ADVERTISEMENT

ന്യൂഡൽഹിയിലെ ആർകെ പുരത്തുള്ള രവി ദാസ് ക്യാംപ്  – നിർഭയ കേസിലെ പ്രതികളായ രാം സിങ്, മുകേഷ് സിങ്, വിനയ് ശർമ, പവൻ ഗുപ്ത എന്നിവർ ജീവിച്ച ചേരിപ്രദേശം. ശ്രീഗുരു രവിദാസ് ധർമസ്ഥാൻ ദേവാലയത്തിനു സമീപത്താണ് ഈ കോളനി. രാത്രി ഏഴരയോടെയാണ് ഞാനും മനോരമയുടെ ഡൽഹി റിപ്പോർട്ടർ ജോ ജോസഫും അവിടെ എത്തിയത്. 

രാം സിങ്-മുകേഷ് സിങ് സഹോദരന്മാരുടെ അമ്മ സ്വദേശമായ രാജസ്ഥാനിലേക്ക് മടങ്ങിയിരുന്നു. മറ്റു രണ്ടു പേരുടെയും കുടുംബാംഗങ്ങൾ ഇപ്പോഴും അവിടെയുണ്ട്. മീഡിയയോട് പലപ്പോഴും മുഖം തിരിച്ചാണ് നിൽപ്പ്. ആ സമയമായതിനാൽ അവരെ കാണാൻ ശ്രമിച്ചില്ല. അയൽവാസികൾ കേസിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നത് അവരെ അരിശം കൊള്ളിക്കും. അതുകൊണ്ട് അവരും കേസിനെ കുറിച്ച് സംസാരിക്കാൻ കൂട്ടാക്കുന്നില്ല. പക്ഷേ, അവർ തങ്ങളെ കുറിച്ച് പറയും, തങ്ങൾ പേറുന്ന അപമാനത്തെ കുറിച്ചു പറയും...

*

ഇങ്ങനെയും ജീവിതങ്ങളോ എന്ന അമ്പരപ്പുണ്ടാക്കുന്ന ഇരുണ്ട ജീവിതങ്ങളാണ് ചുറ്റിലും. വാതില്‍പാളികളില്ലാത്ത ഒറ്റമുറി വീടുകളിൽ പകരം തൂക്കിയിട്ടിരിക്കുന്ന സാരിക്കഷ്ണം കാറ്റിൽ പാറുമ്പോൾ ഉള്ളിലെ കാഴ്ചകൾ ദൃശ്യമാകുന്നു. ഇരിപ്പും വയ്പും കഴിപ്പും കിടപ്പും എല്ലാം നടക്കുന്നത് ഇടുങ്ങിയ ആ നാലുചുവരിനുള്ളിൽ തന്നെ. പലകൈ മറിഞ്ഞ് ഇപ്പോഴത്തെ ഉടമയുടെ പക്കലെത്തിയതെന്നു തിരിച്ചറിയാൻ തക്ക പഴക്കമുള്ള ഇരുചക്രവാഹനങ്ങളും ടിവിയും മാത്രമാണ് മിക്കവാറും വീടുകളിലെ ആർഭാടങ്ങൾ. ജീവിതസൗഭാഗ്യങ്ങളായി സാധാരണ മനുഷ്യൻ എണ്ണുന്ന കാര്യങ്ങളിൽ 10 % പോലും സ്വന്തമായില്ലാത്ത ഒരു ജനത. പക്ഷേ, ലോകത്തിന്റെ കണ്ണിൽ കഴിഞ്ഞ കുറെ വർഷങ്ങളായി അവർക്ക് ലഭിക്കുന്നത് അനുതാപമല്ല, നിർഭയ കൊലക്കേസ് പ്രതികളുടെ അയൽവാസികളെന്ന വെറുപ്പും പുച്ഛവുമാണ്. 

പല വീടുകളുടെയും പുറത്ത് യുവാക്കൾ കൂട്ടം കൂടിയിരുന്ന് സംസാരിക്കുന്നുണ്ട്. സ്ത്രീകൾ നിർഭയരായി ജോലി കഴിഞ്ഞു മടങ്ങുകയും കടയിലേക്കും മറ്റും പോകുകയും വരികയും ചെയ്യുന്നു. ദേവാലയത്തിന്റെ മതിലിൽ കയറി, അതിന്റെ വളപ്പിൽനിന്നു പുറത്തേക്കു പടർന്നു നിൽക്കുന്ന മരങ്ങളിൽ തൂങ്ങിയാടിക്കളിക്കുന്ന കുട്ടികളുടെ തിമിർപ്പ്. 

തങ്ങളുടേതല്ലാത്ത തെറ്റിനാൽ അരികുജീവിതം ജീവിക്കേണ്ടി വരികയും കൊടിയൊരു പാതകത്തിന്റെ കറ പേറേണ്ടി വരികയും ചെയ്യുന്ന കുറെപ്പേർ. അവർക്ക് മടുത്തിരിക്കുന്നു. പുറമേ നിന്നു വരുന്നവരോട് സംസാരിക്കാൻ പോലും അവർ താത്പര്യപ്പെടുന്നില്ല. 

ആ ദുരന്തം മറക്കാനുള്ള ശ്രമത്തിലാണവർ. ആ കറ ഇനിയും തങ്ങൾക്ക് ആവശ്യമില്ലെന്ന് അവർ പറയാതെ പറയുന്നു. നിർഭയ സംഭവത്തിനു ശേഷം ഇവിടെ പല നല്ല കാര്യങ്ങളും നടന്നിട്ടുണ്ട്. പല യുവാക്കളും പഠിച്ചു നല്ല മാർക്ക് വാങ്ങി പരീക്ഷകൾ ജയിച്ചു. പക്ഷേ, ജോലിക്കായി ചെല്ലുമ്പോൾ രവിദാസ് ക്യാംപ് എന്ന മേൽവിലാസം പലപ്പോഴും അവർക്ക് തിരിച്ചടിയാകുന്നു. 

നിർഭയ കേസിൽ ശിക്ഷ നടപ്പായതോടെ രാജ്യം ഈ മേൽവിലാസം മറന്നുതുടങ്ങാം. കാലം ഈ പ്രദേശത്തിന്റെ പേരിനൊപ്പം ചേർത്തുവച്ച കളങ്കം മാഞ്ഞുപോയേക്കാം. അതോടെ ഇവിടത്തെ മനുഷ്യർക്കും സാധാരണ ജീവിതം സാധ്യമാകും. അതേ... കറകൾ മായാനുള്ളതു തന്നെ

English Summary:Nirbhaya Case Convicts Home Street

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com