ADVERTISEMENT

അയ്യായിരത്തിൽ ഒരാള്‍ക്കു മാത്രം വരുന്ന അപൂർവ അവസ്ഥയ്ക്ക് ഇരയാണ് കെന്യാന്‍ ജൂലിയന്‍ പീറ്റർ എന്ന 29കാരി. ഗർഭപാത്രമോ യോനിയോ ഇല്ലാത്ത മേയർ റോക്കിട്ടൻസ്കി കസ്റ്റർ ഹോസർ സിൻഡ്രോം (എംആർകെഎച്ച്) എന്ന അവസ്ഥയായിരുന്നു തനിക്കെന്നു യുവതി വ്യക്തമാക്കി. ഏറെ വൈകിയാണ് തന്റെ ശാരീരികാവസ്ഥ മനസ്സിലായതെന്നും യുവതി പറയുന്നു.

‘എംആർകെഎച്ച് എന്ന ശാരീരിക അവസ്ഥയുമായാണ് ഞാൻ ജനിച്ചത്. ഈ സ്ത്രീകൾക്ക് ഗർഭപാത്രവും യോനിയും ഉണ്ടാകില്ല. അതുകൊണ്ടു തന്നെ ആർത്തവവും ഉണ്ടാകില്ല. മാത്രമല്ല, ഒരു വൃക്കമാത്രമായിരിക്കും. എനിക്ക് ഗർഭപാത്രം ഇല്ല. ഇത് ഒരു അസാധാരണ സംഭവമായി എനിക്കു തോന്നിയിരുന്നില്ല. ഞാൻ ആര് എന്നതിൽ  ജനങ്ങൾക്ക് വ്യത്യസ്തമായ അഭിപ്രായമായിരിക്കും ഉണ്ടാകുക. അവർ ഇഷ്ടമുള്ളത് പറയട്ടെ.

പലയിടങ്ങളിലും പോയി പ്രാർഥിക്കാൻ ചിലർ എന്നെ ഉപദേശിച്ചു. ഉക്കമ്പനിയാണ് എന്റെ ജന്മദേശം. ദുർമന്ത്രവാദത്താൽ കുപ്രസിദ്ധി നേടിയ സ്ഥലമാണ്. എന്റെ മുത്തശി ദുർമന്ത്രവാദം ചെയ്തതിനാലാണ് എനിക്ക് ഈ ഗതി വന്നതെന്നായിരുന്നു ഒരാൾ പറഞ്ഞത്. അക്കാലത്ത് അവർ പറയുന്നതെല്ലാം ഞാനും വിശ്വസിച്ചു. 17–ാമത്തെ വയസ്സിലാണ് എംആർകെഎച്ച് ആണ് എന്റെ ശരീരത്തിന്റെ അവസ്ഥ എന്ന് കണ്ടെത്തിയത്.

കാലിൽ നീര് വന്നതിനെ തുടർന്ന് ഞാൻ ഡോക്ടറെ കാണുകയായിരുന്നു. എന്നാണ് എനിക്ക് അവസാനമായി ആർത്തവമുണ്ടായതെന്നായിരുന്നു ഡോക്ടറുടെ ആദ്യ ചോദ്യം. ഒരിക്കല്‍ പോലും എനിക്ക് ആർത്തവം ഉണ്ടായിട്ടില്ല. അതു പറഞ്ഞപ്പോൾ അവർ സ്കാൻ ചെയ്തു. അപ്പോഴാണ് പ്രത്യുൽപാദന അവയവത്തിനു പ്രശ്നമുണ്ടെന്ന് മനസ്സിലായത്. പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തി. പക്ഷേ, അത് പരാജയപ്പെട്ടു. പിന്നീടു നടത്തിയ സ്കാനിങ്ങിലാണ് എനിക്ക് യോനിയും ഗർഭാശയവും ഇല്ലെന്ന് മനസ്സിലായത്. ആദ്യത്തെ രണ്ടുമൂന്ന് ദിവസം വിഷമം താങ്ങാനാകാതെ ഞാൻ കരഞ്ഞു. എന്നാൽ 17 വയസ്സുമാത്രം പ്രായമുള്ള എനിക്ക് പ്രധാനം പഠനമാണെന്ന് തിരിച്ചറിഞ്ഞ് സ്കൂളിൽ പോകാൻ തീരുമാനിക്കുകായിരുന്നു.

എന്റെ അവസ്ഥ അമ്മയെ വളരെ ഏറെ തളർത്തി. അവരെന്തോ തെറ്റു ചെയ്തതിനാലാണ് എനിക്ക് ഈ അവസ്ഥ വന്നതെന്ന് അമ്മ കരുതി. അത് അമ്മയെ ഏറെ ദുഃഖിതയാക്കി. എനിക്ക് ശസ്ത്രക്രിയ വേണ്ടെന്നും ഇപ്പോൾ പഠനമാണ് അനിവാര്യമെന്നും ഞാൻ ഡോക്ടറോട് ആവശ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസം നേടി  10 വർഷത്തിനു ശേഷം ഞാൻ വീണ്ടും ആശുപത്രിയിലെത്തുകയും ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയും ചെയ്തു. ആ ശസ്ത്രക്രിയ വിജയമായിരുന്നു. 

പക്ഷേ, നമ്മൾ നമ്മുടെ ശാരീരികാവസ്ഥയെ സ്വീകരിക്കാൻ ബാധ്യസ്ഥരായിരിക്കണം. പിന്നീട് ഞാൻ ഒരു പങ്കാളിയെ കണ്ടെത്താനുള്ള ശ്രമം നടത്തി. എന്റെ ശാരീരിക അവസ്ഥ പറയുമ്പോൾ ഒഴിവാക്കപ്പെടുന്നതു പതിവായിരുന്നു. 2018ൽ വീണ്ടും ഒരു ശസ്ത്രക്രിയ കൂടി നടത്തി. ലൈംഗിക ബന്ധത്തിലേർപ്പെടാൻ കഴിയുന്നതിനായിരുന്നു ആ ശസ്ത്രക്രിയ നടത്തിയത്. എന്നാൽ ഇപ്പോൾ കുഞ്ഞുങ്ങളുണ്ടാകണമെന്ന ആഗ്രഹമൊന്നും എനിക്കില്ല. ഒരു കുഞ്ഞ് വേണമെന്നു തോന്നിയാൽ ദത്തെടുക്കും.  ഒരു വിവാഹജീവിതത്തിനുള്ള തയ്യാറെടുപ്പിലാണ് ഞാൻ.കാര്യങ്ങളെല്ലാം പങ്കാളിയോട് തുറന്നു പറഞ്ഞു.എന്നെ പോലുള്ളവർ ഇപ്പോഴും  ജനിക്കുന്നുണ്ട്. അങ്ങനെയുള്ളവരുടെ ജീവിതയാത്ര  ഏറെ ക്ലേശകരമാണ്. അവരെ ചേർത്തു നിർത്താൻ സമൂഹം തയാറാകണം.’– കെന്യാൻ വ്യക്തമാക്കി. 

English Summary: MRKH Syndrome Woman Explains Her Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com