ADVERTISEMENT

കോവിഡ്–19 ടെസ്റ്റില്‍ പോസിറ്റീവ് കണ്ടെത്തിയതിനെ തുടർന്ന് ഇറ്റാലിയൻ നഴ്സ് ജീവനൊടുക്കി. കൊറോണ വൈറസ് ബാധിതരെ പരിചരിച്ചിരുന്ന നഴ്സ് ഡാനിയേല ട്രസി (34) ആണ് ആത്മഹത്യ ചെയ്തത്. താൻ കാരണം മറ്റുള്ളവരിലേക്ക് രോഗം പകരുമോ എന്ന് ഡാനിയേല ഭയന്നിരുന്നതായി അടുത്തവൃത്തങ്ങൾ അറിയിച്ചു. ഈ ഭയംമൂലമാകാം ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. 

ലൊംബാർഡിയിലെ സാൻ ജെറാർഡോ ആശുപത്രിയിലെ നഴ്സാണ് ഡാനിയേല ട്രസി. വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച ഇറ്റലിയിലെ  പ്രദേശങ്ങളിലൊന്നാണ് ഇവിടം. കോവിഡ്–19 രോഗികളെ ചികിത്സിച്ചിരുന്ന ഐസിയുവിലായിരുന്നു ഡാനിയേല സേവനം അനുഷ്ഠിച്ചിരുന്നത്. കോവിഡ്–19 സ്ഥിരീകരിച്ചതോടെ ഡാനിയേലയും ഐസിയുവിൽ ആയിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ഡാനിയേല കടുത്ത മാനസീക സമ്മർദം അനുഭവിച്ചിരുന്നതായി അടുത്തവൃത്തങ്ങൾ അറിയിച്ചു.  

‘വളരെ ഇഷ്ടത്തോടെയാണ് ഞങ്ങൾ ഈ ജോലി തിരഞ്ഞെടുക്കുന്നത്. നിർഭാഗ്യമെന്നു പറയട്ടെ ചിലപ്പോഴൊക്കെ ഈ ജോലി അതികഠിനമാണ്. കാരണം ഞങ്ങൾ നഴ്സുമാരാണ്. ഞങ്ങളുടെ ശാരീക അവസ്ഥയും മാനസീക സമ്മർദവും ഉത്തരവാദിത്തപ്പെട്ടവർ കണ്ടില്ലെന്നു നടിക്കരുത്. കാരണം ഞങ്ങളും മനുഷ്യരാണ്. ഡാനിയേലയുടെ അവസ്ഥയിൽ വളരെ വേദന തോന്നുന്നു.’– നഴ്സുമാരുടെ സംഘടന പ്രതികരിച്ചു. 

സമാനകാരണങ്ങളാൽ ഒരാഴ്ച മുൻപ് വെനീസിലെ ഒരു നഴ്സും ആത്മഹത്യ ചെയ്തിരുന്നു. മാർച്ച് 10നു മുൻപും അവർക്ക് അസുഖമുണ്ടായിരുന്നു. എന്നാൽ ഡാനിയേല  നിരീക്ഷണത്തിലായിരുന്നില്ല എന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇറ്റാലിയൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്കു പ്രകാരം 5,760 ആരോഗ്യപ്രവർത്തകർക്ക് കൊറോണ വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.  

English Summary: Italian nurse allegedly commits suicide after positive coronavirus test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com