sections
MORE

കണ്ടുപഠിക്കണം; പെണ്‍കരുത്താണ്; കൊറോണക്കാലത്ത് കയ്യടി നേടുന്ന ഭരണാധികാരികൾ

lady-pm
ജസീന്ത ആന്റേൺ (ന്യൂസിലാൻഡ് പ്രധാനമന്ത്രി), സന മരിന്‍ (ഫിൻലാൻഡ് പ്രധാനമന്ത്രി), ഏര്‍ന സോള്‍ബെര്‍ഗ് (നോർവെ പ്രധാനമന്ത്രി)
SHARE

സ്ത്രീകള്‍ പ്രധാനമന്ത്രിയോ പ്രസിഡന്‌റോ ആകുക എന്നത് ഇപ്പോഴും നമുക്ക് അതിശയകരമായ ഒന്നായിട്ടാണ് തോന്നാറുള്ളത്. അതിലൊരു മാറ്റവും വന്നിട്ടില്ല. ആ അതിശയങ്ങളിലേക്ക് പോരാടി എത്തിയവര്‍ ഇന്ന് ലോകം ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ അസാധാരണമായി അപാരധൈര്യത്തോടെ ഇനിയുള്ള കാലത്തിന് മാതൃകയെന്നോളം പ്രവര്‍ത്തിക്കുക കൂടി ചെയ്താലോ. അതാണ് ഈ മൂന്നു രാഷ്ട്രങ്ങളിലെ വനിതാ പ്രധാനമന്ത്രിമാര്‍ ചെയ്യുന്നത്. സങ്കടഘട്ടത്തില്‍ എങ്ങനെയാണ് തന്റെ ജനങ്ങളെ ഒരു രാഷ്ട്രത്തലവന്‍ ചേര്‍ത്തുനിര്‍ത്തേണ്ടതെന്ന് പ്രായോഗിക ബുദ്ധിയോടെ ഒത്തൊരുമയോടെ ഭരണം നയിക്കേണ്ടതെന്ന് പറയുകയാണ് ഇവര്‍. ഇനിയുള്ള കാലത്തിന് എന്നന്നേക്കുമായുള്ള മനുഷ്യ സ്‌നേഹത്തിന്റെ പ്രതീകങ്ങളാകുകയാണ് ഇവര്‍ മൂന്നുപേരും.

ഏര്‍ന സോള്‍ബെര്‍ഗ്

കുട്ടികള്‍ക്ക് സ്‌കൂള്‍ അവധി നല്‍കും, വീടിനു പുറത്തേക്ക് അവരെ വിടരുതെന്ന് നിര്‍ദേശം നല്‍കും എന്നല്ലാതെ ഏതെങ്കിലുമൊരു രാഷ്ട്രതലവന്‍ കുട്ടികള്‍ക്കായി ഒരു വാര്‍ത്താ സമ്മേളനം നടത്താന്‍ സമയം കണ്ടെത്തുമോ. സ്‌കൂള്‍ പൂട്ടുമ്പോള്‍ കിട്ടുന്ന സന്തോഷം വീടിനു വെളിയില്‍ വിടാതിരിക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ രോഗം വരുമെന്ന് ഇടയ്ക്കിടെയുള്ള ഓര്‍മപ്പെടുത്തലില്‍ അവര്‍ക്കു നഷ്ടമാകും. പിന്നെ നൂറു സംശയങ്ങളും നിരാശയും നിറയും കുഞ്ഞു മനസ്സുകളില്‍. ആ തിരിച്ചറിവില്‍ നിന്നാണ് ഇങ്ങനെയൊരു പ്രസ് കോണ്‍ഫറന്‍സ് ഉടലെടുക്കുന്നത്. നോര്‍വെ പ്രധാനമന്ത്രിയായ എര്‍ന സോല്‍ബര്‍ഗ്.

കൊറോണ വൈറസിനെ കുറിച്ച് മുതിര്‍ന്നവര്‍ക്ക് എന്നപോലെ കുഞ്ഞുങ്ങള്‍ക്കും കാണും ആശങ്കകള്‍. ആ തിരിച്ചറിവില്‍ നിന്നാണ് ഈ വാര്‍ത്താ സമ്മേളനം, അവരുടെ ഓഫിസ് വ്യക്തമാക്കി. കുട്ടികളുടെ സംശയങ്ങള്‍ ഒരുപക്ഷേ മുതിര്‍ന്നവര്‍ക്ക് ഈ ഘട്ടത്തില്‍ അത്ര ഗൗരവമായി തോന്നില്ല. പക്ഷേ അവരെ സംബന്ധിച്ച് അത് വലുതാണ്. അതാണ്് പ്രധാനമന്ത്രി തിരിച്ചറിഞ്ഞത്. പിറന്നാള്‍ എങ്ങനെ ആഘോഷിക്കും, വീട്ടിലിരുന്ന് എന്ത് ചെയ്യണം, രോഗം എങ്ങനെയൊക്കെ വരാം, മുത്തച്ഛന്റെ വീട് സന്ദര്‍ശിക്കാനോ, ഷോപ്പിങിന് പൊയ്‌ക്കോട്ടെ തുടങ്ങി നൂറു സംശയങ്ങള്‍ക്കാണ് പ്രധാനമന്ത്രി ഉത്തരം നല്‍കിയത്.

ജസീന്ത ആര്‍ഡേണ്‍

നമുക്ക് സുപരിചിതയായ നേതാവാണ് ജസീന്ത. ന്യൂസിലന്‍ഡ് ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണത്തെ നേരിട്ടപ്പോള്‍ ജനത വിറങ്ങലിച്ചു നിന്നപ്പോള്‍ ആ സാഹചര്യത്തെ അവര്‍ നേരിട്ട രീതിയും അവിടത്തെ ജനതയെ ചേര്‍ത്തുനിര്‍ത്തിയ മനസ്സും ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതാണ്. ഇപ്പോഴും അവര്‍ അതേ മാനുഷിക മൂല്യത്തോടെയാണ് പ്രതികരിക്കുന്നത്. ധൈര്യശാലികളായിരിക്കൂ, കനിവോടെ പെരുമാറൂ എല്ലാം ശരിയാകും എന്നാണ് അവര്‍ തന്റെ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. അതോടൊപ്പം 12 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചു. പ്രഖ്യാപനം നടത്തുന്നതോടൊപ്പം വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പറയുക മാത്രമല്ല, കുറച്ചു നാള്‍ എടുത്താലും നമ്മള്‍ അതില്‍ നിന്നു കരകയറും എന്ന ഉറപ്പും നല്‍കി അവര്‍ തന്റെ ജനതയെ ആത്മവിശ്വാസത്തിലേക്കു കൈപിടിച്ചു. ശാരീരികമായി മാത്രമല്ല സാമ്പത്തികമായും മനുഷ്യനെ തളര്‍ത്തിയ കോവഡില്‍ നിന്ന് അവരെ കൈപിടിച്ചു കയറ്റാന്‍ യുക്തിപരമായ തീരുമാനമായിരുന്നു അത്. അതോടൊപ്പം നോര്‍വെ പ്രധാനമന്ത്രിയുടെ പാത പിന്തുടര്‍ന്ന് കുട്ടികള്‍ക്കായി പ്രസ് കോണ്‍ഫറന്‍സും അവര്‍ നടത്തി.

സന മരിന്‍

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ സന കോവിഡിനെ നേരിടാന്‍ വേണ്ടി ഏറ്റവും കുറഞ്ഞ സമയത്തില്‍ എടുത്ത ശക്തമായ തീരുമാനങ്ങളിലൂടെയാണ് ലോകശ്രദ്ധ നേടിയത്. ഫിന്‍ലന്‍ഡ് ആണ് സനയുടെ രാഷ്ട്രം. റഷ്യ, സ്വീഡന്‍, നോര്‍വെ എന്നീ രാജ്യങ്ങളുമായുള്ള അതിര്‍ത്തി അടച്ചു പൂട്ടിയ ഫിന്‍ലന്‍ഡ് ചരക്കു ഗതാഗതം തടസ്സപ്പെടുത്തിയില്ല. രാജ്യത്ത് കരുതലായി വച്ച മരുന്നും മറ്റ് മെഡിക്കല്‍ സൗകര്യങ്ങളും എത്രയും വേഗം തിട്ടപ്പെടുത്തി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കാന്‍ കൃത്യമായി ഇടപെട്ടു അവര്‍.

ലോകം എപ്പോഴൊക്കെ ഒരു പ്രതിസന്ധിയില്‍ അകപ്പെട്ടിട്ടുണ്ടോ അന്നേരമെല്ലാം ചില മനുഷ്യര്‍ അസാധാരണമായി ഉയര്‍ന്നു വരും. ആ കാലത്തിലെ സങ്കടങ്ങളില്‍ നിന്ന് അപാരമായ നിരാശയില്‍ നിന്ന് നാളെയെ പ്രതീക്ഷയോടെ നോക്കാന്‍ പ്രേരിപ്പിച്ച്, ഒറ്റയ്ക്കല്ല ഈ ലോകം മുഴുവന്‍ ഒപ്പമുണ്ടെന്നു പറഞ്ഞു തരുന്ന മനുഷ്യര്‍. ചൈനയിലെ വുഹാനിലെ ഒരിടത്തു നിന്ന് ഉടലെടുത്തൊരു മഹാമാരി പതിയെ പതിയെ ലോകത്തിലേക്കു മുഴുവന്‍ പടര്‍ന്നുകയറുമ്പോള്‍ അതിനെതിരെ ലോകം തീവ്രമായി പച്ചമനുഷ്യരായി പ്രതികരിക്കുമ്പോഴും ആ വേഷങ്ങളിലേക്കു കയറിക്കൂടിയ കുറേ മനുഷ്യര്‍. അവരില്‍ മൂന്നു പേര്‍ ഈ മൂന്നു രാഷ്ട്രങ്ങളുടെ തലൈവിമാരാണെന്നു നിസംശയം പറയാം.

English Summary: How female Prime Ministers are leading in this time of crisis
 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
FROM ONMANORAMA