ADVERTISEMENT

ഏഴു വര്‍ഷം മുന്‍പ് ഒരു രാത്രിയില്‍, സുഹൃത്തിനൊപ്പം ഏറെ സന്തോഷിച്ച് സിനിമ കണ്ടിറങ്ങിയ ആ പെണ്‍കുട്ടി മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഒരു സംഘം പിശാചുക്കളുടെ പിടിയില്‍ അകപ്പെട്ട ആ ബസ് യാത്രയുടെ റൂട്ടില്‍ ഒന്നു പോയിനോക്കി. കൂടെ മനോരമ ഡല്‍ഹി റിപ്പോര്‍ട്ടര്‍ ജോ ജേക്കബും ഫൊട്ടോഗ്രഫര്‍ രാഹുല്‍ ആര്‍. പട്ടവും. മുനീർകയിൽനിന്ന് നിർഭയയും സുഹൃത്തും ബസിൽ കയറിയ അതേ ബസ് സ്റ്റോപ്പിൽ ഞങ്ങൾ എത്തിയത് രാത്രി ഒൻപതു മണിയോടടുപ്പിച്ചാണ്.

ആ സ്ഥലം കുറെയേറെ മാറിയിരിക്കുന്നുന്നുവെന്ന് അവിടെ കണ്ട, ജോയുടെ പരിചയക്കാരന്‍ ഞങ്ങളോട് പറഞ്ഞു. ചുറ്റും നമ്മുടെ ചായക്കടകളെ അനുസ്മരിപ്പിക്കുന്ന ചെറുകടകൾ. അവിടെയെല്ലാം ഇപ്പോള്‍ ആള്‍ത്തിരക്കുണ്ട്. പക്ഷേ, സ്ത്രീകളെ അധികം കാണാനില്ല. വഴികളും ബസ് സ്റ്റോപ്പും വേണ്ടത്ര വെളിച്ചമില്ലാതെ ഇരുണ്ടു കിടക്കുന്നു. മുനീര്‍ക നിര്‍ഭയയ്ക്കും സുഹൃത്തിനും പരിചയമുള്ള ഇടമായിരുന്നു. അതുകൊണ്ടു തന്നെ യാതൊരു ഭയവുമില്ലാതെയാകണം ആ പെൺകുട്ടി സുഹൃത്തിനൊപ്പം ബസിൽ കയറിയത്.

കൊടിയ ക്രൂരതയുടെ രാത്രി

2012 ഡിസംബര്‍ 16. രാത്രി 10.20. സൗത്ത് ഡല്‍ഹിയിലെ സാകേതിലുള്ള സിലക്ട് സിറ്റി വോക്ക് മാളിലെ തിയറ്ററില്‍നിന്ന് 'ലൈഫ് ഓഫ് പൈ' എന്ന സിനിമ കണ്ടിറങ്ങിയ ശേഷം നിര്‍ഭയയും സുഹൃത്തും മുനീര്‍ക്കയിലെ ബസ് സ്റ്റോപ്പില്‍ എത്തി. ആ ബസില്‍ അപ്പോള്‍ ഡ്രൈവര്‍ രാംസിങ്, സഹോദരന്‍ മുകേഷ് സിങ്, വിനയ് ശര്‍മ, പവന്‍ഗുപ്ത, അക്ഷയ് താക്കൂര്‍ എന്നിവരും പ്രായപൂര്‍ത്തിയെത്താത്ത ഒരാളുമാണ് ഉണ്ടായിരുന്നത്. മറ്റു യാത്രക്കാരില്ലാത്ത  ബസില്‍ കയറിയപ്പോള്‍ തന്നെ അവര്‍ ആ പെണ്‍കുട്ടിയില്‍ കണ്ണുവച്ചിരിക്കണം. വൈകാതെ തന്നെ അവളെ ശല്യം ചെയ്തു തുടങ്ങി.

അവര്‍ ആ പെണ്‍കുട്ടിയെയുമായി മഹിപാല്‍പുര്‍  റൂട്ടിലേക്കു തിരിഞ്ഞത് അവളെ പിച്ചിച്ചീന്താനായി മാത്രമാണ്. ആ യാത്രയിലാണ് അവര്‍ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോടു ചെയ്യരുതാത്ത ക്രൂരതകൾ അവളിലേൽപ്പിച്ചത്. അവളുടെ സുഹൃത്തിനെ ക്രൂരമായി മർദിച്ചത്. അവളുടെ അമ്മ പറഞ്ഞതു പോലെ, ധൈര്യശാലിയായ ആ പെണ്‍കുട്ടി ജീവനു വേണ്ടി പൊരുതിയിരിക്കണം. അതോടെയാകണം അവന്മാര്‍ വേട്ടപ്പട്ടിയെ പോലെ അവളെ ഇഞ്ചിഞ്ചായി മുറിവേല്‍പ്പിച്ചത്. ഒടുവിൽ പല റൂട്ടുകളില്‍ അലക്ഷ്യമായി യാത്ര ചെയ്ത ശേഷം മഹിപാല്‍പുരിനു സമീപം മടങ്ങിയെത്തി ജീവൻ ബാക്കിയായ അവളെയും സുഹൃത്തിനെയും വഴിയിൽ വലിച്ചെറിഞ്ഞ് അവര്‍ കടന്നു.

കാവലായ് മാര്‍ഷല്‍

അനധികൃതമായി സർവീസ് നടത്തിയിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസിലായിരുന്നു നിർഭയ അന്ന് ആക്രമിക്കപ്പെട്ടത്. അത്തരം ബസുകളിലെ യാത്ര അക്കാലത്ത് സാധാരണമായിരുന്നു. നിർഭയ സംഭവത്തിനു ശേഷം അത്തരം സർവീസുകൾക്ക് നിരോധനം വന്നു. ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷൻ ബസിലായിരുന്നു ഞങ്ങളുടെ യാത്ര. ഇപ്പോൾ കോർപറേഷൻ ബസുകളിൽ മാർഷൽസ് എന്ന പേരിൽ സുരക്ഷാ ജീവനക്കാരുണ്ട്. ഒരു ബസിൽ ഒരാൾ വീതമാണ് ഉണ്ടാവുക. ഇവർ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കും. സ്ത്രീകൾക്കു നേരെ ആക്രമണമുണ്ടായാൽ കൃത്യമായി ഇടപെടും. അവരുടെ നിയന്ത്രണത്തിൽ നിൽക്കില്ല കാര്യങ്ങൾ എന്നായാൽ പൊലീസിനെ വിവരമറിയിക്കും.

*

ഒടുവിൽ കിലോമീറ്ററുകൾക്ക് അപ്പുറം ഞങ്ങള്‍ ബസ് ഇറങ്ങി. ബസിൽ ഒരുപാട് സഹയാത്രികർക്കിടയിൽ, മാർഷൽ എന്ന കാവലാളിന്റെ സാന്നിധ്യത്തിൽ ഏറ്റവും സുരക്ഷിതമായി യാത്ര ചെയ്തിട്ടും കേജ്‍രിവാൾ സർക്കാർ സ്ത്രീകൾക്കു സമ്മാനിച്ച സൗജന്യ യാത്ര ആസ്വദിക്കാൻ കഴിഞ്ഞില്ല. ഒരുവളുടെ ജീവൻ വിലയായി നൽകി നേടിയെടുത്തതാണ് ഈ സ്ത്രീസുരക്ഷ എന്ന ഓർമ അപ്പോഴും പൊള്ളിച്ചുകൊണ്ടേയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com