൽ ഒരു ഡോക്ടർക്ക് എന്റെ കയ്യിൽ നിന്നും രക്തം കുത്തി എടുക്കണമെന്ന് ആഗ്രഹം തോന്നി. കയ്യിൽ കുത്തിയതിനു ശേഷം രക്തം ഒരു പ്ലേറ്റിലേക്ക് എടുത്തു. എന്നിട്ട് എന്നോടു പറഞ്ഞു. നിന്റെ രക്തത്തിനു എന്തു കട്ടിയാണ്. സാധാരണ മനുഷ്യരുടെ രക്തം ഇങ്ങനെയല്ല. പൊതുയിടങ്ങളിൽ കാണുന്നവരെല്ലാം മികച്ച ചികിത്സ നൽകണമെന്ന് പറഞ്ഞു. എന്നെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും മോശം കാലമായിരുന്നു അത്. 

എല്ലാവരുടെയും  ഒരു പരീക്ഷണ വസ്തു മാത്രമായിരുന്നു ഞാൻ. എന്റെ ബന്ധുവിന്റെ വിവാഹത്തിനു പങ്കെടുക്കാൻ എനിക്കു സാധിച്ചില്ല. എന്തിനേറെ പറയുന്നു. അമ്മാവന്റെ സംസ്കാര ചടങ്ങിലും പങ്കെടുത്തില്ല. എന്റെ ശരീരത്തില്‍ വെളുത്തപാടുകൾ ഉള്ള സ്ഥലങ്ങളിലെല്ലാം എന്റെ പിതാവ് ചൂടുവച്ച് പൊള്ളിച്ചു. പാടുകൾ കരിച്ചു കളയുകയായിരുന്നു ലക്ഷ്യം. അസുഖം പകരുമെന്ന് കരുതി എന്റെ മുത്തശ്ശി എനിക്ക് ഒരു ഗ്ലാസ് വെള്ളം പോലും നൽകിയില്ല. വീട്ടിൽ തന്നെ ഒരു തടവുകാരിയെ പോലെയാണ് ഞാൻ ജീവിച്ചത്. 

15–ാം വയസ്സിൽ സയൻസ് ക്ലാസിൽ വച്ചാണ് കാര്യങ്ങൾക്ക് മാറ്റം സംഭവിക്കാൻ തുടങ്ങിയത്. വെള്ളപ്പാണ്ടിനെ കുറിച്ച് ഞാൻ മനസ്സിക്കാൻ തുടങ്ങി. ക്രമേണ ഇതൊരു മാരക അസുഖമല്ലെന്ന് മനസ്സിലാക്കാൻ സാധിച്ചതോടെ  ഞാൻ സന്തോഷവതിയായി. എന്നാൽ സമൂഹം മാറാൻ തയ്യാറായിരുന്നില്ല. പക്ഷേ, ഞാൻ പ്രതിഷേധിക്കാന്‍ തുടങ്ങി. ആദ്യപടിയായി ചോക്ലേറ്റ് കഴിക്കാന്‍ തീരുമാനിച്ചു. എന്റെ രൂപത്തെ കുറിച്ച് അഭിപ്രായം പറഞ്ഞവർക്കെല്ലാം ഞാൻ ശക്തമായ ഭാഷയിൽ മറുപടി നൽകി. എല്ലാത്തിലും ഉപരിയായി ഈ വെളുത്ത പാടുകൾ എന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞതിലൂടെ എല്ലാ കാര്യത്തിലും മാറ്റം സംഭവിക്കാൻ തുടങ്ങി. ഒരു രാത്രി ഇരുമ്പു വടി കൊണ്ട് അച്ഛൻ എന്നെ അടിച്ചു. ഇനി മേലാൽ എന്റെ ശരീരത്തിൽ തൊട്ടു പോകരുതെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. 

എന്റെ ജീവിതം നഷ്ടമായെന്ന് മുത്തശ്ശി എപ്പോഴും പറയുമായിരുന്നു. ഇപ്പോള്‍ എനിക്ക് സ്വന്തം പേരിൽ ചോക്ലേറ്റ് ഉണ്ട്. എന്റെജീവിതം ഞാൻ തിരഞ്ഞെടുത്ത വഴിയിലൂടെ ഞാൻ മുന്നോട്ടു പോകുകയാണ്. ഒരാൾക്കും എന്നെ തളർത്താന്‍ സാധിച്ചില്ല. ഇതൊന്നും വെളുത്ത പാടുകളായി അല്ല ഞാൻ ഇപ്പോൾ കാണുന്നത്. ഇതെല്ലാം ബ്യൂട്ടി സ്പോട്ട്സ് ആണ്. എല്ലാം നല്ലതിനാണെന്നാണ് ഈ പാടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെ മുന്നോട്ടു പോകാനാണ് എനിക്കിഷ്ടം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com