ADVERTISEMENT

കോവിഡ് മഹാമാരിയെ ചെറുക്കാനായി ലോകമെങ്ങുമുള്ള സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹോം ക്വാറന്റീനെ കുറിച്ചാണ് ചര്‍ച്ചയെല്ലാം. രോഗമെങ്ങും പടരുകയാണെന്ന ആശങ്കയ്ക്കിടയിലാണ് ജീവിതവും ജോലിയുമെല്ലാം പതിവ് താളത്തില്‍ മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നത്. ആ ആശങ്ക അപകടമായി മാറാതിരിക്കാന്‍ 21 ദിവസം അടച്ചിടല്‍ അഥവാ നിര്‍ബന്ധിത വീട്ടിലിരിപ്പു സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ നമ്മളെല്ലാം സന്തോഷിച്ചു. കുറച്ചു ദിവസം നേരത്തെ ഉണരണ്ട, വീട്ടിലിരുന്ന് പണി ചെയ്യാം സിനിമ കാണാം പാട്ടു കേള്‍ക്കാം ചെടി നടാം അങ്ങനെ പല ഐഡിയയും മനസ്സിലേക്കു വന്നു. എന്നാല്‍ ദിവസം രണ്ടു കഴിഞ്ഞില്ല നമ്മളില്‍ പലര്‍ക്കും മുഷിച്ചില്‍ തുടങ്ങി. ആ ബോറടിയില്‍ ചിലര്‍ ദേ ട്രോളുകള്‍ ഇറക്കുന്നു, ചിലര്‍ വീട്ടിനുള്ളില്‍ ദേഷ്യപ്പെട്ടിരിക്കുന്നു, മറ്റു ചിലര്‍ ഉറങ്ങിക്കൊണ്ടേയിരിക്കുന്നു. എന്തായാലും ഈ സമനയത്തിനിടിയില്‍ എപ്പോഴെങ്കിലും നമ്മള്‍ മനസ്സുകൊണ്ടെങ്കിലും പറഞ്ഞുകാണില്ലേ...എങ്ങനെയാണ് എന്നുമിങ്ങിനെ വീട്ടിലിരിക്കുക, അങ്ങനെ ഇരിക്കേണ്ടി വരുന്നവരുടെ അവസ്ഥയെന്തെന്ന്. ക്വാറന്‌റീന്‍ ആഘോഷിച്ചാലും മുഷിഞ്ഞിരുന്നാലും നമ്മള്‍ ഓര്‍ക്കേണ്ട കാര്യങ്ങളിലൊന്നാണ് ആ മനുഷ്യരെ കുറിച്ച്. അക്കൂട്ടത്തിലൊരാളാണ് ഈ ദിനങ്ങളെ സുഖമായിട്ടിരിക്കുകയാണെങ്കിലും അസുഖത്തിലാണെങ്കിലും എങ്ങനെ പോസിറ്റീവ് ആയി മാറ്റണം എന്നു പറഞ്ഞു തരുന്നത്. ‘ബ്രിട്ടില്‍ ബോണ്‍ ഡിസീസ്’ അഥവാ എല്ലുപൊടിയുന്ന രോഗമാണ് ധന്യ രവിക്ക്. ധന്യയുടെ ചിരിയും വാക്കുകളും നമ്മളില്‍ പലര്‍ക്കും പരിചിതമാണ്. 

വര്‍ഷങ്ങളായി നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിയുന്ന മനുഷ്യരുണ്ട്. മറ്റുള്ളവരെ ആശ്രയിച്ചും സ്വന്തം മനഃശക്തിയുടെ ബലത്തില്‍ മാത്രം മുന്നോട്ടു പോകുന്ന കുറെ മനുഷ്യര്‍. അവര്‍ക്ക് ഇതൊന്നും പുത്തരിയല്ല. എനിക്കും അങ്ങനെ തന്നെ. ഇപ്പോള്‍ ലോകത്തിന്റെ പല ഭാഗത്തേക്ക് പോകാന്‍ എനിക്കു കഴിയുന്നുവെങ്കിലും ആശുപത്രിയും വേദനയും ആയി കഴിഞ്ഞൊരു കാലം ഉണ്ടായിരുന്നു. അതുകൊണ്ടാകണം ഹോം ക്വാറന്‌റീന്‍ ബോര്‍ ആണെന്നു പറയുന്ന അതില്‍ സങ്കടപ്പെടുന്ന മനുഷ്യരോടു സംസാരിക്കണം എന്നു തോന്നിയത്. കഴിഞ്ഞ ദിവസം ഞാന്‍ ഒരു വീഡിയോ കണ്ടിരുന്നു. ഒരു ആര്‍ജെ പോസ്റ്റ് ചെയ്ത വീഡിയോ. ഭിന്നശേഷിക്കാരനായ കുട്ടിയുടെ അമ്മയുടേതായിരുന്നു അത്. ആ മകന് നല്‍കേണ്ട പരിചരണം, ഈ സമയങ്ങളില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ട് അങ്ങനെ പലതും. അങ്ങനെയുള്ള ഒരുപാട് അമ്മയും മക്കളുമുണ്ട്. ജനിച്ച അന്നു മുതല്‍ വീട്ടിനുള്ളിലാണ് മക്കളും അവരെ പരിചരിക്കാനായി അമ്മമാരും. ഇന്നുവരെ ഒന്നെഴുന്നേറ്റ് ഇരിക്കാത്തവര്‍ പോലുമുണ്ട് അക്കൂട്ടത്തില്‍. ജീവിതകാലം മുഴുവന്‍ ഒരു രോഗാവസ്ഥയോട് പൊരുതുകയാണ് ആ മനുഷ്യര്‍. അതിനിടയിലും അവര്‍ സന്തോഷം കണ്ടെത്തുന്നു. പക്ഷേ നിങ്ങള്‍ക്കാണെങ്കിലോ ആകെ ഇരുപത്തിയൊന്നു ദിവസം മാത്രം, അതും വെറുതെ വീട്ടിലിരുന്നാലും മതി. വേദനകളില്ല, നാളെയെ ശാരീരിക അവസ്ഥമൂലം എങ്ങനെ അതിജീവിക്കും എന്ന പ്രതിസന്ധിയുമില്ല. 

dhanya-2

എന്നെ സംബന്ധിച്ച് ജനിച്ച അന്നുമുതല്‍  കുറേ വര്‍ഷം വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിഞ്ഞിരുന്ന ഒരാളാണ്. ഇപ്പോഴും നിത്യേന പുറത്തിറങ്ങാറില്ല. അങ്ങനെ പോകേണ്ടി വന്നാലും എനിക്കു ചുറ്റുമുള്ള മനുഷ്യരെ ആശ്രയിക്കണം. എങ്കിലും ജീവിതം കൂടുതല്‍ പോസിറ്റീവ് ആക്കി മുന്നോട്ടുകൊണ്ടുപോകുന്ന ഒരാളാണ് ഞാന്‍. എന്‌റെ അതേ രോഗാവസ്ഥയുള്ള പലരും അങ്ങനെയല്ല ജീവിക്കുന്നത്. ദൈവം സഹായിച്ച് എനിക്കിപ്പോള്‍ നിത്യേനെ ഒരു ചികിത്സ തേടേണ്ടതില്ല. ആശുപത്രിയില്‍ നിത്യേന പോകേണ്ടതായിട്ടുള്ള സാഹചര്യം ഇല്ല. പക്ഷേ, അങ്ങനെയുള്ള ഒരുപാട് ആള്‍ക്കാരുണ്ട് വീടിനുള്ളില്‍ നിന്ന് ആശുപത്രിയിലേക്ക് വേണ്ടി മാത്രം പുറത്തിറങ്ങുന്ന ഒരുപാട് കൂട്ടുകാര്‍ എനിക്കുണ്ട്. അതുകൊണ്ട് പറയാനുള്ളത് ഇതാണ്. സര്‍ക്കാര്‍ പറയുന്നത് അനുസരിച്ച് ഡോക്ടര്‍മാര്‍ പറയുന്ന പോലുള്ള ശുചിത്വം പാലിച്ച് ഇരുപത്തിയൊന്നു ദിവസം വീടിനുള്ളില്‍ കഴിഞ്ഞ്, പുറത്തിറങ്ങുമ്പോള്‍ രാജ്യത്തോടും സ്വന്തം ജനതയോടും അവനവനോടു തന്നെയും ഉത്തരവാദിത്വം പാലിച്ച ഉത്തമ പൗരനെന്ന അംഗീകാരമാണ് ഓരോരുത്തരേയും കാത്തിരിക്കുന്നത്. ആ അംഗീകാരത്തിനോടൊപ്പം തീര്‍ത്തും വ്യക്തിപരമായ ജീവിതത്തില്‍, ആ ഇടത്തിലേക്ക് ഒരുപാട് നല്ല നല്ല ഓര്‍മ്മകളും കൂട്ടിവയ്ക്കാന്‍ നമുക്ക് സാധിക്കണം. അത് പാട്ടു കേട്ടതിനെ കുറിച്ചുള്ളതാകാം, സിനിമകളാകാം അടുക്കളയിലെ പരീക്ഷണമാകാം വീട്ടില്‍ നട്ടൊരു കുഞ്ഞു ചെടിയെ കുറിച്ചാകാം അല്ലെങ്കില്‍ തിരക്കിനിടയില്‍ നടക്കാന്‍ മറന്നുപോയ വഴികളെ കുറിച്ചോ അല്ലെങ്കില്‍ പിന്നെ വായിക്കാന്‍ വച്ച പുസ്തകങ്ങളിലേക്കൊരു തിരിച്ചുപോക്ക് ആയിരിക്കാം അല്ലെങ്കില്‍ സ്വന്തം വീട്ടിലുള്ളവരോട് ചായയൊക്കെ കുടിച്ച് വെറുതെ വര്‍ത്തമാനം പറഞ്ഞിരുന്നൊരു കാലമായിരിക്കാം. നിങ്ങളുടെ ഈ ഇടവേള ആഗ്രഹിക്കുന്ന ഒരുപാട് ആളുകള്‍ നിങ്ങള്‍ക്കു ചുറ്റുമുണ്ടായിരിക്കാം. അവര്‍ക്കു മുന്‍പില്‍ മടിപിടിച്ചിരിക്കാതെ മുഷിഞ്ഞിരിക്കാതെ സന്തോഷത്തോടെ പോസിറ്റിവ് ആയിട്ടിരിക്കൂ. കാരണം നിങ്ങളെല്ലാവരും ഞങ്ങളെ പോലെ വീല്‍ചെയറില്‍ ജീവിക്കുന്നവരോ വേദനങ്ങള്‍ക്കുള്ളില്‍ കഴിയുന്നവരോ അല്ല. നിങ്ങള്‍ക്ക് ചുറ്റുമുള്ള മനുഷ്യര്‍ക്കും അതുകണ്ട് സങ്കടപ്പെടേണ്ട സാഹചര്യമുള്ളവരുമല്ല. 

അതുകൊണ്ട്  ഈ ദിനങ്ങളെ പതിവു പോലെ ഉത്സാഹത്തോടെ ആകാംക്ഷയോടെ സമീപിക്കൂ. നമ്മള്‍ റിലാക്‌സ്ഡ് ആയി അതേസമയം ഉത്തരവാദിത്ത ബോധത്തോടെ ഇരിക്കുന്ന ഈ ദിവസങ്ങള്‍ കുഞ്ഞ് കുഞ്ഞ് വിസ്മയങ്ങള്‍ കാത്തുവച്ചിട്ടുണ്ട് എന്നോര്‍ക്കൂ. അനുദിനം സാങ്കേതികമായി വളര്‍ന്നു കൊണ്ടിരിക്കുന്ന ലോകത്തിലാണ് നമ്മള്‍. അതിവേഗമാണ് ലോകത്തിന്. അതിനൊപ്പമാണ് ഡോക്ടര്‍, എഞ്ചിനീയര്‍, ജേണലിസ്റ്റ്, ടീച്ചര്‍, സിവില്‍ സര്‍വന്‌റ് തുടങ്ങിയ പല വേഷങ്ങള്‍ അണിഞ്ഞ് ആ തിരക്കിനൊപ്പം അതിന്‌റെ രസംപിടിച്ച് ഒരുപാട് ആഗ്രഹങ്ങളുമായി ആവേശത്തോടെ മുന്നേറുന്നവരാണ്. അതിനിടയില്‍ അപ്രതീക്ഷിതമായി വന്ന ഇടവേള, മുഷിപ്പുണ്ടാക്കുക സ്വാഭാവികമാണ്. പക്ഷേ, അന്നേരവുമുണ്ട് ഉത്തരം. അന്നന്നത്തെ ആഹാരത്തിനു വകതേടുന്ന മനുഷ്യരെ കുറിച്ചോര്‍ത്തു നോക്കൂവെന്ന്. സ്ഥിരമായൊരു ജോലിയില്ലാത്ത കിടപ്പാടമില്ലാത്ത മനുഷ്യര്‍. ഡല്‍ഹിയില്‍ നിന്നുള്ള കൂട്ടപ്പാലായനം നമ്മള്‍ കാണുന്നതല്ലേ...ധന്യ പറയുന്നു. അതുകൊണ്ട് ജീവിതത്തിലെ ഭാഗ്യങ്ങളെ കുറിച്ചോര്‍ത്ത് പോസിറ്റിവ് ആയിട്ടിരിക്കൂ. ഈ ദിനങ്ങള്‍ കഴിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോള്‍ എന്നും വീടിനുള്ളില്‍ കഴിയുന്നവരെ കുറിച്ച് ഈ ദിനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടവരെ കുറിച്ച് കുറച്ചുകൂടി വിശാലമനസ്സോടെ അലിവോടെ ചിന്തിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടേ എന്നും ആഗ്രഹിക്കുന്നു.

English Summary: Dhanya Ravi About Her Life on This Quaranteen Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com