ADVERTISEMENT

ഈ വര്‍ഷത്തെ എംടിവി സൂപ്പര്‍ മോഡല്‍ പുരസ്കാരം സിക്കിമില്‍നിന്നുള്ള മനില പ്രധാന്. മോഡലിങ്ങിനുള്ള ഒരു വര്‍ഷത്തെ കരാറും അഞ്ചു ലക്ഷം രൂപയുമാണ് സമ്മാനം. ഫൈനലില്‍ ദൃശ മോര്‍, പ്രിയ സിങ് എന്നിവരെയാണ് മനില പരാജയപ്പെടുത്തിയത്. മലൈക അറോറ, മിലിന്ദ് സോമന്‍, മസബ ഗുപ്ത എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. തുടക്കത്തില്‍ മുന്നിലല്ലായിരുന്നെങ്കിലും തന്റെ സ്റ്റൈലില്‍ മാറ്റങ്ങള്‍ വരുത്തിയതോടെയാണ് മനില ജേതാവിന്റെ കസേരയിലേക്ക് അടുത്തത്. തുടക്കം മുതല്‍ മികച്ച പ്രകടനം നടത്തിയതും വിധികര്‍ത്താക്കളുടെ ഇഷ്ടം നേടി. ഫൈനല്‍ ഫോട്ടോഷൂട്ടില്‍ എതിരാളികളെക്കാള്‍ ഏറെ പോയിന്റുകള്‍ നേടിയതോടെ മനിലയ്ക്ക് ജയം സുനിശ്ചിതമായി. 

‘ഇതൊരു സ്വപ്നത്തിന്റെ സാഫല്യമാണ്. ഒരു വര്‍ഷമായി കാണുന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരം. ഈ മത്സരത്തില്‍നിന്നും ഷോയില്‍ നിന്നും ഞാന്‍ പഠിച്ച ഏറ്റവും വലിയ കാര്യവും ജീവിതത്തില്‍ ഒരിക്കലും മറക്കാത്തതും ഒന്നുമാത്രം- നിങ്ങള്‍ എപ്പോഴും നിങ്ങള്‍ തന്നെയായിരിക്കുക. മറ്റൊരാള്‍ക്കും സ്വന്തമാക്കാനാവാത്ത ഒരേയൊരു കഴിവും അതുമാത്രം- നിങ്ങളുടെ ആന്തരിക ശക്തി. ആ ശക്തിയിലുള്ള ഇടറാത്ത വിശ്വാസം. വിധികര്‍ത്താക്കളോടെല്ലാം എനിക്ക് പ്രത്യേക സ്നേഹം തന്നെയുണ്ടെങ്കിലും എടുത്തുപറയാനാഗ്രഹിക്കുന്നത് മലൈക അറോറയുടെ പേരാണ്. പിന്നെ ഷോയുടെ മാര്‍ഗനിര്‍ദേശകയായ ഉജ്വലയുടെയും. എത്ര തവണയാണ് അവര്‍ എനിക്കെതിരെ ശബ്ദമുയര്‍ത്തിയത്. എന്നെ കറക്ട് ചെയ്യാന്‍ ശ്രമിച്ചത്. എല്ലാം എന്റെ നന്‍മയ്ക്കുവേണ്ടിയായിരുന്നു- മനില നന്ദി പറഞ്ഞു. 

എന്തൊരു ഗംഭീരയാത്രയാണ് നമ്മള്‍ ഒരുമിച്ചു നടത്തിയത്. സൗന്ദര്യവും സ്റ്റൈലും മാത്രമായിരുന്നില്ല ഈ ഷോയിലെ മാനദണ്ഡങ്ങള്‍. എല്ലാത്തരം സങ്കടങ്ങളെയും പരിഭവങ്ങളെയും ഇല്ലാതാക്കി ഒരു വ്യക്തിയുടെ പൂര്‍ണ വളര്‍ച്ചയാണ് ഞങ്ങള്‍ അളന്നത്. വിജയി ഒരാള്‍ മാത്രമാണെങ്കിലും ഈ ഷോയിലൂടെ പത്തോളം യുവതികളാണ് മുന്‍നിരയിലേക്ക് എത്തിയത്. അവരൊക്കെ ഇനി റാംപിന്റെ പ്രിയതാരങ്ങളാകും എന്നെനിക്കുറപ്പാണ്. തുടക്കത്തില്‍ പതറിയെങ്കിലും തെറ്റുകളില്‍നിന്ന് പാഠം പഠിച്ചതാണ് മനിലയ്ക്ക് തുണയായത്. മുന്നോട്ടുള്ള യാത്രയില്‍ മനിലയ്ക്ക് എല്ലാ വിധ ആശംസകളും- മലൈക അറോറ പറഞ്ഞു. 

English Summary: Manila Pradhan lifts MTV Supermodel of the Year trophy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com