ADVERTISEMENT

പലപ്പോഴും നമ്മളിൽ പലരും ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ടാകും. ആവശ്യത്തിൽ കൂടുതൽ വണ്ണംവയ്ക്കുകയോ മെലിയുകയോ ചെയ്യുന്നവരാണ് മിക്കവാറും ബോഡി ഷെയ്മിങ്ങിന് ഇരയാകുന്നത്. സ്ത്രീകളാണെങ്കിലും മറ്റുപലരീതികളിലുള്ള ബോഡി ഷെയ്മിങ്ങിന് ഇരകളാകാറുണ്ട്. അത്തരത്തിൽ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച് തുറന്നു പറയുകയാണ് ഒരു യുവതി. ‘ഹ്യൂമൻസ് ഓഫ് ബോംബെ’യിൽ എഴുതിയ കുറിപ്പിലാണ് യുവതി തനിക്കുണ്ടായ വേദനാജനകമായ അനുഭവം പങ്കുവച്ചത്. 

യുവതിയുടെ കുറിപ്പിന്റെ സംക്ഷിപ്തരൂപം

അന്ന് ഞാൻ പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന കാലമായിരുന്നു. ട്യൂഷൻ കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു എന്നെ വേദനിപ്പിച്ച ആ സംഭവം. നിര്‍ഭയ കേസ് രാജ്യത്തെയാകെ ഞെട്ടിച്ച സമയമായിരുന്നു അത്. എല്ലാവരെയും പോലെ എന്റെ മാതാപിതാക്കൾക്കും ഞാൻ തിരികെ വീട്ടിലെത്തുന്നതു വരെ ഭയമാണ്. എനിക്കൊപ്പം എന്റെ ഒരു സുഹൃത്തും ഉണ്ടായിരുന്നു.വീട്ടിലെത്തുന്നതിനു മുൻപ് എന്തെങ്കിലും ഭക്ഷണം കഴിക്കാമെന്ന് കരുതി. ആ സമയത്ത് സംസാരിച്ചിരുന്നപ്പോൾ എന്റെ ആശങ്ക ഞാൻ അവനുമായി പങ്കുവച്ചു. എന്നാല്‍, പരിഹാസ രൂപേണയുള്ള അവന്റെ മറുപടി ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ട്. അവൻ പറഞ്ഞു. ‘ നീ പേടിക്കണ്ട, ആരും നിന്നെ ബലാത്സംഗം ചെയ്യില്ല. കാരണം, നിന്റെ വസ്ത്രം അഴിച്ചു മാറ്റുന്നതുവരെ നീ ഒരു സ്ത്രീയാണെന്ന് അവർക്ക് തോന്നില്ല.’

അവന്റെ മറുപടി കേട്ട് ഞാൻ സ്തബ്ധയായി. എത്രയും പെട്ടന്ന് അവിടെ നിന്ന് ഓടി രക്ഷപ്പെടണമെന്നാണു തോന്നിയത്. പിന്നീട്, ഒന്നും പറയാൻ നിൽക്കാതെ ഞാൻ അടുത്ത മെട്രോ സ്റ്റേഷനിലേക്ക് കുതിച്ചു. അവന്റെ ആ വാചകങ്ങൾ എന്നെ മുറിവേല്‍പ്പിച്ചു. എന്റെ നെഞ്ചിലേക്കു നോക്കിയപ്പോൾ എനിക്കു തന്നെ ലജ്ജ  തോന്നി. അവന്റെ ആ പദപ്രയോഗം അക്കാലത്ത് എന്നെ സാരമായി ബാധിച്ചു. ആത്മവിശ്വാസം തകർത്തു. 

എന്റെ അളവിനേക്കാൾ വലിയ ബ്രാ ഞാൻ അക്കാലത്ത് ധരിച്ചു. മാറിടത്തിന്റെ വലിപ്പം കൂട്ടാനുള്ള പല വിഡ്ഢിത്തങ്ങളും ഞാൻ കാണിച്ചു. ഇപ്പോൾ ഓർക്കുമ്പോൾ എത്രത്തോളം വിഡ്ഢിത്തമായിരുന്നു അതെല്ലാം  എന്ന് ഞാൻ  തിരിച്ചറിയുന്നു. പക്ഷേ, ആ പ്രായത്തിലുള്ള  പെൺകുട്ടിയെ സംബന്ധിച്ച് എങ്ങനെയാണണ് ഇങ്ങനെയൊരു ആക്ഷേപമുണ്ടായാൽ നേരിടേണ്ടതെന്ന് അറിയില്ല. 

എന്നാൽ, കോളജ് ജീവിതം എന്റെ കാഴ്ചപ്പാടിനെ ആകെ മാറ്റി. അങ്ങനെ എന്റെ രൂപത്തിൽ തന്നെ ഒരു മാറ്റം വരുത്താൻ ഞാൻ തീരുമാനിച്ചു. ഞാന്‍ എന്ന വ്യക്തി എന്താണോ അതായി തന്നെ ജീവിക്കാന്‍ തീരുമാനിച്ചു. മാറ്റത്തിന്റെ ആദ്യപടിയായി ഞാൻ മുടിമുറിച്ചു. വലിയ മാറിടവും നീണ്ട മുടിയുമാണ് സ്ത്രീ സൗന്ദര്യമെന്നായിരുന്നു കാലങ്ങളോളം എന്റെ മൂഢസങ്കൽപം. തുടക്കത്തിൽ അൽപം ബുദ്ധിമുട്ട് അനുഭവപ്പെട്ടെങ്കിലും വളരെ പെട്ടന്നു തന്നെ എന്റെ പുതിയ രൂപവുമായി ഞാൻ പൊരുത്തപ്പെട്ടു. 

ചിലപ്പോഴൊക്കെ മെട്രോസ്റ്റേഷനിലെ കാവല്‍ക്കാര്‍ വരെ എന്നെ പിന്തുടർന്നു. ഞാൻ ഒരു ആണാണെന്നും സ്ത്രീകളുടെ കോച്ചിൽ അതിക്രമിച്ച് കയറാൻ ശ്രമിക്കുകയാണെന്നും കരുതിയായിരുന്നു പിന്തുടർന്നത്. ബസിലൊക്കെ യാത്ര ചെയ്യമ്പോൾ ചിലർ എന്നോടു പറയുമായിരുന്നു. ‘സഹോദരാ, അൽപം നീങ്ങിയിരിക്കൂ.’ പക്ഷേ, അപ്രതീക്ഷിതമായ ആ വിലയിരുത്തലുകളെ എല്ലാം ഞാൻ തരണം ചെയ്തു. 

നമ്മുടെ ജീവിതത്തെ പറ്റി അഭിപ്രായ പ്രകടനം നടത്താനുള്ള അവകാശം നമുക്കു മാത്രമാണ്. പക്ഷേ, ഒരു സമൂഹത്തിൽ ചിലപ്പോഴൊക്കെ ഇത്തരം ദുരനുഭവങ്ങളുണ്ടാകാറുണ്ട്. എന്നാൽ, മോശം അഭിപ്രായ പ്രകടനങ്ങൾ ആലോചിച്ച് വേദനിച്ച ചെറുപ്പത്തിലെ ആ ദിനങ്ങളെ കുറിച്ചോർക്കുമ്പോൾ എനിക്ക് നഷ്ടബോധം തോന്നാറുണ്ട്. സ്വയം വെറുത്തു പോയ ദിവസങ്ങളായിരുന്നു അത്. നമ്മുടെ ശരീരത്തെ കുറിച്ച് മറ്റുള്ളവർ പറയുന്നതോർത്ത് ജീവിതത്തിലെ നല്ലസമയങ്ങൾ പാഴാക്കരുതെന്നാണ് എനിക്കു നിങ്ങളോട് അഭ്യർഥിക്കാനുള്ളത്.പക്ഷേ, ഇന്ന് ഞാൻ മറ്റുള്ളവരെക്കാൾ കൂടുതൽ എന്നെ സ്നേഹിക്കുന്നു. ഒരു അപരിചിതനുമായി നിങ്ങൾക്ക് എളുപ്പത്തിൽ പ്രണയത്തിലാകാൻ സാധിക്കും. എന്നാൽ സ്വയം പ്രണയം തോന്നണമെങ്കിൽ ചിലപ്പോൾ ഒരു ജീവിതകാലം മുഴുവൻ വേണ്ടി വരും.   

English Summary: Life Story Of A Woman Body Shaming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com