ADVERTISEMENT

വീട്ടില്‍തന്നെയിരിക്കാനാണ് എല്ലാ രാജ്യങ്ങളും ജനങ്ങളോട് അഭ്യര്‍ഥിക്കുന്നത്. പുറത്തിറങ്ങരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും. എന്നാല്‍ ഇതിന്റെ മറവില്‍ ചില സ്ത്രീകളെങ്കിലും വീട്ടകങ്ങളില്‍ ക്രൂരവും നിരന്തരവുമായ പീഡനങ്ങള്‍ക്ക് വിധേയമാകുന്നു. ലോകത്തെ കൂടുതല്‍ നഗരങ്ങള്‍ ലോക്ഡൗണിലേക്ക് നീങ്ങുമ്പോള്‍ മുറികളിലും വീടുകളിലും പൈശാചിക മനസ്സുള്ളവരോടൊപ്പം കൂടുതല്‍ നേരം കഴിയേണ്ടിവരുന്ന സ്ത്രീകളെക്കുറിച്ചുള്ള ആശങ്കയും വര്‍ധിക്കുകയാണ്. ലോക്ഡൗണിന്റെയും സാമൂഹിക അകലത്തിന്റെയും മറവില്‍ ഗാര്‍ഹിക അതിക്രമവും വര്‍ധിക്കുന്നതായാണ് പല രാജ്യങ്ങളില്‍നിന്നുമെത്തുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 

ഗാര്‍ഹിക അതിക്രമം ഇപ്പോള്‍ ലോകത്തെ വലിയൊരു പ്രശ്നമാണ്. മൂന്നു സ്ത്രീകളെ എടുത്താല്‍ ഒരാള്‍ എന്ന കണക്കില്‍ സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തിന് വിധേയമാകുന്നു എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ശാരീരികവും മാനസികവുമായ പീഡനം ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ രാജ്യങ്ങളിലേക്കും ഗാര്‍ഹിക അക്രമം വ്യാപിക്കുകയാണെങ്കിലും പലപ്പോഴും ഇവ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്ന ദുഃഖസത്യവുമുണ്ട്. ലോക്‌ഡൗണ്‍ കര്‍ശനമാകുന്നതനുസരിച്ച് സ്ത്രീകളുടെ ശരീരങ്ങള്‍ യുദ്ധക്കളമായി മാറുകയാണത്രേ. 

കോവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈനയില്‍നിന്നാണ് അടുത്തകാലത്തായി ഏറ്റവും കൂടുതല്‍ ഗാര്‍ഹിക അക്രമ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രാദേശിക പൊലീസ് സ്റ്റേഷനുകളില്‍ സ്ത്രീകളുടെ പരാതികള്‍ മൂന്നിരട്ടിയായി വര്‍ധിച്ചിരിക്കുന്നു. മുന്‍ മാസങ്ങളേക്കാളും കൂടുതല്‍ പരാതികള്‍ ഫെബ്രുവരിയില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടതായും അധികാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരി മാസം ഉണ്ടായ 90 ശതമാനം അതിക്രമങ്ങളും കോവിഡിനെതുടര്‍ന്നുണ്ടായ ലോക്ഡൗണിന്റെ പേരിലാണെന്ന് ചൈനയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ഒരു ഇംഗ്ലിഷ് മാസികയുടെ എഡിറ്റര്‍ പറയുന്നു. കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്ന യുഎസിലും സ്ഥിതി വ്യത്യസ്തമല്ല. ഓറിഗോണിലെ പോര്‍ട്‍ലാന്‍ഡില്‍ ഹെല്‍പ് ലൈന്‍ നമ്പരുകളിലേക്ക് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇരട്ടിയലധികം കോളുകളാണത്രേ വന്നത്. ചില അക്രമികള്‍ ഭാര്യമാര്‍ ഉള്‍പ്പെടെയുള്ളവരെ മുറികളില്‍നിന്നു തെരുവിലേക്ക് വലിച്ചെറിയാന്‍ വരെ ശ്രമിച്ചത്രേ.

യുകെയിലും സ്ഥിതി വ്യത്യസ്തമല്ല. ഓരോ ആഴ്ചയിലും രണ്ടു സ്ത്രീകള്‍ വരെ കൊല്ലപ്പെട്ടുന്ന സ്ഥിതിയാണ് അവിടെ. പങ്കാളിയോ അടുത്ത സുഹൃത്തോ ആയിരിക്കും പലപ്പോഴും അക്രമി. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഇടപെട്ടില്ലെങ്കില്‍ കൂടുതല്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്നും സ്ത്രീ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും വീട്ടില്‍ നിന്ന് അപ്രതീക്ഷിതമായ ശബ്ദമോ കരച്ചിലോ കേള്‍ക്കുകയാണെങ്കില്‍ അയല്‍പക്കക്കാര്‍ ശ്രദ്ധിക്കണമെന്ന് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രശ്നം എത്രയും പെട്ടെന്ന് അധികാരികളുടെ ശ്രദ്ധയില്‍പെടുത്തണമെന്നും. വീടുകളില്‍ സാമൂഹിക അകലം പാലിച്ച് ഇരിക്കണമെന്നാല്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടണം എന്നല്ല അര്‍ഥമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാവരും ഒരുമിച്ചാണ്. ആരും ഒറ്റപ്പെട്ടവരല്ല. ഈ രോഗത്തിന്റെ മറവില്‍ സ്ത്രീകള്‍ ക്രൂരത അനുഭവിക്കാനും പാടില്ല -സ്ത്രീ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

English Summary: For some people, social distancing means being trapped indoors with an abuser

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com